സ്കൂളുകളിൽ സംസ്കാരവും ദേശീയതയും പഠിപ്പിക്കാൻ മന്ത്രാലയം
text_fieldsദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലെയും കിൻറർഗാർട്ടനുകളിലെയും വിദ്യാർഥികളിൽ ഖത്തർ സംസ്കാരവും ദേശീയതയും ശക്തിപ്പെടുത്തുന്നതിന് പുതിയ പദ്ധതി ആരംഭിച്ച് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 'എെൻറ മൂല്യങ്ങൾ എെൻറ സ്വത്വത്തെ അടയാളപ്പെടുത്തുന്നു' എന്ന തലക്കെട്ടിൽ 2021-2022 അധ്യയന വർഷത്തേക്കാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ദേശസ്നേഹം വളർത്തിയെടുക്കുക, രാജ്യത്തിെൻറ തത്ത്വങ്ങളും മൂല്യങ്ങളും ദേശീയ പൈതൃകവും സംരക്ഷിക്കുക, അറബി ഭാഷയുടെ പ്രാധാന്യം സംബന്ധിച്ച് സ്കൂൾ കമ്യൂണിറ്റി ഗ്രൂപ്പുകളിൽ ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഖത്തരി മൂല്യങ്ങൾ, സംസ്കാരം, പൈതൃകം എന്നിവയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളും പ്രവർത്തനങ്ങളും വർധിപ്പിക്കുക, സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ എല്ലാ ഘട്ടങ്ങളിലും മറ്റുള്ളവരെയും അവരുടെ സംസ്കാരങ്ങളെയും ആദരിക്കുക, ഖത്തരി സമൂഹത്തിെൻറ മൂല്യങ്ങളെയും പൈതൃകത്തെയും കുറിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കിടയിൽ ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഉമർ അബ്്ദുൽ അസീസ് അൽ നഅ്മ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സ്വകാര്യ സ്കൂളുകളും കിൻറർഗാർട്ടനുകളും വ്യത്യസ്തമായ പരിപാടികളും പ്രവർത്തനങ്ങളും ആവിഷ്കരിക്കണമെന്നും അൽ നഅ്മ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പുതിയ പദ്ധതി സംബന്ധിച്ച സർക്കുലർ എല്ലാ സ്കൂളുകളിലേക്കും കിൻറർഗാർട്ടനുകളിലേക്കും അയച്ചതായും വിദ്യാർഥികൾക്കിടയിൽ ദേശഭക്തി വളർത്തുക, അറബി ഭാഷയുടെ പ്രാധാന്യം ഉയർത്തുക, ഇസ്ലാമിക മൂല്യങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സ്വകാര്യ സ്കൂൾ വിഭാഗം മേധാവി റാഷിദ് അഹ്മദ് അൽ അമീരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.