തൊഴിൽ പെർമിറ്റുകൾക്ക് ഇ-സേവന പാക്കേജുമായി മന്ത്രാലയം
text_fieldsആറ് വിഭാഗം പെർമിറ്റുകൾക്കാണ് ഇ-സർവിസുകൾ അവതരിപ്പിച്ചത്
ദോഹ: തൊഴിൽ പെർമിറ്റുകൾക്ക് പുതിയ ഇ-സേവന പാക്കേജ് അവതരിപ്പിച്ച് തൊഴിൽ മന്ത്രാലയം. നടപടികൾ വേഗത്തിലാക്കുക, പ്രകടനം മെച്ചപ്പെടുത്തുക, കാര്യക്ഷമത എന്നിവയിൽ മികവ് കൈവരിക്കുന്നതിന്റെ ഭാഗമായി പേപ്പർ ഉപയോഗിക്കാതെ സേവനങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിനും പൊതുജനങ്ങൾക്ക് നൽകുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് പുതിയ ഇ-സേവന പാക്കേജ്.
തൊഴിൽ പെർമിറ്റിനായുള്ള അപേക്ഷ, പുതുക്കുന്നതിനുള്ള അപേക്ഷ, പെർമിറ്റ് റദ്ദാക്കാനുള്ള അപേക്ഷ, ലേബർ റിക്രൂട്ട്മെന്റ് അംഗീകാരം, കാലാവധി പുതുക്കൽ, ലേബർ റിക്രൂട്ട്മെന്റ് ഭേദഗതി എന്നിങ്ങനെ ആറ് വ്യത്യസ്ത അപേക്ഷകളടങ്ങുന്ന സേവന പാക്കേജാണ് മന്ത്രാലയം അവതരിപ്പിച്ചത്.
മന്ത്രാലയത്തിന് കീഴിലെ തൊഴിൽ പെർമിറ്റ് വിഭാഗത്തിന്റെ പുതിയ സേവനം സ്ഥാപനങ്ങൾക്കും കമ്പനികൾക്കും തൊഴിൽ പെർമിറ്റ് അപേക്ഷ വേഗത്തിലും കാര്യക്ഷമമായും സമർപ്പിക്കാൻ അവസരമൊരുക്കും. നിലവിൽ ഖത്തറിൽ താമസിക്കുന്ന വ്യക്തി, അവരുടെ കുടുംബങ്ങൾ, ജി.സി.സി പൗരന്മാർ, സ്ഥിര താമസ പെർമിറ്റ് ഉടമകൾ അല്ലെങ്കിൽ നിക്ഷേപകർ എന്നിവരുൾപ്പെടുന്ന വിവിധ വിഭാഗങ്ങളിൽനിന്നുള്ള തൊഴിൽ വിപണിയിലെ ഒരു ഒഴിവ് ഉറപ്പാക്കാൻ ഇത് അവരെ അനുവദിക്കുന്നു.
മന്ത്രാലയ ആസ്ഥാനം, സർക്കാർ സർവിസ് കോംപ്ലക്സുകളിലെ ഓഫിസുകൾ എന്നിവ സന്ദർശിക്കാതെ തൊഴിൽ പെർമിറ്റ് ലൈസൻസ് പുതുക്കാനുള്ള അഭ്യർഥന ഓൺലൈനായി സമർപ്പിക്കാൻ പുതിയ സേവനം കമ്പനികളെ പ്രാപ്തമാക്കും.
തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നതിന് അക്കാദമിക് യോഗ്യത, തൊഴിലുടമയുടെ താമസസ്ഥലം, പെരുമാറ്റ സാക്ഷ്യപത്രം എന്നിവക്ക് പുറമെ, മൂന്ന് മാസത്തിൽ കുറയാത്ത സാധുവായ റെസിഡൻസ് പെർമിറ്റും ഹാജരാക്കണം.
ആവശ്യമുള്ള എൻജിനീയറിങ് പ്രഫഷനുകൾ, മെഡിക്കൽ പ്രഫഷനുകൾ ലഭിക്കാൻ പ്രാക്ടീസ് ചെയ്യുന്നതിന്റെ സർട്ടിഫിക്കറ്റ്, സ്കൂളുകളുമായും കിന്റർഗാർട്ടനുകളുമായും ബന്ധപ്പെട്ടതാണെങ്കിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള അംഗീകാര കത്ത് എന്നിവയും സമർപ്പിക്കണം.
തൊഴിൽ റിക്രൂട്ട്മെന്റ് അംഗീകാര സേവനം സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിൽനിന്ന് റിക്രൂട്ട്മെന്റ് അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നൽകുന്നു.
അപേക്ഷ പഠിച്ചതിന് ശേഷം അതിൽ മന്ത്രാലയം തീരുമാനമെടുക്കുകയും അംഗീകരിക്കുന്നപക്ഷം അപേക്ഷ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയക്കുകയും ചെയ്യും.
തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് അംഗീകാരം ഓൺലൈനായിതന്നെ ഭേദഗതി ചെയ്യുന്നതിനുള്ള അവസരവും പുതിയ സേവനത്തിലുൾപ്പെടും.
പുതിയ സേവനങ്ങളും അപ്ഡേറ്റുകളും ആരംഭിക്കുന്നതിന് അനുവദിക്കുന്ന എജൈൽ എൻജിനീയറിങ് രീതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ യൂനിറ്റ് തുടങ്ങിയത് മുതൽ 80ലധികം സേവനങ്ങളാണ് മന്ത്രാലയം ഒൺലൈൻ വഴിയാക്കി ഡിജിറ്റൽവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.