മാലിന്യ സംസ്കരണത്തിൽ സ്വകാര്യ പങ്കാളിത്തവുമായി മന്ത്രാലയം
text_fieldsദോഹ: മാലിന്യ സംസ്കരണത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള നടപടികളുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. മാലിന്യ നീക്കവും സംസ്കരണവും ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിൽ സ്വകാര്യ പങ്കാളികളുടെ സാന്നിധ്യം വർധിപ്പിച്ചുകൊണ്ട് മാലിന്യ പദ്ധതികൾ കൂടുതൽ ഊർജിതമാക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വേസ്റ്റ് റീസൈക്ലിങ് ആൻഡ് ട്രീറ്റ്മെന്റ് വിഭാഗം ഡയറക്ടർ എൻജി ഹമദ് ജാസിം അൽ ബഹർ അറിയിച്ചു.
സുസ്ഥിരതാ പദ്ധതികൾക്ക് പ്രോത്സാഹനം നൽകുകയെന്ന ഖത്തർ ദേശീയ വിഷൻ 20230, മൂന്നാം ദേശീയ വികസന പദ്ധതി എന്നിവയുടെ ഭാഗമായാണ് നടപടികൾ.
വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷനുകളുടെ കരാറുകളെല്ലാം സ്വകാര്യവത്കരിക്കുമെന്ന് ഹമദ് ജാസിം അറിയിച്ചു. ഇതിനു പുറമെ, പുതിയ ലാൻഡ്ഫിൽ നിർമാണം, പഴയ ലാൻഡ്ഫില്ലുകളുടെ പുനരുദ്ധാരണം, അൽ ഖോറിലെ മാലിന്യം വേർതിരിക്കൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയവയുടെ കരാറുകളും സ്വകാര്യ മേഖലയിലേക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമാക്കുന്നതിന്റെ ഭാഗം കൂടിയാണ് കരാറുകളിൽ സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പങ്കാളിത്തം വർധിപ്പിക്കുന്നത്.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള തീരുമാനം ഖത്തറിലെ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും, രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാവുമെന്നും ഹമദ് ജാസിം അൽ ബഹർ വിശദീകരിച്ചു.
മാലിന്യ സംസ്കരണ മേഖലയിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തം വിജയകരമായ അനുഭവമാണ് നേരത്തെ നൽകിയത്. ഫിഫ ലോകകപ്പ് വേളയിൽ ഇത്തരം നടപടികളിലൂടെ മാലിന്യ നിരക്ക് പൂജ്യത്തിലെത്തിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.