നിയന്ത്രണങ്ങളുമായി മന്ത്രാലയം: ഇ–ലേലക്കാർക്ക് കടിഞ്ഞാൺ
text_fieldsദോഹ: രാജ്യത്തെ ഇ-ലേലക്കാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. ഇ-ലേലത്തിെൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, വാണിജ്യ നടപടികൾ സംഘടിപ്പിക്കുക, പണം ട്രാൻസ്ഫർ ചെയ്യുന്നത് നിരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഇ-ലേലത്തിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ മുൻകൂർ അനുമതി തേടിയിരിക്കണം. കൂടാതെ ലേലത്തിനായുള്ള അപേക്ഷക്കൊപ്പം ലേലത്തിൽ വെക്കുന്ന ഉൽപന്നങ്ങളുടെയും വസ്തുക്കളുടെയും പട്ടികയും ലേലസ്ഥലവും മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ചിരിക്കണം.
ഇ-ലേലത്തിലൂടെയുള്ള വാണിജ്യ പ്രവർത്തനങ്ങളുടെ മേൽനോട്ടം, നിയന്ത്രണം, ഉയർന്ന വിലയിൽ ഉന്നതനിലവാരത്തിലുള്ള ഉൽപന്നങ്ങൾ ലഭിക്കുന്നതിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വാണിജ്യ കുറ്റകൃത്യങ്ങളെയും തട്ടിപ്പുകളെയും പ്രതിരോധിക്കുക, മത്സരം സംരക്ഷിക്കുക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക, ലേലവുമായി ബന്ധപ്പെട്ട എല്ലാ നടപടികളിലും സമഗ്രതയും സുതാര്യതയും ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഹോട്ടൽ, പൊതു ഹാൾ, വാണിജ്യ സ്റ്റോർ, ഓഫിസ് തുടങ്ങിയ പൊതുസ്ഥലങ്ങളിലായിരിക്കണം ലേലം സംഘടിപ്പിക്കേണ്ടത്. ലേലത്തിെൻറ 24 മണിക്കൂർ മുമ്പെങ്കിലും ലേലം നടക്കാനിരിക്കുന്ന സ്ഥലം വ്യക്തമാക്കിയിരിക്കണം.
ലേലത്തിനായുള്ള അപേക്ഷ ലുസൈൽ സിറ്റിയിലെ വാണിജ്യ രജിസ്േട്രഷൻ-ലൈസൻസ് വകുപ്പിലാണ് സമർപ്പിക്കേണ്ടത്. ലേലം പൂർത്തിയാകുന്ന മുറക്ക് ലേലത്തിൽ പോയ ഉൽപന്നങ്ങളും വസ്തുക്കളും, വിൽപന നിരക്ക്, വാങ്ങിയ ആളുകളുടെ പൂർണ വിവരങ്ങൾ എന്നിവ മന്ത്രാലയത്തിൽ സമർപ്പിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ലേലത്തുക കറൻസിയായി നൽകുന്നത് വിലക്കിയ മന്ത്രാലയം, പണമിടപാടുകൾ എ.ടി.എം കാർഡുകൾ മുഖേനയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ ആയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വാണിജ്യപ്രവർത്തനങ്ങൾക്കുള്ള നിയമ നിർദേശങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാകണം ലേലം സംഘടിപ്പിക്കേണ്ടതെന്നും മന്ത്രാലയം നിർദേശം നൽകി. വാണിജ്യ രജിസ്േട്രഷൻ, ലൈസൻസ് സംബന്ധിച്ച നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മന്ത്രാലയത്തിെൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയോ 16001 എന്ന ഹോട്ട്ലൈനിലോ മന്ത്രാലയത്തെ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.