സൗരോർജത്തിലോടും മൊബൈൽ ലൈബ്രറി
text_fieldsഗവേഷണങ്ങളും, പുതുമയേറിയ പരീക്ഷണങ്ങളുടെയുമെല്ലാം ആദ്യ ഇടം സർവകലാശാലകളാണ്. അത്തരത്തിലൊരു പരീക്ഷണംകൊണ്ട് മാതൃക സൃഷ്ടിക്കുകയാണ് ഖത്തറിന്റെ പഠനകേന്ദ്രമായ സർവകലാശാല. അറിവും വിജ്ഞാനവും വിളമ്പുന്ന ഒരു സഞ്ചരിക്കുന്ന ലൈബ്രറി. വായിക്കാൻ ആഗ്രഹിക്കുന്നവനിലേക്ക് ഓടിയെത്തുന്ന മൊബൈൽ ലൈബ്രറി സർവകലാശാല കാമ്പസിലുടനീളം ഓടിനടക്കുന്നു. അതാവട്ടെ, പരിസ്ഥിതിക്ക് ഒട്ടം കോട്ടമില്ലാതെ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന കുഞ്ഞു ക്ലബ് കാറും.
സുസ്ഥിര ഊർജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ലൈബ്രറി ഖത്തർ സർവകലാശാലയിലെ ഗവേഷകർ തയാറാക്കിയത്. പുനരുപയോഗിക്കാവുന്ന ഊർജത്തിനായി സൗരോർജ പാനലുകളാൽ തീർത്ത കാറിൽ, പുസ്തകങ്ങൾ അടുക്കിവെക്കുന്നതിനായി ഷെൽഫുകളും സ്ഥാപിച്ചിട്ടുണ്ട്.
സർവകലാശാലയുടെ ഏറ്റവും പുതിയ ഗവേഷണ മാസികയിലെ റിപ്പോർട്ട് പ്രകാരം സൗരോർജത്തിൽ പൂർണമായും ചാർജ് ചെയ്ത് ആറ് മണിക്കൂർ പ്രവർത്തിക്കാനും 200 പുസ്തകങ്ങൾ വഹിക്കാനും ഈ ലൈബ്രറിക്ക് സാധിക്കും.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വായന സംസ്കാരം വളർത്തുന്നതിനുമായി വിദ്യാർഥികൾക്കും അധ്യാപകർക്കും ക്യു പ്രസിൽനിന്ന് അക്കാദമിക് റിസോഴ്സുകൾ വേഗത്തിൽ ലഭിക്കാനും ലക്ഷ്യമിട്ട് സർവകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് മെറ്റീരിയൽസാണ് (സി.എ.എം) ഈ നൂതന സംരംഭം വികസിപ്പിച്ചെടുത്തത്. ഖത്തർ ദേശീയ വികസന കാഴ്ചപ്പാട് 2030ന്റെ ലക്ഷ്യങ്ങളെത്തിപ്പിടിക്കുന്നതിനുള്ള പാരിസ്ഥിതിക സുസ്ഥിരത ഉത്തേജിപ്പിക്കുന്നതിലെ സർവകലാശാലയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. മേഖലയിലെ സുസ്ഥിര ഊർജവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിലെ സർവകലാശാലയുടെ മറ്റൊരു സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്.
ഒരേസമയം ചാർജ് ചെയ്യുകയും തുടർച്ചയായി മണിക്കൂറുകളോളം സൂര്യപ്രകാശത്തിനു കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്നതിനൊപ്പം, നേരിട്ടുള്ള ഗ്രിഡ് വൈദ്യുതി ഉപയോഗിച്ചും മൊബൈൽ ലൈബ്രറി ചാർജ് ചെയ്യാൻ സാധിക്കും. എന്നിരുന്നാലും ഹരിത ഊർജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സെന്ന നിലയിൽ സൂര്യപ്രകാശം ഉപയോഗിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യം. പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ച ക്യു.യു പ്രസിൽ നിന്നുള്ള അക്കാദമിക് പുസ്തകങ്ങൾ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനും ഇത് സഹായിക്കും.
പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാൻ പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സ് ഉപയോഗപ്പെടുത്തുന്നതിനാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ലൈബ്രറിയിലൂടെ പ്രാധാന്യം നൽകുന്നതെന്ന് സി.എ.എം മേധാവി പ്രഫ. മുഹമ്മദ് ഇർഷിദത് പറഞ്ഞു. കാമ്പസിലും പരിസരത്തും ശുദ്ധമായ ഊർജം ഉപയോഗപ്പെടുത്തേണ്ടതിന്റെയും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം സംബന്ധിച്ച കൂടുതൽ അവബോധം സൃഷ്ടിക്കാൻ മൊബൈൽ ലൈബ്രറിക്കാകുമെന്ന് വിശ്വസിക്കുന്നുവെന്നും, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെയാണ് ഈ സംരംഭം പ്രതിനിധീാനംചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർവകലാശാലയുടെ ശ്രമങ്ങൾക്കുള്ള സാക്ഷ്യപത്രം കൂടിയാണ് ഈ സൗരോർജത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ലൈബ്രറിയെന്ന് റിസർച്ച് ആൻഡ് ഗ്രാജ്വേറ്റ് സ്റ്റഡീസ് വൈസ് പ്രസിഡന്റ് പ്രഫ. മർയം അൽ മആദീദ് പറഞ്ഞു.
ഖത്തറിലെ വിദ്യാർഥികൾക്കും ഗവേഷകർക്കും കൂടുതൽ പ്രചോദനം നൽകുന്ന സാങ്കേതികവിദ്യയുടെ ക്രിയാത്മകമായ ആപ്ലിക്കേഷനാണിതെന്നും കാമ്പസിലും രാജ്യത്തുടനീളവും ക്യു.യു പ്രസ് പുസ്തകങ്ങൾ വിൽക്കുന്നതിനും പ്രചാരണം നൽകുന്നതിനുമായി ഈ മൊബൈൽ ലൈബ്രറി ഞങ്ങൾ സമർപ്പിക്കുമെന്നും ക്യു.യു പ്രസ് ഡയറക്ടർ പ്രഫ. ഫത്മ അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.