കുട്ടി വായനക്കാരെ ആകർഷിച്ച് മൊബൈൽ ലൈബ്രറി
text_fieldsദോഹ: വിദ്യാർഥികളെ സ്കൂളുകളിലേക്ക് വരവേൽക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അവസാന വാരത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പിന്തുണയോടെ മുശൈരിബ് ഗലേറിയ അവതരിപ്പിച്ച ‘മൊബൈൽ ലൈബ്രറി’ ശ്രദ്ധേയമായി. 150ലധികം പുസ്തകങ്ങളുമായി സഞ്ചരിക്കുന്ന ലൈബ്രറി ആഗസ്റ്റ് 25നാണ് പ്രവർത്തനമാരംഭിച്ചത്.
തുടർന്നുള്ള ദിവസങ്ങളിൽ കുട്ടി വായനക്കാർക്കിടയിൽ മൊബൈൽ ഗ്രന്ഥാലയവും സജീവമായി. ദിവസേന 150 മുതൽ 200 വരെ സ്കൂൾ വിദ്യാർഥികളായ വായനക്കാരാണ് മൊബൈൽ ലൈബ്രറി സേവനം ഉപയോഗപ്പെടുത്തിയത്.
വായനയുടെ വിശാലമായ ലോകത്തേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യുകയും ഒപ്പം പുതിയ അധ്യയന വർഷത്തിലേക്കുള്ള തയാറെടുപ്പുമെന്ന നിലയിലാണ് കഴിഞ്ഞ ഒരാഴ്ചക്കാലം ലൈബ്രറി പ്രവർത്തിച്ചത്. മുവാസലാത്ത് (കർവ), മുശൈരിബ് പ്രോപർട്ടീസ്, മി വിഷ്വൽ കമ്പനി എന്നിവരുമായി സഹകരിച്ചാണ് ലൈബ്രറി സംരംഭം അവതരിപ്പിച്ചിരിക്കുന്നത്. കടുത്ത വേനൽ ചൂടിലും കുട്ടികളിൽനിന്ന് മികച്ച പ്രതികരണമായിരുന്നു ലൈബ്രറിക്ക് ലഭിച്ചതെന്ന് മി വിഷ്വൽ കമ്പനി പ്രോജക്ട് മാനേജർ മൊസ്തഫ സവ്ദ പറഞ്ഞു.
വൈവിധ്യമാർന്ന പുസ്തകങ്ങൾക്കൊപ്പം ചിത്രരചന, പെയിന്റിങ് ഉൾപ്പെടെ അവസരങ്ങളുമൊരുക്കിയിരുന്നു. പഴയകാല സ്കൂൾ പുസ്തകങ്ങൾ, ഉപകരണങ്ങൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ക്ലാസ്റൂം പോലുള്ള പഴയ സ്കൂൾ ഓർമകൾ ഉണർത്തിയായിരുന്നു കാമ്പയിൻ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.