മാലിന്യ സംസ്കരണത്തിന് മൊബൈൽ സ്റ്റേഷൻ
text_fieldsദോഹ: മാലിന്യ സംസ്കരണത്തിലെ സുപ്രധാന ചുവടുവെപ്പുകളിലൊന്നായ മൊബൈൽ മാലിന്യ സ്റ്റേഷനുകളിലൊന്നിെൻറ പരീക്ഷണ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ വേസ്റ്റ് റീസൈക്ലിങ് ആൻഡ് ട്രീറ്റ്മെൻറ് വിഭാഗമാണ് മൂന്ന് മൊബൈൽ മാലിന്യ ട്രാൻസ്ഫർ സ്റ്റേഷനുകളിലൊന്നിെൻറ പരീക്ഷണ പ്രവർത്തനം നടത്തിയത്.
ഈ വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിെൻറ പ്രധാന വേദികളിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ജനറൽ ക്ലീൻലിനെസ് ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സഹകരണത്തോടെ മൊബൈൽ മാലിന്യ ട്രാൻസ്ഫർ സ്റ്റേഷൻ വിന്യസിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്റ്റേഷൻ പരീക്ഷണ പ്രവർത്തനം വിജയകരവും ഫലപ്രദവുമായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മാലിന്യങ്ങളുടെ ട്രാൻസ്ഫർ പ്രക്രിയ സുഗമമാക്കുമെന്നും വേദികളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിൽ മൂന്ന് സ്റ്റേഷനുകളും നിർണായക പങ്ക് വഹിക്കുമെന്നും വേസ്റ്റ് റീസൈക്ലിങ് ആൻഡ് ട്രീറ്റ്മെൻറ് അസി. ഡയറക്ടർ ഹസൻ നാസർ അൽ നാസർ പറഞ്ഞു.
വേദികളിൽനിന്നും ശേഖരിക്കുന്ന മാലിന്യം സംസ്കരണ കേന്ദ്രത്തിലെത്തിച്ച് മറ്റു നടപടികൾ പൂർത്തിയാക്കുകയും സംസ്കരിക്കപ്പെടുന്ന മാലിന്യത്തിൽനിന്നും വൈദ്യുതിയും വളവും ഉൽപാദിപ്പിക്കുകയും പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ വേർതിരിച്ചെടുക്കുകയും ചെയ്യുമെന്നും ഹസൻ നാസർ അൽ നാസർ വിശദീകരിച്ചു. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന വേദികളിലെ പൊതുശുചിത്വ ശ്രമങ്ങൾക്ക് മൊബൈൽ സ്റ്റേഷനുകൾ വലിയ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് മുതൽ ഏഴു ടൺ വരെ ക്ഷമതയുള്ള ചെറിയ ട്രക്കുകളിൽ നിന്നായി ട്രാൻസ്ഫർ സ്റ്റേഷനുകൾ മാലിന്യങ്ങൾ സ്വീകരിക്കുകയും ഇവിടെ നിന്ന് മാലിന്യം കംപ്രസ് ചെയ്ത് 22 ടൺ ഉൾക്കൊള്ളാൻ ശേഷിയുള്ള വലിയ വാഹനങ്ങളിലേക്ക് മാറ്റും. ഈ വാഹനങ്ങൾ കംപ്രസ് ചെയ്ത മാലിന്യം സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഏഴ് ചെറിയ ട്രക്കുകളുടെ ലോഡ് ഉൾക്കൊള്ളാൻ കഴിയുമെന്നതാണ് വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിെൻറ നേട്ടമെന്നും ഇതിലൂടെ റോഡുകളിലെ സമ്മർദം ഒഴിവാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.