ഡ്രൈവിങ്ങിനിടെ മൊബൈൽ; ശീലം മാറ്റിയേ തീരൂ
text_fieldsദോഹ: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ ഗതാഗത വകുപ്പ് ഏർപ്പെടുത്തുന്ന പുതിയ നടപടികൾക്ക് സമൂഹത്തിന്റെ പിന്തുണ. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെയും പിടികൂടുന്ന നിരീക്ഷണ റഡാറുകൾ സെപ്റ്റംബർ ആദ്യവാരത്തോടെ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും നിരീക്ഷിക്കാനായി പുതിയ ഓട്ടോമാറ്റഡ് സംവിധാനം സെപ്റ്റംബർ മൂന്നിന് നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതിയ റഡാർ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫോൺ ഉപയോഗിക്കാത്തവർ 13 ശതമാനം മാത്രം
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം സർവസാധാരണമായ ശീലമാണ്. ഫോൺ വിളിക്കാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാനും വിഡിയോ കാണാനും ഉൾപ്പെടെ അലസമായ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം. ഖത്തർ സർവകലാശാലയിലെ ഖത്തർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ട്രാഫിക് സേഫ്റ്റി സെന്റർ കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ 13 ശതമാനം പേർ മാത്രമാണ് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് അറിയിച്ചത്. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം വാഹനാപകട സാധ്യത വർധിപ്പിക്കുമെന്നും റോഡിൽനിന്ന് ശ്രദ്ധ തിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ തങ്ങളുടെ പാത മാറുന്നത് ഡ്രൈവർമാർ അറിയുന്നില്ലെന്നാണ് വസ്തുത. ഇത് അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. സിഗ്നലുകളിൽ പച്ചനിറം തെളിഞ്ഞാലും ഫോണിൽ വ്യാപൃതരായിരിക്കുന്നതിനാൽ അറിയുന്നില്ല. ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും പ്രഖ്യാപിച്ച പുതിയ നടപടികളെ താമസക്കാർ ഉൾപ്പെടെയുള്ളവർ സ്വാഗതം ചെയ്യുന്നു. റഡാർ കാമറകൾ പ്രവർത്തിക്കുന്നതോടെ ഇത്തരം ശീലങ്ങൾ മാറുമെന്നും അപകടസാധ്യത കുറയുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്ലാവരും.
ഹൈവേകളിൽ 80 മുതൽ 90 ശതമാനം വാഹനാപകടങ്ങളും സംഭവിക്കുന്നത് മൊബൈൽ ഫോണുകൾ കാരണമാണെന്ന് 2021ൽ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഒരു വെബിനാറിൽ പറഞ്ഞിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഡ്രൈവർമാരേക്കാൾ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ അപകടത്തിൽപെടാനുള്ള സാധ്യത നാല് മടങ്ങാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നു. ഡ്രൈവിങ്ങിനെ ഗൗരവമായി കാണുന്നവരും പുതിയ നടപടികളെ സ്വാഗതം ചെയ്യുന്നു. റോഡുകളിലെ അടിസ്ഥാന മര്യാദകൾ വരെ പാലിക്കാത്ത ഡ്രൈവർമാരെ പുതിയ നടപടികൾ മര്യാദ പഠിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.