മെട്രോയുടെ സുരക്ഷ ഭദ്രമാക്കി മോക്ഡ്രിൽ
text_fieldsദോഹ: ചീറിപ്പാഞ്ഞെത്തുന്ന ആംബുലൻസുകൾ, സർവസജ്ജരായി വിവിധ സേനാംഗങ്ങൾ,സ്ട്രെച്ചറിൽ ചിലരെ കിടത്തിക്കൊണ്ടുപോകുന്നു, ഫയർഫോഴ്സിന്റെയും സിവിൽ ഡിഫൻസിന്റെയും വാഹനങ്ങളും.... വെള്ളിയാഴ്ച രാവിലെ അൽ വക്റ മെട്രോ സ്റ്റേഷൻ പരിസരത്തെ കാഴ്ച ആരിലും പരിഭ്രാന്തി പരത്തുന്നതായിരുന്നു. ഏറ്റവും സുരക്ഷിതമായ പൊതു ഗതാഗതമാർഗമായ മെട്രോ ട്രെയിൻ അപകടത്തിലായോ എന്ന ആശങ്കയായിരുന്നു. എന്നാൽ, ആഭ്യന്തര മന്ത്രാലയം നേതൃത്വത്തിൽ നടന്ന മോക് ഡ്രിൽ ആണിതെന്ന് അടുത്ത നിമിഷം ബോധ്യമായി. മെട്രോ ട്രെയിൻ കൂട്ടിയിടിച്ച് അപകടമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം എങ്ങനെ നടത്താം എന്നതിന്റെ മോക്ഡ്രില്ലായിരുന്നു വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച് നടത്തിയത്. സിവിൽ ഡിഫൻസ്, ട്രാഫിക്, സതേൺ സെക്യൂരിറ്റി മാനേജ്മെൻറ്, എമർജൻസി പൊലീസ് വിഭാഗം, സെൻട്രൽ ഓപറേഷൻ മാനേജ്മെൻറ്, ഹമദ് മെഡിക്കൽ കോർപറേഷനിലെ ആംബുലൻസ് സർവിസ് വിഭാഗം, ഖത്തർ റെയിൽ, ദോഹ മെട്രോ ഓപറേഷൻ ചുമതലയുള്ള ആർ.കെ.എച്ച് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശീലനം നടത്തിയത്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ വിവിധ സുരക്ഷ, ആരോഗ്യ വിഭാഗങ്ങളെ സജ്ജമാക്കുക, എല്ലാ വിഭാഗങ്ങൾക്കുമിടയിലെ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുക, റെയിൽവേയുടെ സുരക്ഷക്കായി സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക എന്നിവയാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുഗതാഗത സുരക്ഷ മാനേജ്മെൻറ് എക്സസൈസ് ഓഫിസർ ഫസ്റ്റ് ലഫ്. ഗാനിം മുഹമ്മദ് അൽ മൽകി പറഞ്ഞു. പരിശീലന പരിപാടിയുടെ ചിത്രങ്ങൾ ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.