കടൽപ്പശുക്കൾ ചത്തനിലയിൽ; അന്വേഷണവുമായി മന്ത്രാലയം
text_fieldsദോഹ: വംശനാശ ഭീഷണി നേരിടുന്ന കടൽപ്പശുവിനെ ഖത്തറിന്റെ കടൽത്തീരത്ത് ചത്ത നിലയിൽ കണ്ടെത്തി. രണ്ടു കടൽപ്പശുക്കളുടെ ജഡങ്ങളാണ് കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. മത്സ്യബന്ധന വലയിൽ കുടുങ്ങിയാവാം ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വന്യജീവി വികസന വിഭാഗത്തിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. കടൽപ്പശുക്കളുടെ ജഡം പരിശോധിച്ച് സാമ്പ്ളുകൾ ശേഖരിച്ചു.
ഖത്തറിന്റെ കടൽപ്രദേശങ്ങളിലെ സജീവ സാന്നിധ്യങ്ങളിലൊന്നാണ് കടൽപ്പശുക്കൾ. മത്സ്യബന്ധന ബോട്ടുകളുമായി ഇടിച്ചോ മറ്റോ പരിക്ക് പറ്റിയതാവാമെന്നും നിഗമനമുണ്ട്. മത്സ്യത്തൊഴിലാളികളും നാവികരും ബോട്ട് ജീവനക്കാരും കടലിലെ അപൂർവ ജീവജാലങ്ങളുടെ കൂടി സംരക്ഷണത്തിന് പരിഗണന നൽകണമെന്നും മന്ത്രാലയം നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കടൽപ്പശുക്കൾ, ഡോൾഫിൻ, കടലാമകൾ എന്നിവയുള്ള മേഖലകളിൽ ബോട്ടുകളുടെ വേഗം കുറക്കണമെന്ന് നിർദേശിച്ചു. ഇവിടെ വലകൾ ഉപയോഗിക്കാനോ മാലിന്യം എറിയാനോ പാടില്ല. ഇത്തരം ജീവജാലങ്ങൾ മത്സ്യബന്ധന വലയിൽ കുടുങ്ങുകയോ ചത്തനിലയിൽ കാണപ്പെടുകയോ ചെയ്യുമ്പോൾ മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 16066ൽ അറിയിക്കണമെന്നും നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.