കാമറകാഴ്ചകൾക്ക് ഷട്ടറിട്ട് മുഹമ്മദലി മടങ്ങുന്നു
text_fieldsദോഹ: കൗമാരകാലത്ത് ഫോട്ടോഗ്രഫിയെ പ്രണയിച്ചു തുടങ്ങിയതാണ് തൃശൂർ പാവറട്ടി സ്വദേശിയായ മുഹമ്മദലി. 1980ൽ 20കാരെൻറ ചോരത്തിളപ്പിൽ ഖത്തറിലെത്തിയ അേദ്ദഹവും കാമറയും ഈ മണ്ണിൽ ജീവിച്ചത് 41 വർഷങ്ങൾ. ഫോട്ടോജേണലിസ്റ്റായി ഈ മണ്ണാകെ സഞ്ചരിച്ച മുഹമ്മദലിയും അദ്ദേഹത്തിൻെറ നികോൺ കാമറയും ഖത്തറിെൻറ അതിവേഗ വികസനത്തിെൻറ സാക്ഷിയായിരുന്നു. പ്രമുഖ ഇംഗ്ലീഷ് പത്രമായ ഗൾഫ് ടൈംസിനൊപ്പം വാർത്തകളുടെ ലോകത്ത് പതിറ്റാണ്ടുകൾ നീണ്ട പ്രവാസജീവിതത്തിനു ശേഷം, മുഹമ്മദലി തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി. ഖത്തറിെൻറ വളർച്ചയുടെ ഒരുപിടി ചിത്രങ്ങളും, നിറമുള്ള ഒരുപാട് ഓർമകളുമായാണ് 62ാം വയസ്സിലെ ഈ മടക്കം.
കായികലോകത്ത് രാജ്യം കൈയൊപ്പുചാർത്തപ്പെട്ട 1988 ഏഷ്യകപ്പ് ഫുട്ബാൾ മുതൽ തുടങ്ങിയ ജൈത്രയാത്ര 2022 ഫിഫ ലോകകപ്പിെൻറ പടിവാതിൽക്കൽ അവസാനിപ്പിച്ചാണ് വിമാനം കയറുന്നത്. ഇതിനിടയിൽ കണ്ടു തീർത്ത ഒരുപാട് അനുഭവങ്ങളുണ്ട് പറഞ്ഞു തീർക്കാൻ. ഖത്തറിെൻറ മുൻ ഭരണാധികാരി പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഇപ്പോഴത്തെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, മുൻ അമേരിക്കൻ പ്രസിഡൻറ് ജിമ്മി കാർട്ടർ, ഫലസ്തീൻ നേതാവ് യാസർ അറഫാത്ത്, വിവിധ രാഷ്ട്ര നേതാക്കൾ, ബോക്സിങ് ഇതിഹാസം മുഹമ്മദലി ഉൾപ്പെടെയുള്ള കായിക താരങ്ങൾ, യൂസുഫുൽ ഖർദാവിയും, അഹമ്മദ് ദീദാത്തും ഉൾപ്പെടെ ആഗോള പണ്ഡിതന്മാർ, പിന്നെ കേരളത്തിൽനിന്നുള്ള വിവിധ രാഷ്്ട്രീയ നേതാക്കളും ഭരാണാധികാരികളും സിനിമ-കലാസാംസ്കാരിക നേതാക്കളും എഴുത്തുകാരും തുടങ്ങി ആ നിര നീളുന്നു. 40 വർഷത്തിനുള്ളിൽ മുഹമ്മദലിയുടെ കാമറ ഫ്ലാഷുകൾക്ക് മുന്നിൽ ഇവരെല്ലാം വന്നും പോയുമിരുന്നു.
സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിനിടയിലും കാമറയെ ഇഷ്ടപ്പെട്ട കൗമാരക്കാരനിൽനിന്നായിരുന്നു ഖത്തറിലെ പ്രമുഖ പത്രത്തിെൻറ ഫോട്ടോഗ്രാഫറിലേക്കുള്ള വളർച്ച. 20ാം വയസ്സിൽ ഖത്തറിലെ വ്യവസായ പ്രമുഖനായിരുന്ന പി.പി. ഹൈദർ നൽകിയ വിസയിലായിരുന്നു ആദ്യവിദേശ യാത്ര. 40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിന് തലേദിനം ദോഹ കോർണിഷിലെ കാഴ്ചകൾക്കിടയിൽ ആ ഓർമകളിലേക്ക് മുഹമ്മദലി മനസ്സു തുറന്നു.
'1980ലായിരുന്നു ഖത്തറിലേക്കുള ആദ്യയാത്ര. യാത്രയാക്കാനായി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ കൂട്ടുകാരിൽ ഒരാൾ പറഞ്ഞത് ഇന്നും ഓർമയിലുണ്ട്. അഞ്ചുവർഷംകൊണ്ട് നാട്ടിൽ മടങ്ങിയെത്തണം. പക്ഷേ, ഏതൊരു പ്രവാസിയെയും പോലെ ആ നിൽപ് 40 വർഷം പിന്നിട്ടു. അതിനിടയിൽ, കുടുംബമായി. മക്കൾ മൂന്നുപേരും പഠിച്ച് എൻജിനീയർമാരായി ഉന്നത നിലയിലെത്തി. ഇനി നാട്ടിലെത്തി വീട്ടുകാർക്കൊപ്പം കഴിയാനുള്ള സമയമാണ്. ഇപ്പോഴാണ് മടങ്ങാനുള്ള സമയം' -മുഹമ്മദലി പറയുന്നു.
പതിറ്റാണ്ടുകൾക്ക് മുേമ്പ ഖത്തറിെൻറ അടയാളമായി മുദ്രചെയ്ത ഷെറാട്ടൺ ഹോട്ടൽ സമ്മുച്ചയത്തിന് മുന്നിൽനിന്നും ഓർമകളിലൂടെ സഞ്ചരിക്കുേമ്പാൾ താൻ കണ്ടുതീർത്ത രാജ്യത്തിെൻറ വളർച്ച വിവരിക്കുകയായിരുന്നു അദ്ദേഹം. അംബരചുംബികളായ കെട്ടിടങ്ങളായി, അത്യാധുനിക സൗകര്യങ്ങളാൽ ഖത്തർ ലോകോത്തരമായി. രാഷ്ട്ര നേതാക്കളുടെ ദീർഘവീക്ഷണത്തിൽ ഇപ്പോൾ ഖത്തർ ലോകകപ്പിനെയും വരവേൽക്കുന്നു -മുഹമ്മദലി സാക്ഷ്യപ്പെടുത്തുന്നു.
ദോഹയിലെത്തിയ ആദ്യനാളിൽ സ്റ്റുഡിയോയിലായിരുന്നു ജോലി. പിന്നീട്, ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലായി ജോലി. ഏതാനും വർഷം തുടർന്ന ശേഷമായിരുന്നു ഗൾഫ് ടൈംസിൽ ഫോട്ടോഗ്രാഫറായി പ്രവേശിക്കുന്നത്. ആദ്യം പാർട്ട് ടൈമറായിരുന്നു. പിന്നീട് സ്ഥിരം ഫോട്ടോഗ്രാഫറായി. 40 വർഷം നീണ്ട ഫോട്ടോഗ്രഫി ജീവിതത്തിലെ ഓർമകളിലേക്ക് ഊളിയിട്ടപ്പോൾ ജിമ്മി കാർട്ടർക്കൊപ്പമുള്ള തെൻറ ഫോട്ടോ നഷ്ടമായതാണ് മുഹമ്മദലി പങ്കുവെക്കുന്നത്. '80കളിൽ വാർത്ത വിഭാഗത്തിൽ ജോലി ചെയ്യവെയാണ് ഒരു ദിവസം റിപ്പോർട്ടർ ധിറുതിപിടിച്ച് എത്തുന്നത്.
ഫോേട്ടാഗ്രാഫറായ എന്നോടും പുറപ്പെടാൻ പറഞ്ഞു. കാർ നേരെ പാഞ്ഞത് അമേരിക്കൻ എംബസിയിലേക്ക്. യാത്ര മധ്യേയാണ് കാത്തിരിക്കുന്ന വിശിഷ്ടാതിഥിയെക്കുറിച്ച് അദ്ദേഹം പറയുന്നത്. മുൻ അമേരിക്കൻ പ്രസിഡൻറ് ജിമ്മി കാർട്ടർ. മറ്റേതോ രാജ്യത്തെ സന്ദർശനവും കഴിഞ്ഞുള്ള മടക്കത്തിനിടയിൽ ഖത്തറിൽ ഇറങ്ങിയതാണ് അദ്ദേഹം. ഒൗദ്യോഗിക സന്ദർശനമല്ലാത്തതിനാൽ തിരക്കും ബഹളവുമില്ല. ഞങ്ങൾക്കു മാത്രമായിരുന്നു അഭിമുഖം അനുവദിച്ചത്. ഏറെ ഫോട്ടോകൾ എടുത്തു.
ഒടുവിൽ ഞങ്ങളും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുത്തു. അഭിമുഖത്തിനൊപ്പം പടങ്ങൾ പ്രസിദ്ധീകരിച്ചെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള ഞങ്ങളുടെ പടം ലഭിച്ചില്ല. എംബസിയിൽ പലതവണ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. ഒടുവിൽ ജിമ്മി കാർട്ടർ ഒപ്പിട്ട അദ്ദേഹത്തിെൻറ ഫോട്ടോ നൽകിയാണ് അവർ ഞങ്ങളെ ആശ്വസിപ്പിച്ചത്' -ഖത്തർ സന്ദർശിച്ച ഒരുപിടി രാഷ്ട്രനേതാക്കളെ തെൻറ കാമറക്കുള്ളിലാക്കിയ മുഹമ്മദലി പറയുന്നു.
1988 ഏഷ്യാകപ്പ് കിരീടമണിഞ്ഞപ്പോൾ ദോഹയിലെത്തിയ സൗദി ആരാധകരുടെ ആഹ്ലാദവും, വൻകരയുടെ മഹാമേളയായി മാറിയ 2006 ഏഷ്യൻ ഗെയിംസും പിന്നെ നടന്ന ഒരുപിടി രാജ്യാന്തര മേളകളും അടുത്തുനിന്ന് കണ്ടതിെൻറയും അനുഭവിച്ചതിെൻറയും ഓർമകൾ ഏറെയുണ്ട്. ആ അനുഭവ സാക്ഷ്യത്തിൽ ഖത്തർ ലോകകപ്പ് അവിസ്മരണീയമായി മാറും എന്ന് മുഹമ്മദലിയും ഉറപ്പിക്കുന്നു.
ഇനി നാട്ടിലെത്തുേമ്പാഴും വിശ്രമിക്കുവാനുള്ള തീരുമാനമില്ല. 50 കടന്നവരുടെ കൂട്ടായ്മയിൽ ഒരുപിടി സുഹൃത്തുക്കളുണ്ട്, സന്നദ്ധ പ്രവർത്തനത്തിനായി പാലിയേറ്റിവ് കൂട്ടായ്മയുണ്ട്, പിന്നെ മറ്റു സംഘടനകളുമുണ്ട്. അവർക്കൊപ്പം സമയം െചലവഴിച്ചും, ജീവിതതൊഴിലായ ഫോട്ടോഗ്രഫിയും കൃഷിപ്പണിയുമായി ഭാര്യ റംലക്കൊപ്പം പാവറട്ടിയിലുണ്ടാവും -മുഹമ്മദലി പറഞ്ഞു യാത്രയാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.