പാടിത്തീരാതെ തയ്യിബിന്റെ റഫി യാത്ര തുടരുന്നു
text_fieldsദോഹ: യേശുദാസിനെയും എസ്.പി. ബാലസുബ്രഹ്മണ്യത്തെയും ഇഷ്ടപ്പെട്ട് അവരുടെ പാട്ടുകൾ മൂളിനടന്ന പത്താം ക്ലാസുകാരന്റെ ചെവികളിലേക്ക് അന്നാദ്യമായാണ് സ്കൂൾ കാന്റീനിലെ ടേപ്പ് റെക്കോഡറിൽ നിന്നും ‘യേ ദുനിയാ... യേ മെഹ്ഫിൽ...’ എന്ന് തുടങ്ങുന്ന മധുര മനോഹര ഗാനമെത്തുന്നത്. ആദ്യകേൾവിയിൽ തന്നെ സുന്ദരമായ വരികളും ഈണവും ശബ്ദവും ആ കൗമാരക്കാരന്റെ ഹൃദയം കവർന്നു. ആരാണ് ആ പാട്ടുകാരൻ എന്ന് സ്കൂൾ കാന്റീൻ നടത്തിപ്പുകാരനോട് ചോദിച്ചപ്പോൾ ‘റഫി സാഹിബിനെ അറിയില്ലേ...’ എന്നായി മറുപടി. തന്റെ പാട്ട് ലോകത്തിൽ അപരിചിതനായിരുന്ന മുഹമ്മദ് റഫി എന്ന ഗായകനിലേക്ക് മലപ്പുറം പെരിന്തൽമണ്ണ കട്ടുപ്പാറ സ്വദേശി മുഹമ്മദ് തയ്യിബിന്റെ യാത്രയുടെ തുടക്കം കൂടിയായിരുന്നു അത്. ഇന്റർനെറ്റ് ഉൾപ്പെടെ സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്ത് റഫിയുടെ ഗാനങ്ങൾ തേടി അദ്ദേഹം പാട്ടുശേഖരങ്ങളിലേക്ക് സഞ്ചരിച്ചു. കാസറ്റുകൾ സംഘടിപ്പിച്ചും, പാട്ടുപുസ്തകങ്ങൾ വാങ്ങിയും റഫിയുടെ ഓരോ ഗാനങ്ങളും പഠിച്ചെടുത്തു.
പങ്കജ് ഉദാസിന്റെ ഗസലും യേശുദാസും എസ്.പിയും മാത്രം പാട്ടിന്റെ ലോകമാക്കിയവൻ റഫിയുടെ ആരാധകനായി മാറുന്നതായിരുന്നു പിന്നെ കണ്ടത്. അയൽവാസി നൽകിയ മുഹമ്മദ് റഫിയുടെ ലണ്ടൻ പ്രോഗ്രാം കാസറ്റുകൾ കേട്ടുകൊണ്ട് ഹിന്ദി ഭാഷ പോലും അറിയാതെ പാട്ടുകൾ പഠിച്ചെടുത്തു. ഇതിനിടെയാണ് സഹോദരനും സുഹൃത്തുക്കളും ചേർന്ന് സംഗീത് ഓർക്കസ്ട്ര എന്ന പേരിൽ ഒരു ട്രൂപ് നാട്ടിൽ ആരംഭിക്കുന്നത്. ആ സംഘത്തിലെ ഹിന്ദി ഗായകനായി 17കാരൻ തയ്യിബും മാറി. വേദികളിൽ റഫി ഗാനങ്ങളുമായി കൗമാരക്കാരൻ കൈയടി നേടി. മുതിർന്നവരുടെ ഇഷ്ടഗായകനായ റഫിയുടെ പാട്ടുകൾ വീണ്ടും മധുര ശബ്ദത്തിലൂടെ കേട്ടുതുടങ്ങിയപ്പോൾ പുതിയ ഗായകന്റെ പിറവിയായിരുന്നു.
അന്ന് സ്റ്റേജിൽ നൽകിയ 30ഉം 50ഉം രൂപയുടെ സമ്മാനങ്ങൾ ഇന്നും ഓർമയിലുണ്ടെന്ന് തയ്യിബ് ഓർത്തെടുക്കുന്നു. നാട്ടിലെ പാട്ടുവേദികളിൽ കുഞ്ഞു റഫി ഗായകനായി വിലസുന്നതിനിടെ 19ാം വയസ്സിലായിരുന്നു ഇദ്ദേഹം ഖത്തറിലേക്ക് പ്രവാസിയായി വിമാനം കയറുന്നത്.
ഖത്തറിന്റെ റഫി
1991ൽ ഖത്തറിലെത്തിയ മുഹമ്മദ് തയ്യിബിന് ഇത് പ്രവാസത്തിലെ 33ാം വർഷമാണ്. പൊലീസിലും വിദേശകാര്യ മന്ത്രാലയത്തിലും, ശേഷം സ്വകാര്യമേഖലകളിലുമായി 33 വർഷമായി പ്രവാസ ജീവിതം. എന്നാൽ, ഖത്തറിലെ മലയാളികൾക്കും സംഗീതപ്രേമികൾക്കും റഫി ഗാനങ്ങളിലൂടെയാണ് ഈ മലയാളിയെ പരിചയം. പ്രവാസം തുടങ്ങി അടുത്ത വർഷംതന്നെ ദോഹയിലെ വേദികളിൽ റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. 1995ലായിരുന്നു ദോഹ വേവ്സ് എന്ന സ്വന്തം സംരംഭത്തിലൂടെ റഫി ഗാനങ്ങളുടെ വിരുന്നുമായി പ്രവാസികൾക്ക് മുന്നിലെത്തുന്നത്. ‘റഫി കി യാദേൻ’ എന്ന പേരിൽ ഇതിനകം 24ഓളം റഫി ഗാനസന്ധ്യകൾ ഖത്തറിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചപ്പോൾ ആരാധകരായി ഒപ്പം കൂടിയത് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും ഇറാൻ, പാകിസ്താൻ, വിവിധ അറബ് നാട്ടുകാർ ഉൾപ്പെടെ രാജ്യങ്ങളിലെ റഫി ആരാധകരുമായിരുന്നു. റഫിയുടെ നൂറാം പിറന്നാൾ വർഷമായ ഇത്തവണ നവംബർ 21ന് ഡി.പി.എസ് സ്കൂളിലെ നിറഞ്ഞ സദസ്സിനു മുന്നിൽ വീണ്ടും ‘റഫി കെ യാദേൻ’ എത്തിയപ്പോൾ വിശിഷ്ടാതിഥിയായി സാക്ഷാൽ റഫിയുടെ മകൻ ശാഹിദ് റഫിയുമെത്തി. ശാഹിദ് റഫിക്കൊപ്പം തയ്യിബും അനശ്വര ഗാനങ്ങൾ പാടി. ഒപ്പം മകൾ ഹനയും വേദിയിലെത്തിയതോടെ 35 വർഷം പിന്നിടുന്ന സംഗീതയാത്രയുടെ തലമുറ കൈമാറ്റവും പൂർണമാവുന്നു. അറബി, ഉർദു, ബലൂചി, പാഴ്സി, പഞ്ചാബി, ബംഗാളി ഉൾപ്പെടെ 15 ഭാഷകളിലും തയ്യിബ് പാടുന്നുണ്ട്.
17ാം വയസ്സിൽ തുടങ്ങിയ റഫി ഗാനസഞ്ചാരത്തിനിടെ ആയിരത്തോളം വേദികളിൽ പ്രമുഖരായ ഗായകർക്കൊപ്പവും ഖത്തറിന്റെ റഫി മധുരഗാനങ്ങൾ അവതരിപ്പിച്ചു. നാട്ടിലെയും വിവിധ ജി.സി.സി രാജ്യങ്ങളിലേയും വേദികളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും ജോലിത്തിരക്കിനിടെ അതിനു കഴിഞ്ഞിട്ടില്ല. ഇനി കോഴിക്കോട്ടെ റഫി ഗാനവേദിയിൽ പ്രിയഗായകന്റെ പാട്ടുകൾ അവതരിപ്പിക്കണമെന്നാണ് സ്വപ്നം.
‘റഫി കെ യാദേൻ’ പരിപാടികൾക്കു പുറമെ, ശ്രേയ ഘോഷാൽ, ഉദിത് നാരായൺ, അർമാൻ മാലിക് തുടങ്ങിയ പ്രമുഖ ഗായകരുടേത് ഉൾപ്പെടെ 150ലേറെ ഷോകൾ തയ്യിബിന്റെ നേതൃത്വത്തിൽ ദോഹ വേവ്സ് വേദിയൊരുക്കിയിട്ടുണ്ട്. ഫാത്തിമ ബീഗമാണ് ഭാര്യ. വിദ്യാർഥികളായ ഫിദ, ഷിഫ, ഹന, എമിൻ മുഹമ്മദ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.