‘ഓർമയിലുണ്ട് അന്നത്തെ ആരവങ്ങൾ’ - ഖത്തറിലെ ഏഷ്യൻ കപ്പ് ഓർമകൾ പങ്കുവെച്ച് മുഹമ്മദ് റാഫി
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന് വീണ്ടും ഖത്തറിൽ കിക്കോഫ് കുറിക്കാനൊരുങ്ങുമ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരം മുഹമ്മദ് റാഫിയുടെ ഓർമകളിൽ 2011ലെ പോരാട്ടനാളുകളെത്തും. 27 വർഷത്തിനുശേഷം ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത് അന്നായിരുന്നു. ഷബീർ അലിയും സുബ്രത ഭട്ടാചാര്യയും ഉൾപ്പെടെ താരങ്ങൾ കളിച്ച 1984നുശേഷം ആദ്യമായി ഇന്ത്യ ഏഷ്യൻ കപ്പ് കളിക്കാൻ പുറപ്പെടുമ്പോൾ 26കാരനായ സുനിൽ ഛേത്രിക്കൊപ്പം മുന്നേറ്റത്തിൽ കുതിക്കാനുള്ള നിയോഗം 28കാരനായ തൃക്കരിപ്പൂരുകാരനായ മുഹമ്മദ് റാഫിക്കായിരുന്നു.
ഒളിമ്പ്യൻ ചന്ദ്രശേഖരനും എസ്.എസ് നാരായണും ഉൾപ്പെടെ ഇതിഹാസങ്ങൾ പന്തുതട്ടിയ 1964 ഏഷ്യൻ കപ്പിനുശേഷം ആദ്യമായി ഒരു മലയാളി വൻകരയുടെ മേളയിൽ കളത്തിലിറങ്ങിയത് 2011 ജനുവരി 10ന് ഖത്തറിന്റെ മണ്ണിലായിരുന്നു. വീണ്ടുമൊരു ഏഷ്യൻ കപ്പിന് ഇന്ത്യ ബൂട്ടുകെട്ടുമ്പോൾ റാഫിയുടെ 13 വർഷം മുമ്പത്തെ ഓർമകൾക്ക് ഇന്നും നല്ല തെളിച്ചമുണ്ട്.
അന്നും ആസ്ട്രേലിയ തന്നെ എതിരാളി
‘ഗ്രൂപ് ‘സി’യിലെ ഉദ്ഘാടന മത്സരത്തിൽ ആസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളി. ടിം കാഹിലും പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരുപിടി താരങ്ങളുമുള്ള ആസ്ട്രേലിയ ശക്തരായ എതിരാളികളായിരുന്നു. അന്ന് ഛേത്രിക്കൊപ്പം പ്ലേയിങ് ഇലവനിൽ മുന്നേറ്റ നിരയിൽ ഞാനുണ്ടായിരുന്നു. 70 മിനിറ്റ് കളിച്ച ശേഷം, ലിഗ്മെന്റ് പരിക്കിനെത്തുടർന്ന് പുറത്തായി. എൻ.പി. പ്രദീപായിരുന്നു ഒപ്പം കളിച്ച മറ്റൊരു മലയാളി താരം. എല്ലാ മത്സരങ്ങളും കളിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് ടൂർണമെൻറിലുടനീളം ഏറ്റവും കൂടുതൽ കാണികളുടെ പിന്തുണ ലഭിച്ച ടീമായിരുന്നു ഇന്ത്യ. വിമാനത്താവളത്തിൽ തന്നെ ടീമിന് വലിയ വരവേൽപ് ലഭിച്ചു. ഗാലറിയിൽ ലഭിച്ച പിന്തുണ ഇന്നും മനസ്സിലുണ്ട്. ഇന്നത്തെ പോലെ ഇന്ത്യൻ സൂപ്പർ ലീഗും ലോകമെങ്ങും ഫാൻ ഗ്രൂപ്പുകളുമുണ്ടായിരുന്നില്ല. ഐ ലീഗായിരുന്നു പ്രധാന ചാമ്പ്യൻഷിപ്. എന്നിട്ടും, ഖത്തറിലെ ഗാലറിയിൽ ആവേശം തീർക്കാൻ നമ്മുടെ ആരാധകരെത്തി.
ഇന്ന് വീണ്ടും ഇന്ത്യ കളിക്കാനെത്തുമ്പോഴും അതേ ആരാധക പിന്തുണ ലഭിക്കുന്നത് സന്തോഷം പകരുന്നതാണ്. എവിടെ കളിക്കുമ്പോഴുമുണ്ട് ഗാലറിയുടെ ഈ സ്നേഹം. അന്നു ഒപ്പം കളിച്ച അതേ സുനിൽ ഭായ് ഇന്ത്യൻ 13 വർഷത്തിനു ശേഷവും ഇന്ത്യൻ മുന്നേറ്റത്തിൽ പ്രധാന താരമായി തുടരുന്നു.
ഇന്ത്യയുടെ മത്സരം കാണാൻ ദോഹയിലെ ഗാലറിയിലുണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, അതിനിടയിൽ മറ്റൊരു യാത്ര അനിവാര്യമായതിനാൽ ആസ്ട്രേലിയക്കെതിരായ മത്സരത്തിന് എത്താൻ കഴിയില്ല. എങ്കിലും, ഏഷ്യൻ കപ്പിലെ ഏതെങ്കിലും കളികാണാൻ വരണമെന്നുണ്ട്’ - തന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ട് റാഫി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആസ്ട്രേലിയക്കെതിരെ 4-0ത്തിനും ബഹ്റൈനെതിരെ 5-2നും കൊറിയക്കെതിരെ 4-1നും തോറ്റ് ഇന്ത്യ ഗ്രൂപ്പിൽ തന്നെ പുറത്താവുകയായിരുന്നു.
പ്രതീക്ഷയുള്ള ടീം
മത്സര പരിചയമുള്ള ഒരുപിടി യുവതാരങ്ങൾ അണിനിരക്കുന്നതാണ് ഇത്തവണത്തെ ഇന്ത്യ. ഞങ്ങളുടെ ടീമിൽ ഏറെ സീനിയർ താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിൽ, ഇത്തവണ സുനിൽ ഛേത്രിയും സന്ദേശ് ജിങ്കാനും ഗുർപ്രീതും ഉൾപ്പെടെ ഏതാനും സീനിയർ താരങ്ങളാണുള്ളത്. എന്നാൽ, ഇന്ത്യൻ സൂപ്പർലീഗിൽ വിദേശതാരങ്ങൾക്കൊപ്പം നേടിയ മത്സര പരിചയം ടീമിന് ഏഷ്യൻ കപ്പ് വേദിയിൽ അനുഗ്രഹമായി മാറും. നൂറ് ശതമാനവും ഗ്രൗണ്ടിൽ സമർപ്പിക്കുന്നവരാണ് എല്ലാവരും. അതിന്റെ ഫലം മത്സരത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ.
എതിരാളികളെല്ലാം റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്. അവർക്കെതിരായ മത്സരം കളിക്കാർക്കും ടീമിനും ഗുണകരമാവും. കോച്ച് ഇഗോർ സ്റ്റിമാകിലും ഏറെ പ്രതീക്ഷയുണ്ട്. അദ്ദേഹം, മികച്ച പരിശീലകനാണ്. ശക്തരായ എതിരാളികൾക്കെതിരെ മികച്ച ടീമിനെ ഒരുക്കാൻ അദ്ദേഹത്തിന് കഴിയും. മലയാളി താരങ്ങളായ സഹലിനും രാഹുലിനും നല്ലൊരു അവസരമാണിത്. ഐ.എസ്.എല്ലിനിടയിലെ പരിക്കിൽ നിന്നും സഹൽ മുക്തനായി ഫിറ്റ്നസ് വീണ്ടെടുത്തോ എന്നതിനെ ആശ്രയിരിച്ചിരിക്കും പ്ലേയിങ് ഇലവനിലെ ഇടം. ഏറ്റവും മികച്ച ഫലത്തിനായി കാത്തിരിക്കുന്നു’ -റാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.