മോൺസൻ കേസ്: ഇരകളുടെ പരാതി രാഷ്ട്രീയ ആയുധമാക്കുന്നു -സിദ്ധീഖ് പുറായിൽ
text_fieldsദോഹ: മോൺസൺ മാവുങ്കൽ കേസിൽ ഇരകൾ കബളിപ്പിക്കപ്പെടുകയാണെന്ന് പാരാതിക്കാരന്റെ സഹോദരനും ഖത്തറിലെ പ്രവാസി വ്യവസായിയുമായ സിദ്ദീഖ് പുറായിൽ. പണം നഷ്ടമായ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിന് പകരം, രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി കേസിനെ മാറ്റുകയാണെന്നും അദ്ദേഹം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘കെ. സുധാകരൻ പത്ത് ലക്ഷം രൂപക്കുവേണ്ടി, മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് സാമാന്യബോധമുള്ള ഒരു മനുഷ്യനും വിശ്വസിക്കില്ല. സുധാകരൻ ആവശ്യപ്പെട്ടാൽ പത്തോ പതിനഞ്ചോ ലക്ഷം രൂപ നൽകാൻ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സജ്ജരാണ്. അദ്ദേഹത്തിനെതിരായ നീക്കങ്ങൾ രാഷ്ട്രീയ പകപോക്കലാണെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണിത്’ - ഖത്തർ ഇൻകാസ് നേതാവും ഒ.ഐ.സി.സി അഡ്വൈസറി ബോർഡ് ചെയർമാനും കൂടിയായ സിദ്ദീഖ് പുറായിൽ പറഞ്ഞു.
‘മോൺസൺ മാവുങ്കലുമായി തനിക്ക് നേരിട്ട് യാതൊരു ഇടപാടുമില്ല. പണം നൽകിയത് സഹോദരനായ യാക്കൂബ് പുറായിലിനും പരാതിക്കാരിൽ ഒരാളായ ഷമീറിനുമാണ്. ഇതിന് കരാറും ചെക്കും ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്. രണ്ടുമാസ കാലാവധിയിൽ ഒരു കോടി രൂപ കടമായാണ് സഹോദരന് നൽകിയിട്ടുള്ളത്. പരാതിക്കാർ എല്ലാം ഫ്രോഡുകളാണ് എന്ന തരത്തിലുള്ള പ്രചാരണം തീർത്തും ഖേദകരമാണ്. ചിലരെങ്കിലും വസ്തുത അറിയാതെ പണം നൽകിയ ആളുകളുണ്ട്. ഇത്തരം തട്ടിപ്പുകൾ നടക്കുമ്പോൾ അതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ച് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കണം. പരാതിക്കാരനായ ഷമീർ യാകൂബിന്റെ ജീവനക്കാരനായിരുന്നു. പിന്നീട് അദ്ദേഹം പാർട്ണർ ആവുകയായിരുന്നു. തന്റെ അറിവിൽ ഷമീർ ഒരു സി.പി.എം അനുഭാവിയാണ്’ - ഏബിൾ ഗ്രൂപ്പ് ചെയർമാൻ കൂടിയായ സിദ്ദിഖ് പുറായിൽ പറഞ്ഞു.
‘ഇടപാടിൽ പങ്കാളിയാവാൻ സഹോദരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിയുടെ കൈവശമുള്ള വസ്തുക്കളെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്കതിൽ വിശ്വാസക്കുറവ് തോന്നുകയും ഇക്കാര്യം സഹോദരനോടും സഹപരാതിക്കാരോടും പറയുകയും ചെയ്തിരുന്നു. പ്രതിയുടെ വാക്കുകൾ വിശ്വസിച്ച് കെണിയിൽ കുടുങ്ങിയാണ് ഇവർ കോടികൾ പ്രതിക്ക് നൽകിയത്. മോൺസന്റെ കെണിയിൽ കുരുങ്ങി പണം നൽകിയ അനൂപ്, എന്റെ സഹോദരൻ യാക്കൂബിനെ, മനപ്പൂർവ്വം ഇവരുടെ കെണിയിൽ പെടുത്തിയതാണെന്ന് സംശയിക്കുന്നു. ഇക്കാര്യം സഹോദരനോട് ഞാൻ ആദ്യം തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്.
മൈസൂരിലെ തെരുവുകളിൽ നിന്നും വാങ്ങിയ വസ്തുക്കൾ മ്യൂസിയം നിർമിച്ച് പ്രദർശിപ്പിച്ച്, വലിയ മൂല്യം ഉള്ളവയാണ് എന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇക്കാര്യം വിശ്വസിച്ച പോലീസ് അദ്ദേഹത്തിന്റെ വീടിനുമുമ്പിൽ എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയുണ്ടായി. മോൺസന്റെ തട്ടിപ്പ് തിരിച്ചറിയാതെയാണ് ഭരണകർത്താക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമ- സാമൂഹിക മേഖലയിലെ പ്രമുഖരും കുരുങ്ങിയത്. തട്ടിപ്പിനിരയായ പലരും മൗനം പാലിച്ച് പിൻവാങ്ങിയപ്പോൾ, പരാതിയുമായി ധൈര്യസമേതം മുന്നോട്ട് പോവുകയാണ് സഹോദൻ ചെയ്തത്’ -സിദ്ദീഖ് പുറായിൽ പറഞ്ഞു.
ഖത്തർ ഇൻകാസിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ കെ. സുധകരനുമായി കൂടികാഴ്ചകൾ നടത്തിയിട്ടുണ്ടെങ്കിലും മോൺസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഒന്നും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മോൻസൻ കേസ് വീണ്ടും ഉയർന്നു വന്ന സാഹചര്യത്തിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ അണികൾക്കിടയിൽ ഉയർന്നുവന്ന തെറ്റിദ്ധാരണകൾ നീക്കുന്നതിന്റെ ഭാഗമായാണ് കാര്യങ്ങൾ തുറന്നു പറയുന്നതെന്നും സിദ്ധീഖ് പുറായിൽ പറഞ്ഞു. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇൻകാസ് നേതാക്കളായ വിപിൻ മേപ്പയ്യൂർ, അഷ്റഫ് വടകര, സി.വി അബ്ബാസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.