Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകരണ്ടോത്ത്‌ മൂസ ഹാജി:...

കരണ്ടോത്ത്‌ മൂസ ഹാജി: ഓർമയായത് ഗൾഫ്‌ കുടിയേറ്റ ചരിത്ര ഏട്​

text_fields
bookmark_border
കരണ്ടോത്ത്‌ മൂസ ഹാജി: ഓർമയായത് ഗൾഫ്‌ കുടിയേറ്റ ചരിത്ര ഏട്​
cancel
camera_alt??? ????

ദോഹ: ഖത്തറിലെ ആദ്യകാല മലയാളി പ്രവാസിയായ കരണ്ടോത്ത്​ മൂസ ഹാജി( 85) നിര്യാതനായതോടെ ഓർമയാകുന്നത് ചരിത്രം കൂടിയാണ്. കഴിഞ്ഞ ദിവസം നാട്ടിലാണ് അദ്ദേഹം മരണപ്പെട്ടത്. അറുപതാണ്ടിലധികം ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച ഖത്തറിലെ ആദ്യ മലയാളി പ്രവാസികളിലൊരാളാണ്.  ഗള്‍ഫ് കുടിയേറ്റ ചരിത്രത്താളുകളിലെ മറക്കാനാകാത്ത അധ്യായമാണ് ആ ജീവിതം.1955ല്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാന്‍, ഇറാന്‍, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ താണ്ടി ശ്രമകരമായ യാത്രയിലൂടെ ദോഹയിലെത്തിയ ചരിത്രമാണ് മൂസ ഹാജിയുടേത്. അതും പാസ്‌പോര്‍ട്ടില്ലാത്ത യാത്ര. കൗമാരനാളിൽ  ഉടുത്ത വസ്ത്രം മാത്രമായി വില്യാപ്പള്ളിയിലെ ത​​െൻറ ഗ്രാമത്തിൽ നിന്നും ആദ്യം ചെന്നൈയിലേക്ക് ട്രെയിനില്‍ പോവുകയാണ് ചെയ്തത്. പിന്നീട് വിജയവാഡ, മുംബൈ എന്നിവിടങ്ങളിലേക്കും തുടര്‍ന്ന് ജോദ്പൂരിലേക്കും യാത്ര നടത്തി. പണമില്ലാത്തതിനാല്‍ കറാച്ചിയിലേക്ക് അനധികൃതമായി യാത്ര ചെയ്യേണ്ടി വന്നു. പിടിക്കപ്പെട്ടതിനാല്‍ കറാച്ചിക്കടുത്ത കുമോബാറകില്‍ നിന്ന് കൊദ്രോയിലേക്കും ഇറാ​​െൻറ അതിര്‍ത്തിയിലേക്കും ദീര്‍ഘമായ നടത്തമായിരുന്നു പോംവഴി. യാത്രയ്ക്കിടെ പലേടത്തും പല ജോലികളും ചെയ്യേണ്ടി വന്നു. റസ്‌റ്റോറൻറുകളിലും തുറമുഖങ്ങളിലും ജോലി ചെയ്തു. 


പലേടങ്ങളിലും പൊലീസ് കസ്റ്റഡിയിലാവുകയും ജയിലിലാവുകയും ചെയ്തു. ജോദ്പൂരില്‍ ടിക്കറ്റില്ലാത്തതിനാലാണ് അറസ്റ്റുണ്ടായത്. ഇറാന്‍ അതിര്‍ത്തിയില്‍ തീര സുരക്ഷാ സേനയുടെ പിടിയിലായി. വെള്ളമില്ലാതെ മരുഭൂമയില്‍ തളര്‍ന്നു വീഴുന്ന സാഹചര്യം വരെയുണ്ടായി. ഇറാന്‍ വഴി ഗള്‍ഫ് തീരം കടന്ന് ഒമാനില്‍ നിന്ന് പായക്കപ്പലില്‍ യു.എ.ഇയിലെ ഖുര്‍ഫുക്കാനിലാണ് ആദ്യമെത്തിയത്. പിന്നീട് അവിടെ നിന്ന് ദുബൈയിലേക്കും പായക്കപ്പലില്‍ ഖത്തറിലെ മിസഈദ് തുറമുഖത്തും വന്നെത്തുകയായിരുന്നു.1956 നവംബറിലാണ്‌ ഖത്തറിൽ എത്തുന്നത്‌. ആദ്യം ജോലി ചെയ്തത് ദോഹ പെട്രോള്‍ സ്‌റ്റേഷനു സമീപത്തെ സാമ റസ്‌റ്റോറൻറില്‍. ഇന്ത്യന്‍ രൂപയായിരുന്നു ഖത്തറിലെ വിനിമയ നാണയമെന്നതിനാല്‍ കൂലി 150 രൂപ. രൂപയും പിന്നീട് ബ്രിട്ടീഷ് പൗണ്ടും വിനിമയം നടന്നു. അന്ന് രൂപ പൗണ്ടാക്കി മാറ്റി മണി ഓര്‍ഡര്‍ അയക്കുകയായിരുന്നു പതിവ്. 9 വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാട്ടില്‍ പോകാനാലോചിക്കുമ്പോഴാണ് പാസ്‌പോര്‍ട്ട് ആവശ്യമാണെന്ന കാര്യം മനസ്സിലായത്. ഖത്തറില്‍ ഇന്ത്യയുടെ എംബസിയോ കോണ്‍സുലാര്‍ സേവനങ്ങളോ ഇല്ല. 1963ല്‍ മസ്‌ക്കറ്റിലുള്ള കോണ്‍സുലാര്‍ സ​െൻറര്‍ വഴിയാണ് പാസ്‌പോര്‍ട്ട് തരപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി മുമ്പ്​. 1964ലാണ് ഗള്‍ഫിലെത്തിയ ശേഷമുള്ള നാട്ടിലേക്കുള്ള ആദ്യയാത്ര. വര്‍ഷങ്ങള്‍ക്ക് ശേഷം ഓള്‍ഡ് സലതയില്‍ നീലിമ ഹോട്ടല്‍ ആരംഭിച്ച മൂസഹാജി പിന്നീട് സര്‍ക്ക എന്ന് ആ സ്ഥാപനത്തിന് പേരുമാറ്റി.  നീലിമ ആരംഭിച്ച കാലത്ത് തന്നെ ഓള്‍ഡ് സലതയിലെ കോര്‍ണിഷ് റോഡില്‍ നാസര്‍ ജൂസ്, നാസര്‍ ഗ്രോസറി, നാസര്‍ ബേക്കറി എന്നീ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മൂസഹാജി നാടിന്റെ വികസനത്തിലും വലിയ പങ്കുവഹിച്ചു.  മുസ്​ലീം ലീഗി​​െൻറ സജീവ പ്രവര്‍ത്തകനായിരുന്നു. 2 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്  നാട്ടിലേക്ക് മടങ്ങിയത്. ഫാതിമ ഹജ്ജുമ്മയാണ് ഭാര്യ. അബ്​ദുല്‍ നാസര്‍ നീലിമ, ഇസ്മാഈല്‍ നീലിമ (ഇരുവരും ഖത്തര്‍), കുഞ്ഞയിഷ, ഖദീജ, സമീറ, ലാഹിദ എന്നിവര്‍ മക്കളും മൊയ്തു എ .സി, ഇസ്മായില്‍ കളരിയില്‍, ഫൈസല്‍ കൊച്ചൻറവിട, നജീബ് മഠത്തില്‍, അസ്മ പാലപൊയില്‍, നസീമ വട്ടക്കാട്ടില്‍ മരുമക്കളുമാണ്. 

മൂസഹാജിയുടെ സേവനങ്ങള്‍  എക്കാലത്തും ഓർമിക്കപ്പെടുന്നതാണെന്ന് വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി  അറിയിച്ചു. തികഞ്ഞ ഉദാരമനസ്‌കനും ദാനശീലനും ആയിരുന്ന അദ്ദേഹം ജമാഅത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നുവെന്ന് പ്രസിഡൻറ്​ അബ്​ദുല്‍ ലത്തീഫ് തിരുവോത്ത്, ജനറല്‍ സെക്രട്ടറി പി.വി.എ. നാസര്‍, ട്രഷറര്‍ കെ.എം.നാസര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  വിയോഗത്തില്‍  പാറക്കല്‍ അബ്്ദുല്ല എം.എല്‍.എ, ഡോ.അബ്​ദുസ്സമദ്, പി.കെ.അബ്്ദുറഹീം, കെ.സൈനുല്‍ആബിദീന്‍, അടിയോട്ടില്‍ അഹ്​മദ്, തായമ്പത്ത് കുഞ്ഞാലി, എം.പി.ഷാഫിഹാജി, അബ്​ദുന്നാസര്‍ നാച്ചി എന്നിവര്‍ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsmoosahaji
News Summary - moosahaji-qatar news-gulf news
Next Story