മനസ്സിന് കരുതലാവാൻ കൂടുതൽ ക്ലിനിക്കുകൾ
text_fieldsദോഹ: മാനസികാരോഗ്യ ചികിത്സ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾക്ക് തുടക്കം കുറിച്ചു.
പി.എച്ച്.സി.സിയും ഹമദ് മെഡിക്കൽ കോർപറേഷൻ മെന്റൽ ഹെൽത്ത് കെയർ സർവിസും ചേർന്നാണ് പി.എച്ച്.സി.സികളിൽ 24 അധിക ക്ലിനിക്കുകൾ ആരംഭിച്ചത്. കൂടുതൽ രോഗികൾക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
അൽ വാബ് ഹെൽത്ത് സെന്റർ, അൽ സദ്ദ് ഹെൽത്ത് സെന്റർ, അൽ മെഷാഫ്, ഖത്തർ യൂനിവേഴ്സിറ്റി ഹെൽത്ത് സെന്റർ, അൽ വജ്ബ ഹെൽത്ത് സെന്റർ തുടങ്ങിയ 24 ക്ലിനിക്കുകളിലാണ് പുതിയ സേവനം.
ഹെൽത്ത് സെന്ററുകൾ കേന്ദ്രീകരിച്ച് കൂടുതൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിക്കുന്നതോടെ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം മാനസിക വെല്ലുവിളികളും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് എച്ച്.എം.സി മെന്റൽ ഹെൽത്ത് സർവിസ് സി.ഇ.ഒ സൈദ്ലാൻ തൂലെ പറഞ്ഞു. പി.എച്ച്.സി.സികളുമായി സഹകരിച്ച് ഏറ്റവും മികച്ചതും നൂതനവുമായി ചികിത്സ സൗകര്യങ്ങൾ മാനസികാരോഗ്യ മേഖലകളിൽ ഉറപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.
രോഗികൾക്ക് കൃത്യസമയത്തുതന്നെ ചികിത്സ ലഭിക്കാനും കാത്തിരിപ്പ് സമയം കുറക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കുമെന്ന് പി.എച്ച്.സി.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടറും ഫാമിലി മെഡിസിൻ സീനിയർ കൺസൾട്ടന്റുമായ ഡോ. സാമിഅ അൽ അബ്ദുല്ല പറഞ്ഞു.
പ്രവാസത്തിലെ തൊഴിൽ, കുടുംബ സാഹചര്യങ്ങളിൽ സമ്മർദങ്ങൾക്ക് അടിപ്പെടുമ്പോഴും ഏകാന്തതയിലുമായി പ്രശ്നങ്ങൾ നേരിടുമ്പോൾ എളുപ്പത്തിൽ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നതാണ് അധികൃതരുടെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.