ഖത്തർ ലോകകപ്പ്; യാത്രാവഴിയിൽ നട്ടെല്ലായി കർവ
text_fieldsദോഹ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് മുവാസലാത്ത് (കർവ) വഴി 75 ലക്ഷത്തിലധികം പേർ യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു. മെട്രോ ലിങ്ക് ഉൾപ്പെടെ 200ലധികം റൂട്ടുകളിൽ മണിക്കൂറുകളോളം സമയമാണ് കർവക്ക് കീഴിൽ ബസുകൾ ലോകകപ്പ് കാലയളവിൽ സർവിസ് നടത്തിയത്.
ഖത്തർ ലോകകപ്പ് സമാപിച്ചതോടെ ലോകമെമ്പാടുമുള്ള വമ്പൻ ഇവൻറ് ഗതാഗതത്തിന് പുതിയ മാനദണ്ഡങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. സുസ്ഥിരമായ ഗതാഗതമാർഗങ്ങളിലൂടെ മെഗാ ഓപറേഷനുകൾ വിജയകരമായി സംഘടിപ്പിക്കാനാകുമെന്ന് മുവാസലാത്ത് ലോകത്തിനു മുന്നിൽ തെളിയിച്ചതായും കമ്പനി അവകാശപ്പെട്ടു.
ഖത്തറിനായി 2022ൽ മുവാസലാത്ത് 4000 ബസുകളാണ് വിന്യസിച്ചത്. 90ലധികം രാജ്യങ്ങളിൽനിന്നുള്ള 18,000ത്തിലധികം ജീവനക്കാരെയും പ്രത്യേകം പരിശീലനം നൽകി ആയിരക്കണക്കിന് ഡ്രൈവർമാരെയും പൊതുഗതാഗത മേഖലയുടെ സുഗമമായ നടത്തിപ്പിന് നിയമിച്ചിരുന്നു.
ടൂർണമെൻറ് സമയത്ത് പൊതു ബസുകൾക്കു പുറമേ വൈവിധ്യമാർന്ന ഗതാഗതസേവനങ്ങളാണ് കർവ യാത്രക്കാർക്കായി ലഭ്യമാക്കിയത്. താമസകേന്ദ്രങ്ങൾ തമ്മിലുള്ള പ്രത്യേക ഷട്ടിൽ ബസ് സർവിസ്, പ്രധാന താമസ കേന്ദ്രങ്ങളിൽനിന്നും ക്രൂസ് കപ്പലുകളിൽനിന്നും സ്റ്റേഡിയങ്ങളിലേക്കുള്ള ഷട്ടിൽ സർവിസ്, സ്റ്റേഡിയം എക്സ്പ്രസ് ബസുകൾ എന്നിവയും സെൻട്രൽ ദോഹ സർവിസുകൾക്കു പുറമേ, യാത്രക്കാരെ ഫാൻസോണുകളിലേക്കും കോർണിഷിനു ചുറ്റുമുള്ള ഇവൻറുകളിലേക്കും എത്തിക്കുന്നതിനുള്ള പ്രത്യേക സർവിസുകളും മുവാസലാത്ത് വിജയകരമായി നടത്തി.
ഹമദ് വിമാനത്താവളം, ദോഹ വിമാനത്താവളം എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ എയർപോർട്ട് കണക്ടർ സേവനങ്ങളും സ്ഥാപിച്ചു. ഇതിനു പുറമേ, വിമാനത്താവളങ്ങളിൽനിന്നും 24 മണിക്കൂറും ആക്സസ് ചെയ്യാവുന്ന കർവ ടാക്സികൾ, ലിമോസിൻ വാഹനങ്ങളും ലഭ്യമാക്കി.
29,10,425 കിലോമീറ്ററിലായി 2,34,447 മണിക്കൂറാണ് ബസ് സർവിസ് നടത്തിയത്. ആരാധകർക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാൻ അവസരം നൽകി ടൂർണമെൻറിന്റെ ചരിത്രത്തിലാദ്യമായി ‘സ്റ്റേഡിയം ടു സ്റ്റേഡിയം എക്സ്പ്രസ്’ ബസുകൾ, മുവാസലാത്ത് നടപ്പാക്കിയ പൊതുഗതാഗത സംവിധാനങ്ങളിൽ ഏറെ പ്രശംസ നേടി. അതുവഴി 54,709 പേരാണ് സ്റ്റേഡിയങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്കു മാത്രമായി യാത്രചെയ്തത്.
അബൂ സംറ അതിർത്തിയിലും കർവ
അയൽരാജ്യങ്ങളിൽനിന്ന് ആരാധകരെ എത്തിക്കുന്നതിനായി അബൂ സംറ അതിർത്തിയിലേക്കും തിരിച്ച് ദോഹയിലേക്കുമായി 600 ബസുകളാണ് സർവിസ് നടത്തിയത്. 41,4970 യാത്രക്കാരാണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ലിമോസിൻ, പാസഞ്ചർ ട്രാൻസ്പോർട്ട് കമ്പനികൾ എന്നിവയിലൂടെ 87.4 ലക്ഷത്തിലധികം യാത്രകളാണ് റിപ്പോർട്ട് ചെയ്തത്.
പരിസ്ഥിതിസൗഹൃദ ഗതാഗത മേഖലകളിൽ വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിനുള്ള ഉത്തേജകമായി ടൂർണമെൻറ് പ്രവർത്തിച്ചുവെന്ന് മുവാസലാത്ത് ചൂണ്ടിക്കാട്ടി. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ആരാധകരെ എത്തിക്കാൻ 900 ഇലക്ട്രിക് ബസുകളാണ് വിന്യസിക്കപ്പെട്ടത്. 18,078 മരങ്ങളിൽനിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് ആഗിരണത്തിന് തുല്യമായ കാർബൺ ഫൂട്പ്രിൻറുകൾ കുറക്കാൻ ഇത് സഹായിച്ചതായി അധികൃതർ അറിയിച്ചു.
വീൽചെയർ ഉപയോഗിക്കുന്നവർക്കായി എളുപ്പവും വിശ്വസനീയവുമായ ആക്സസ് എന്ന മുവാസലാത്തിന്റെ വാഗ്ദാനം നിറവേറ്റുന്നതുകൂടിയായിരുന്നു ഗതാഗത സംവിധാനം. എല്ലാവർക്കും ഖത്തർ എന്ന അജണ്ടയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതിയിൽ ഭിന്നശേഷിക്കാർക്കായി 70 വാഹനങ്ങളാണ് സമർപ്പിച്ചത്. കൂടാതെ, ബസ് നിരയിലെ 930ലധികം ബസുകൾ വീൽചെയർ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങളോടു കൂടിയുള്ളതുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.