പകുതിയിലധികം ജനങ്ങളും കോവിഡ് വാക്സിൻ എടുത്തു
text_fieldsദോഹ: ഖത്തറിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ വിജയത്തിലേക്ക്. വാക്സിനെടുക്കുന്നതിന് യോഗ്യരായ ജനസംഖ്യയിലെ 53.8 ശതമാനം പേരും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചുകഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.60 വയസ്സിനു മുകളിലുള്ളവരിൽ 89.2 ശതമാനം പേരും ഒരു ഡോസ് എങ്കിലും വാക്സിനെടുത്തിട്ടുണ്ട്. ഇവരിൽ 83.3 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ വരെ ആകെ 2190807 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്. ദിവസവും മുപ്പതിനായിരത്തിലധികം ഡോസ് ആണ് നൽകുന്നത്. വാക്സിൻ സ്വീകരിച്ച ആളുകളുടെ ശതമാനക്കണക്കിൽ ഖത്തർ ലോകത്ത് ഒമ്പതാമതാണ്. ഖത്തറിൽ എല്ലാവർക്കും ഫൈസർ, മൊഡേണ വാക്സിനുകളാണ് സൗജന്യമായി നൽകുന്നത്. വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ക്യു.എൻ.സി.സി കേന്ദ്രത്തിലും ഇൻഡസ്ട്രിയൽ ഏരിയയിലെ കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്. വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനാപട്ടികയിൽ 30 വയസുള്ളവരെയും കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു.
ഇതോടെ 30ഉം അതിന് മുകളിലും പ്രായമുള്ളവർക്ക് പി.എച്ച്.സികളിൽ നിന്ന് വാക്സിൻ എടുക്കാനുള്ള അപ്പോയ്ൻമെൻറുകൾ അയക്കും. രാജ്യത്തെ പ്രവാസികളിൽ ഭൂരിഭാഗം പേരും 30 വയസ്സും അതിനു മുകളിലും പ്രായമുള്ളവരാണ്. ഇതോടെ പ്രവാസികളടക്കം എല്ലാവർക്കും വാക്സിൻ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്. ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രധാന മന്ത്രാലയങ്ങളുമായി ബന്ധെപ്പട്ടവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് നിലവിൽ വാക്സിൻ മുൻഗണനപ്പട്ടികയിൽ ഉള്ള മറ്റുള്ളവർ. ഇൗ ഗണത്തിലുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് നേരിട്ട് ബന്ധപ്പെടും.
12നും 15നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടതിനാൽ ഈ പ്രായക്കാർക്കും രാജ്യത്ത് ഉടൻതന്നെ വാക്സിൻ നൽകിത്തുടങ്ങും. ഇതിനായി രക്ഷിതാക്കൾ ആരോഗ്യമന്ത്രാലയം വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. https://appcovid19.moph.gov.qa/ar/instructions.html എന്ന ലിങ്കിലൂെടയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വരുന്ന സെപ്റ്റംബർ മുതൽ അടുത്ത സ്കൂൾ വർഷം തുടങ്ങാനിരിക്കെ രാജ്യത്തെ വിദ്യാഭ്യാസരംഗവും കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ കുട്ടികളിലെ വാക്സിനേഷനിലൂടെ കഴിയും. മേയ് 28 മുതൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുകയാണ്. അന്നുമുതൽ സ്കൂളുകൾ 30 ശതമാനം ശേഷിയിൽ െബ്ലൻഡഡ് പാഠ്യരീതിയിൽ പ്രവർത്തനം പുനരാരംഭിക്കും. അടുത്ത ഘട്ടത്തിൽ 50 ശതമാനം ശേഷിയിലും സ്കൂളുകൾക്ക് പ്രവർത്തിക്കാം. സ്കൂൾഅധ്യാപകർക്കും ജീവനക്കാർക്കും നേരത്തേ തന്നെ വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.
വാക്സിൻ എടുത്തവർക്ക് മേയ് 28 മുതൽ നിരവധി ഇളവുകളാണ് വരുന്നത്. ബാർബർ ഷോപ്പുകൾ, റസ്റ്റാറൻറുകൾ, ജിം തുടങ്ങിയ ഇടങ്ങളിൽ വാക്സിൻ എടുത്തവർക്കു മാത്രം പ്രവേശനം നൽകുകയാണ് ഈ ഘട്ടത്തിൽ ചെയ്യുക. ഖത്തറിൽനിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഒമ്പത് മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട എന്ന ഇളവും നിലവിൽ വന്നുകഴിഞ്ഞു. നേരത്തേ ഇത് ആറുമാസമായിരുന്നു.
എന്നാൽ ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്നുള്ള എല്ലാവർക്കും ഖത്തറിൽ പത്തുദിവസം ക്വാറൻറീൻ നിർബന്ധമാണ്. നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യമന്ത്രാലയത്തിൻെറ ലക്ഷ്യം. വിമാനയാത്രക്കടക്കം വാക്സിൻ നിർബന്ധമാകാൻ പോകുകയാണ്. നിലവിൽ വിവിധ വിമാനക്കമ്പനികൾ യാത്ര പുറെപ്പടുന്നതിനു മുമ്പുതന്നെ വാക്സിൻ സ്വീകരിച്ചത് സംബന്ധിച്ച വിവരങ്ങൾ കൂടി ചോദിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളും വാക്സിൻ സ്വീകരിച്ചവരെ മാത്രം പ്രവേശിപ്പിക്കാനുള്ള നടപടികളിലാണ്. ഇതിനകം ആസ്ട്രേലിയ തങ്ങളുടെ രാജ്യത്തേക്ക് വാക്സിൻ സ്വീകരിച്ചവരെ മാത്രമാണ് അനുവദിക്കുന്നത്.
മഹാമാരി ഈ രൂപത്തിൽ തുടരുകയും കൃത്യമായ ചികിത്സ ഇല്ലാതിരിക്കുകയും ചെയ്താൽ രാജ്യങ്ങൾക്ക് വാക്സിനേഷൻ നിർബന്ധമാക്കുകയല്ലാതെ നിവൃത്തിയുണ്ടാകിെല്ലന്നാണ് ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറയുന്നത്. നിലവിൽ പല കമ്പനികളും യാത്രക്കാരോട് കോവിഡ് വാക്സിനേഷൻെറ രേഖകൾ ആവശ്യെപ്പടുന്നുണ്ട്. വിമാനയാത്രയുടെ അടുത്ത ഘട്ടത്തിൽ എല്ലാവർക്കും വാക്സിനേഷൻ വേണ്ടിവരുന്ന സ്ഥിതിയാണ്. അടുത്തുതന്നെ എല്ലാ രാജ്യങ്ങളും ഇത് നിർബന്ധമാക്കുമെന്നും ബാകിർ പറഞ്ഞു. വിമാനയാത്രക്ക് വാക്സിനേഷൻ നിർബന്ധമാക്കുന്ന നടപടികളിലാണ് ഖത്തർ എയർവേസും.
• ലോകകപ്പിനെത്തുന്നവർക്കും വാക്സിൻ
2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനായി എത്തുന്ന എല്ലാവർക്കും കോവിഡ് വാക്സിൻ നിർബന്ധമായേക്കും. ഇതിനകം ഖത്തറിൽ നടന്ന വിവിധ കായികമേളകൾക്ക് എത്തുന്ന എല്ലാവർക്കും വാക്സിൻ ഉറപ്പുവരുത്തിയിരുന്നു. ഖത്തർ ലോകകപ്പിന് എത്തുന്ന എല്ലാവർക്കും വാക്സിൻ ഉറപ്പുവരുത്തുമെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞിട്ടുണ്ട്. ഇതിനായി വാക്സിൻ വിതണക്കാരുമായി ഖത്തർ ചർച്ചകൾ നടത്തിവരുകയാണ്. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.
ടൂർണമെൻറിൽ പങ്കെടുക്കുന്ന എല്ലാവർക്കും വാക്സിൻ നൽകുന്നത് എങ്ങനെ വിജയിപ്പിക്കാൻ കഴിയുമെന്നതിലാണ് ചർച്ച. പൂർണമായും കോവിഡ്മുക്തമായ ലോകകപ്പ് നടത്തുകയെന്നതാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഖത്തറിൽ നടന്ന മോട്ടോ ജി.പി 2021 ലോക ബൈക്ക് റേസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്കും വാക്സിൻ ഉറപ്പാക്കിയിരുന്നു. ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കടക്കം പ്രേവശനത്തിന് വാക്സിൻ നിർബന്ധമാക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.