മൊറോക്കോ: അടിയന്തര സഹായവുമായി ഖത്തർ റെഡ് ക്രസന്റ്
text_fieldsദോഹ: ഭൂകമ്പം പിടിച്ചുകുലുക്കിയ മൊറോക്കോയിലേക്ക് ഒരു ദശലക്ഷം റിയാലിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിന് ഭക്ഷ്യേതര വസ്തുക്കൾ, ടെന്റുകൾ, പുതപ്പുകൾ, വ്യക്തിശുചിത്വ സാമഗ്രികൾ, ഭക്ഷ്യ-ആരോഗ്യ ആവശ്യങ്ങൾ തുടങ്ങിയ അവശ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അടിയന്തര നടപടിയെന്നോണമാണ് പത്തുലക്ഷം റിയാൽ അനുവദിച്ചിരിക്കുന്നത്.
ഭൂചലനമുണ്ടായ സമയം മുതൽ മൊറോക്കോയെ പ്രത്യേകിച്ചും അൽ ഹൗസ് പ്രവിശ്യയിലെ നാശനഷ്ടങ്ങളുടെ അനന്തരഫലങ്ങൾ ഖത്തർ റെഡ് ക്രസന്റ് സൂക്ഷ്മമായി വിലയിരുത്തിയാണ് അടിയന്തര സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പൗരാണിക നഗരമായ മറാക്കിഷിൽനിന്ന് 56 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്ന ഇഗിൽ നഗരത്തിൽ സെപ്റ്റംബർ എട്ടിനാണ് റിക്ടർ സ്കെയിലിൽ ഏഴ് രേഖപ്പെടുത്തിയ ലോകത്തെ നടുക്കിയ ഭൂചലനം സംഭവിച്ചത്.
മൊറോക്കോയിലെ ഒമ്പത് പ്രവിശ്യകളിലായി ഇതുവരെ രണ്ടായിരത്തഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും മൂന്ന് ലക്ഷത്തിലധികം ആളുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
മൊറോക്കോൻ റെഡ് ക്രസന്റ്, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ് ആൻഡ് റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഡിസാസ്റ്റർ ഇൻഫർമേഷൻ മാനേജ്മെന്റ് സെന്റർ സജീവമാക്കി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയത്.
ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചും ഖത്തർ അമീരി ഫോഴ്സിന്റെ സഹായത്തോടെയും മൊറോക്കോയിലേക്കുള്ള ഖത്തർ റെഡ് ക്രസന്റിന്റെ ദുരിതാശ്വാസ വിമാനങ്ങൾ സഹായമെത്തിക്കും. ഭൂകമ്പ ബാധിതർക്കുള്ള ഭക്ഷണ സാധനങ്ങളുൾപ്പെടെയുള്ള അവശ്യവസ്തുക്കളും മറ്റും വിമാനത്തിലുണ്ടാകും.
ദുരിതാശ്വാസ ടെന്റുകൾ, സോളാർ ലൈറ്റുകൾ, അടുക്കള പാത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും മൊറോക്കോയിലേക്കുള്ള സഹായത്തിൽ ഉൾപ്പെടും. അടിയന്തര സഹായമെന്നോണം കഴിഞ്ഞ ദിവസം രാവിലെ സഹായവസ്തുക്കളുമായി വിമാനം മൊറോക്കോയിലേക്ക് പുറപ്പെട്ടിരുന്നു.
കൂടുതൽ അടിയന്തര സഹായമെത്തിക്കുന്നതിന് വെബ്സൈറ്റ് വഴിയും ഇലക്ടോണിക് ആപ് വഴിയും വിവിധ സഹായ പാക്കേജുകൾ ഖത്തർ റെഡ് ക്രസന്റ് സജീവമാക്കിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളോടും മറ്റു സംഭവങ്ങളോടും ഖത്തർ റെഡ് ക്രസന്റിന്റെ പ്രവർത്തനങ്ങൾ അതിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നുണ്ടാകുന്നതാണെന്ന് ആക്ടിങ് സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർക്ക് വേഗത്തിലും രോഗശമനം ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ മൊറോക്കൻ റെഡ് ക്രസന്റിന് ഐക്യദാർഢ്യം അറിയിക്കുകയാണെന്നും അൽ ഇമാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.