മോട്ടോർ ഷോ; സീലൈനിൽ അഡ്വഞ്ചർ ഹബ്
text_fieldsദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള വാഹനങ്ങളുടെ അതുല്യ പ്രദർശനമൊരുക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ (ജി.ഐ.എം.എസ്) ഖത്തറിന്റെ ഭാഗമായി സാഹസിക ഡ്രൈവിങ് പ്രേമികൾക്കും ഉശിരൻ ആഘോഷം കാത്തിരിക്കുന്നു. ഖത്തർ ടൂറിസം നേതൃത്വത്തിൽ സീലൈൻ അഡ്വഞ്ചർ ഹബ് എന്ന പേരിലാണ് ജിംസ് ഖത്തറിന്റെ ഭാഗമായി വിവിധ പ്രദർശനങ്ങൾ ഒക്ടോബർ ഏഴു മുതൽ തുടക്കം കുറിക്കുന്നത്. ഒക്ടോബർ അഞ്ചു മുതൽ 14 വരെ നീളുന്ന ജിംസ് ഖത്തറിന്റെ ഭാഗമായാണ് സീലൈൻ അഡ്വഞ്ചർ ഹബ് അരങ്ങേറുന്നത്.
അതുല്യവും സവിശേഷവുമായ ഓഫ് റോഡ് വാഹന അനുഭവങ്ങൾ തേടുന്ന സാഹസിക പ്രേമികളുടെ പ്രധാന കേന്ദ്രമായി സീലൈൻ അഡ്വഞ്ചർ ഹബ് മാറുമെന്ന് ഖത്തർ ടൂറിസം പ്രസ്താവനയിൽ വ്യക്തമാക്കി.സീലൈനിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ആഡംബര ഹോട്ടലായ ദ ഔട്ട്പോസ്റ്റ് അൽ ബരാരി ഹോട്ടലിൽ നിർമിച്ച സീലൈൻ അഡ്വഞ്ചർ ഹബ് ഒക്ടോബർ ഏഴു മുതൽ 13 വരെ പ്രവർത്തിക്കും.ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന സീലൈൻ അഡ്വഞ്ചർ ഹബിൽ കാർ ഗാലറിയും സ്ഥാപിക്കും.
ഐക്കണിക് ഓഫ് റോഡ് കാറുകൾക്കൊപ്പം പുതിയ കാറുകളുടെ പ്രദർശനവും ഔട്ട്ഡോർ വേദിയിൽ നടക്കും.ഓട്ടോമോട്ടിവ് പ്രദർശനത്തെ കൂടുതൽ സവിശേഷമാക്കുന്നതോടൊപ്പം, മരുഭൂമിയുടെ പ്രകൃതിസൗന്ദര്യത്തിൽ മുഴുകാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കുമെന്ന് ഖത്തർ ടൂറിസം മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മേധാവി ശൈഖ ഹെസ ആൽഥാനി പറഞ്ഞു.പ്രതിദിനം അഞ്ചു മണിക്കൂർ മാത്രം പ്രവർത്തിക്കുന്ന സീലൈൻ അഡ്വഞ്ചർ ഹബ് വൈകീട്ട് മൂന്നു മണിക്ക് ആരംഭിക്കും. കാർ പ്രദർശനം നേരിൽ കാണുന്നതിനും മരുഭൂമിയിലെ സാഹസിക പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും സന്ദർശകർക്ക് മൂന്നു മുതലാണ് പ്രവേശനം അനുവദിക്കപ്പെടുക.
ഒട്ടക സവാരി, ഡ്യൂൺ ബാഷിങ്, ഫാൽക്കൺറി, ക്വാഡ് ബൈക്കിങ്, സാൻഡ് ബോർഡിങ്, റിമോട്ട് കൺട്രോൾ കാറുകളുടെ പ്രവർത്തനം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മരുഭൂമിയും കടലും സംഗമിക്കുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നെന്ന നിലയിൽ ജനീവ മോട്ടോർ ഷോയിൽ സീലൈനും പ്രത്യേകം അടയാളപ്പെടുത്തപ്പെടും.എല്ലാ ദിവസവും വൈകീട്ട് 5.30ന് പ്രത്യേക പ്രദർശനം ആരംഭിക്കും. തത്സമയ പാചക സ്റ്റേഷനുകളോടെയുള്ള മരുഭൂമി ക്യാമ്പും ഇവിടെ സജീവമാകും. കൂടാതെ സംഗീത, വിനോദ പരിപാടികളും സന്ദർശകർക്കായി ആവിഷ്കരിക്കും.
രാത്രി എട്ടു മണിയോടെ അതിഥികൾ ജിംസിന്റെ പ്രധാന വേദിയായ ഡി.ഇ.സി.സിയിലേക്ക് മടങ്ങും.അഡ്വഞ്ചർ ഹബിനുള്ള സ്റ്റാൻഡേഡ് ടിക്കറ്റിൽ പ്രവേശനം, അത്താഴം, മരുഭൂമി പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പ്രീമിയം ടിക്കറ്റിൽ ഡി.ഇ.സി.സിയിലേക്കും പുറത്തേക്കുമുള്ള ഷട്ടിൽ സർവിസും ഡ്യൂൺ ബാഷിങ്ങും അധികമായി ഉൾപ്പെടുന്നു. താമസ പാക്കേജുൾപ്പെടുന്ന ടിക്കറ്റിൽ ദ ഔട്ട്പോസ്റ്റ് അൽ ബരാരിയുടെ ആഡംബര വില്ലകളിലൊന്നിൽ ഒരു രാത്രി താമസിക്കാനുള്ള അവസരവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.