മൗണ്ട് എൽബ്രസ് കീഴടക്കാൻ ഖത്തരി പർവതാരോഹകൻ നാസർ അൽ മിസ്നാദ്
text_fieldsദോഹ: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ റഷ്യയിലെ മൗണ്ട് എൽബ്രസ് കീഴടക്കാൻ ഖത്തരി പർവതാരോഹകൻ നാസർ അൽ മിസ്നാദ്. സമുദ്രനിരപ്പിൽനിന്ന് 5,624 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലെത്താൻ അദ്ദേഹം കയറ്റം ആരംഭിച്ചു. മൗണ്ട് എൽബ്രസ് ലക്ഷ്യമാക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുതൽ നല്ല പിന്തുണയും പ്രോത്സാഹനവുമാണ് നാസർ അൽ മിസ്നാദിന് ലഭിക്കുന്നത്. ഖത്തറിലെ സഹ പർവതാരോഹകനും എവറസ്റ്റും ലോത്സെയും ഒറ്റ പര്യവേക്ഷണത്തിലൂടെ കീഴടക്കിയ ആദ്യത്തെ അറബ് വംശജനുമായ ഫഹദ് അബ്ദുറഹ്മാൻ ബദർ നാസർ അൽ മിസ്നാദിനെ അഭിനന്ദനം അറിയിച്ചു. പർവതാരോഹണം നാസർ അൽ മിസ്നാദിന് പുത്തരിയല്ല. 2019ൽ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ റീച്ച് ഔട്ട് ടു ഏഷ്യ പ്രതിനിധി സംഘത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. ഏഷ്യക്കും പുറത്തുമുള്ള പ്രതിസന്ധി ബാധിത പ്രദേശങ്ങളെക്കുറിച്ചും സംഘർഷങ്ങൾ വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കുന്ന ആഘാതത്തെ കുറിച്ചും അവബോധം വളർത്താനുള്ള കാമ്പയിനിന്റെ ഭാഗമായിരുന്നു സംഘത്തിന്റെ മലകയറ്റം. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഖത്തരി ശൈഖ് മുഹമ്മദ് ആൽഥാനി, ഓക്സിജൻ പിന്തുണയില്ലാതെ രണ്ട് 8,000 മീറ്റർ കൊടുമുടികൾ കയറിയ ആദ്യ അറബ് വംശജയായ ശൈഖ അസ്മ ആൽഥാനി, പരിശീലകനും സ്പോർട്സ് ന്യൂട്രീഷ്യനിസ്റ്റുമായ അബ്ദുല്ല അൽ ജാബ്രി, മറിയം അൽ മാലികി എന്നിവരും ആ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.