ശബ്ദമില്ലാത്തവരുടെ ശബ്ദമായി ശൈഖ അസ്മ
text_fieldsരാജ്യാന്തര തലത്തിൽ ഓരോ ചുവടിലും ഖത്തറിന്റെ അഭിമാനമാണ് ശൈഖ അസ്മ ആൽഥാനി. മഞ്ഞുപുതച്ച്, ആകാശം മുട്ടിനിൽക്കുന്ന കൊടുമുടികളെ കാൽകീഴിലാക്കി, ഓരോ പർവതങ്ങളെയും കീഴടക്കുന്ന രാജകുടുംബാംഗം കൂടിയായ ശൈഖ അസ്മക്ക് ഇപ്പോൾ പുതിയൊരു ദൗത്യംകൂടി രാജ്യാന്തര തലത്തിൽ വന്നുചേർന്നിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഭയാർഥി അവകാശ സംരക്ഷണ വിഭാഗമായ യു.എൻ.എച്ച്.സി.ആറിന്റെ പ്രചാരകയും അംബാസഡറും എന്ന പദവി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പലകാരണങ്ങളാൽ പലായനം ചെയ്യപ്പെട്ട്, അഭയാർഥികളായി കഴിയാൻ വിധിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി ഇനി ശൈഖ അസ്മയുടെ ശബ്ദമുയരും. പുതുവർഷത്തിൽ ദക്ഷിണ ധ്രുവത്തിലെത്തി അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമേറിയ മൗണ്ട് വിൻസൺ കൊടുമുടിയേറി, ലാസ്റ്റ് ഡ്രിഗ്രി പോയന്റിലേക്ക് 111 കി.മീറ്റർ മഞ്ഞുയാത്രയും നടത്തിയ അസ്മ യു.എൻ അഭയാർഥി ഏജൻസിയുടെ പതാക പിടിച്ച ചിത്രം പങ്കുവെച്ചുകൊണ്ടാണ് അവരുടെ ശബ്ദമായി മാറിയത്.
'പുതുവർഷം പിറക്കുമ്പോൾ വീടും നാടും വിട്ട് സമാധാനവും സ്വൈരജീവിതവും തേടി പലായനം ചെയ്യേണ്ടി വന്ന 84 ദശലക്ഷം മനുഷ്യരെ മറക്കാൻ പാടില്ല. അന്റാർട്ടിക്കയിലെ കൊടുംതണുപ്പിൽ നിൽക്കുമ്പോൾ എനിക്ക് അവർക്കായി പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയുന്നില്ല. എന്നാൽ, തങ്ങളുടെ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാൻ അഭയാർഥികളായ മാതാപിതാക്കൾ നടത്തുന്ന അപകടകരമായ യാത്രകൾക്കൊപ്പമാണ് എന്റെ മനസ്സ്. അവർക്കുവേണ്ടി എന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കും'-ശൈഖ അസ്മ പറയുന്നു.
ശൈഖ അസ്മയുടെ ധീരതയെയും തീരുമാനത്തെയും ഖത്തറിന്റെ യു.എൻ.എച്ച്.സി.ആർ പ്രതിനിധി അയാത് അൽ ദിവാരി അഭിനന്ദിച്ചു. അവരുടെ അഭിനിവേശവും ധൈര്യവും സമർപ്പണവും കരുത്തുമെല്ലാം അഭിനന്ദനീയമാണ്. വനിതകൾ ഉൾപ്പെടെ വലിയൊരു സമൂഹത്തിന് എന്നും പ്രചോദനമാണ് ശൈഖ അസ്മ. അഭയാർഥി സമൂഹത്തോടുള്ള അവരുടെ ഐക്യദാർഢ്യത്തിന് നന്ദിയർപ്പിക്കുന്നു. അവളുടെ സാഹസിക നേട്ടങ്ങൾ പുതുതലമുറയെ ശാക്തീകരിക്കുന്നതിനൊപ്പം, ലോകമെമ്പാടുമുള്ള ദുർബലരായ അഭയാർഥികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള വേദികൂടിയാകും -അയാത് അൽ ദിവാരി പറഞ്ഞു.
അഭയാർഥി സമൂഹത്തിന്റെ ഉറച്ച ശബ്ദമായി മാറുന്ന ശൈഖ അസ്മയുടെ തീരുമാനത്തിന് നന്ദിയർപ്പിക്കുന്നതായും അവർ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള കൊടുമുടികളിൽ സഞ്ചരിച്ച്, അറേബ്യൻ മണ്ണിൽ സാഹസികതയുടെ പര്യായമായാണ് ശൈഖ അസ്മ ശ്രദ്ധിക്കപ്പെടുന്നത്. അന്റാർട്ടിക്കയിലെത്തി മൗണ്ട് വിൻസൺ കീഴടക്കുന്ന ആദ്യ ഖത്തർ വനിതയായ അവർ, ഏഴ് കൊടുമുടികളും ദക്ഷിണ-ഉത്തര ധ്രുവങ്ങളും കീഴടക്കി പശ്ചിമേഷ്യയിൽ സാഹസികതയുടെ ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ വനിതയായി മാറാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.