വിജയത്തോടെ ഒളിമ്പിക്സിനൊരുങ്ങി മുഅ്തസ് ബർഷിം
text_fieldsദോഹ: പാരിസ് ഒളിമ്പിക്സിനുമുമ്പേ ജർമനിയിലെ ഹിൽബ്രോണിൽ നടന്ന അന്താരാഷ്ട്ര ഹൈജംപ് മത്സരത്തിൽ വിജയക്കൊടി നാട്ടി ആത്മവിശ്വാസത്തോടെ ഖത്തറിന്റെ സൂപ്പർതാരം മുഅ്തസ് ബർഷിം. 2.31 മീറ്റർ ചാടിയാണ് അദ്ദേഹം സീസണിലെ ബെസ്റ്റ് ഉയരം താണ്ടി സ്വർണം ഉറപ്പിച്ചത്. 2.29 മീറ്റർ ചാടി ജർമൻ താരം തോബിയാസ് പോട്യേ, 2.27 മീറ്റർ ചാടി മുൻ ലോകചാമ്പ്യൻ ഡോണൾഡ് തോമസ് എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടി. ഖത്തറിന്റെ ഒളിമ്പിക്സ് സംഘത്തെ നയിക്കുന്നത് ബർഷിമാണ്. ഒളിമ്പിക്സ് തയാറെടുപ്പുകളുടെ ഭാഗമായി നടത്തിയ മീറ്റിൽ ലോകത്തെ മുൻനിര താരങ്ങൾ മാറ്റുരച്ചിരുന്നു.
കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ബർഷിം ഒളിമ്പിക്സോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയും ബർഷിം തന്നെ. കഴിഞ്ഞ തവണ ടോക്യോയിൽ ഇറ്റാലിയൻ താരം ജിയാൻ മാർകോ ടാംബെരിയുമായി ബർഷിം സ്വർണം പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു. ജേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ പോരാട്ടത്തിൽ ആദ്യ ചാട്ടങ്ങളിൽതന്നെ ബർഷിമും സുഹൃത്തായ ടംബേരിയും 2.37 മീറ്റർ ദൂരം പൂർത്തിയാക്കി. 2.39 ചാടിക്കടക്കാനായിരുന്നു അതുകഴിഞ്ഞ് ഇരുവരുടെയും ശ്രമം. പക്ഷേ, പരാജയപ്പെട്ടു. ഇനി ഒറ്റത്തവണകൂടി ചാടി വിജയിയെ തീരുമാനിക്കാമെന്ന് റഫറി വന്ന് പറയുകയായിരുന്നു. ഇരുവരെയും വിളിച്ച് ചാട്ടത്തിനൊരുങ്ങാൻ പറഞ്ഞ അദ്ദേഹത്തോട് ബർഷിമിന്റെ ചോദ്യം- ‘ആ സ്വർണം ഞങ്ങൾ രണ്ടുപേർക്കിടയിൽ പങ്കിട്ടുകൂടെ?’ തീർച്ചയായുമെന്നായിരുന്നു മറുപടി. പിന്നെ മൈതാനം സാക്ഷിയായത് ഹൃദയഹാരിയായ മുഹൂർത്തങ്ങൾക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.