ആത്മാക്കൾ വസിക്കുന്ന തണുത്ത മുറിയോട് യാത്രപറഞ്ഞ് മുഹമ്മദ് കുട്ടി
text_fieldsദോഹ: 22 വർഷം രാവും പകലുമില്ലാതെ കൂട്ടായിരുന്ന മോർച്ചറിയുടെ തണുത്ത മുറിയോട് യാത്രപറഞ്ഞ് മലപ്പുറം ചങ്ങരംകുളം മൂക്കുതല സ്വദേശി മുഹമ്മദ് കുട്ടി തിങ്കളാഴ്ച ദോഹയോട് യാത്രപറഞ്ഞ് നാട്ടിലേക്ക് പറക്കുകയാണ്. 1981ൽ പ്രവാസിയായി ഖത്തറിലെത്തി അടുത്തവർഷം മുതൽ ഈനാടിന്റെ ആരോഗ്യമേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. ഹമദ് ആശുപത്രി ആരംഭിക്കുന്നതിന് മുമ്പ് റുമൈല ആശുപത്രിയിലെ എല്ലാമായും പിന്നീട് ഹമദിനൊപ്പം വിവിധ വിഭാഗങ്ങളിലും സേവനം ചെയ്തു. കഴിഞ്ഞ 22 വർഷമായി ജീവനറ്റ ശരീരങ്ങളെത്തുന്ന മോർച്ചറിയുടെ കാത്തിരിപ്പുകാരനായിരുന്നു.
42 വർഷം നീണ്ട പ്രവാസജീവിതത്തോട് യാത്രപറഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ ജീവനറ്റതും അവരുടെ ഉറ്റവരുമായ ഒരുപാടുപേർക്ക് നന്മ ചെയ്തതിന്റെ സംതൃപ്തിയിലാണ് ഇദ്ദേഹം. ഖത്തറിന്റെ ആരോഗ്യ മേഖലയുടെ നട്ടെല്ലായ ഹമദിനൊപ്പം ആദ്യനാൾ മുതലുള്ള യാത്ര പതിറ്റാണ്ടുകൾ പിന്നിട്ടപ്പോഴായിരുന്നു മോർച്ചറി വിഭാഗത്തിലേക്ക് മാറിയത്. 2000ൽ ചോദിച്ചുവാങ്ങിയതായിരുന്നു ഇത്.
ഒരുപാട് മനുഷ്യർ ഇടപഴകുന്ന ഇടമാണ് മോർച്ചറി. ജീവനറ്റവരുടെ അന്ത്യയാത്രക്ക് മുമ്പായി മണിക്കൂറും ദിവസവും അഭയംതേടുന്ന തണുത്ത മുറി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനയുമായി അവരെ അവസാനമായി കാണാനെത്തുന്ന ഉറ്റവർ. സഹായം ചെയ്യാനെത്തുന്ന സാമൂഹിക പ്രവർത്തകർ... അങ്ങനെ ഒരുപാട് മനുഷ്യർ.
ഇക്കാലത്തിനിടയിൽ ഒരുപാട് വേദനിക്കുന്ന ഓർമകളുണ്ടായി. പ്രിയപ്പെട്ടവരുടെ വേർപാടിൽ നീറുന്നവരെ വാക്കുകൊണ്ട് ആശ്വസിപ്പിക്കും. ചിലപ്പോൾ, ആശ്വസിപ്പിക്കാൻ വാക്കുകൾ മതിയാകാതെ വരും. ഏതാനും വർഷം മുമ്പായിരുന്നു വിവാഹ ഒരുക്കങ്ങൾക്കിടെ ഒരു ഖത്തരി കുടുംബം വാഹനം കത്തി മരിച്ചത്. അവരുടെ മയ്യിത്ത് സൂക്ഷിച്ചതും കുടുംബാംഗങ്ങളുടെ വേദന നിറഞ്ഞ വാക്കുകൾക്കും ഇടയിൽ പതറി. അങ്ങനെ മലയാളികളുടെയും വിദേശികളുടെയുമെല്ലാം എത്രയെത്ര നിശ്ചല ശരീരങ്ങൾ കടന്നുപോയി...
ഒരു മോർച്ചറി ജീവനക്കാരൻ എന്ന നിലയിൽ മുഹമ്മദ് കുട്ടിക്ക് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളോട് ചില അപേക്ഷയുണ്ട്. ‘നാട്ടിലെ പോലെയല്ല ഇവിടത്തെ സാഹചര്യം. പലപ്പോഴും നടപടി പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കാൻ രണ്ടും മൂന്നും ചിലപ്പോൾ അതിൽ കൂടുതൽ ദിവസവും എടുത്തേക്കും. അതിനിടയിൽ മോർച്ചറിയിൽ മൃതദേഹം സന്ദർശിക്കാൻ എത്തുന്നത് പതിവാണ്.
ഒരു മയ്യിത്ത് കാണാനായി ഒറ്റക്കും അല്ലാതെയുമായി ഒരു ദിവസവം തന്നെ കുറെ പേർ എത്തുന്നത് മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കാൻ പ്രയാസം സൃഷ്ടിക്കും. ചിലപ്പോൾ, ഇത് പറഞ്ഞാൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർക്ക് ഇഷ്ടമാവില്ല. അതിന്റെ പേരിൽ ജീവനക്കാരുമായി അവർ കലഹിക്കുന്നതും കാണാം. ഇത് ഒഴിവാക്കേണ്ടതാണ്. മറ്റുരാജ്യക്കാർ ഉൾപ്പെടെയുള്ളവർ കാണിക്കുന്ന മാതൃക ഇക്കാര്യത്തിൽ പിന്തുടരാം. അവർ മതാചാരപ്രകാരമുള്ള നടപടിക്കായി പുറത്തെടുക്കുമ്പോൾ സന്ദർശനവും പൂർത്തിയാക്കി മൃതദേഹത്തോട് കൂടുതൽ ആദരവ് പ്രകടിപ്പിക്കുന്നു’-മുഹമ്മദ് കുട്ടി പറയുന്നു.
മയ്യിത്ത് പരിപാലനത്തിലും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലും കെ.എം.സി.സിയും കൾചറൽ ഫോറവും ഉൾപ്പെടെ സാമൂഹിക സംഘടനകളുടെ പ്രവർത്തനങ്ങളെയും ഇദ്ദേഹം അഭിനന്ദിക്കുന്നു. മുൻകാലങ്ങളിൽ ഈ ജോലികളെല്ലാം ഒറ്റക്ക് ചെയ്തിരുന്ന ഹാജിക്കയുമായി അടുത്ത ബന്ധം പുലർത്തിയതും ഓർക്കുന്നു.
ദൈർഘ്യമേറിയ പ്രവാസത്തിനൊടുവിൽ 60ാം വയസ്സിൽ മുഹമ്മദ് കുട്ടി നാട്ടിലേക്ക് മടങ്ങുമ്പോൾ തന്റെ പിൻഗാമിയായി മകൻ സഫ്വാൻ ഇതേ മോർച്ചറിയിലുണ്ട്. നാലു വർഷം മുമ്പായിരുന്നു സഫ്വാൻ ജോലിയിൽ പ്രവേശിച്ചത്. സഫിയയാണ് ഭാര്യ. സഫ്വാൻ ഉൾപ്പെടെ നാലു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.