'മുജിസെ'; കൊതിപ്പിച്ച തുർക്കിയയിലേക്ക്
text_fieldsലോക്ഡൗൺ കാലം തുറന്നിട്ട വായനയുടെയും കാഴ്ചയുടെയും ആകാശത്തിനുതാഴെ ഇരുന്നാണ് തുർക്കിയ യാത്ര പ്ലാൻ ചെയ്തത്. ‘മുജിസെ വൺ’, ‘മുജിസെ ടു’, ‘വൺസ് അപ് ഓൺ എ ടൈം ഇൻ അനറ്റോളിയ’ തുടങ്ങിയ സിനിമകൾ. പിന്നെ എലിഫ് ഷഫാക്കിന്റെ ‘ഫോർട്ടി റൂൾസ് ഓഫ് ലൗ’. ഒക്കെക്കൂടി തുർക്കിയയെ രാവും പകലും മനസ്സിൽ സജീവമാക്കി നിർത്തി. എടുത്തുതീർക്കാനുണ്ടായിരുന്ന പത്തു ദിവസത്തെ ലീവ്. തുർക്കിയയിൽനിന്ന് വരുന്നവർക്ക് ഖത്തർ ക്വാറന്റീനിൽ പ്രഖ്യാപിച്ച ഇളവ്. എല്ലാം കൂടി അനുകൂലസാഹചര്യം.
കൊടുംചൂടുള്ള ഒരു രാത്രി ദോഹയിൽനിന്ന് വിമാനം കയറി. അതിരാവിലെ ഇസ്തംബൂൾ സബീഹ ഗോച്ചൻ ഇന്റർനാഷനൽ എയർപോർട്ടിലെത്തി. എയർപോർട്ടിൽനിന്ന് സിം കാർഡ് സംഘടിപ്പിച്ചു നേരെ ഇസ്തംബൂളിന്റ ഹൃദയഭാഗമായ തക്സീമിലേക്ക് ബസ് കയറി. ഉണർന്നു തുടങ്ങിയ ഇസ്തംബൂളിന്റെ തിരക്കിനിടയിൽ ആദ്യം കണ്ട റസ്റ്റാറന്റിൽ നിന്ന് ഒരു ടർക്കിഷ് ചായ കുടിച്ചശേഷം സുഹൃത്ത് കരീംഗ്രഫി പറഞ്ഞു തന്ന ഹാഫിസ് മുസ്തഫ റസ്റ്റാറന്റ് തിരഞ്ഞുനടന്നു. വീണ്ടും ഒരു ചായയും ബകൽവയും. കുറച്ചുനേരം തുർക്കിയയിലെ ജനാധിപത്യ പോരാട്ടങ്ങളുടെ ഐക്കണിക് ലാൻഡ് മാർക്കായ ഇസ്തികാൽ സ്ട്രീറ്റിൽ. ട്രാമിൽ കയറി അയാസോഫിയയും ബ്ലൂ മോസ്കും ബോസ് ഫറസും ഗ്രാൻഡ് ബസാറും ചെറുതായി കണ്ടശേഷം ഇസ്തംബൂൾ ഇന്റർനാഷനൽ എയർപോർട്ടിലേക്ക്. അവിടെനിന്ന് തെക്കൻ അതിർത്തി പ്രവിശ്യയായ ശാൻലി ഉർഫയിലേക്ക്.
ഐ.എസ് താവളത്തോടു ചേർന്നൊരു കുർദ് ശക്തി കേന്ദ്രമാണ്
ശാൻലി ഉർഫ. കുർദിഷ് നേതാവായ അബ്ദുല്ല ഒകലാന്റെ ജന്മനാട്. തുർക്കിയ വംശജർ ഇവിടെ ന്യൂനപക്ഷമാണ്. ഉർഫ പട്ടണത്തിലേക്ക് ഇസ്തംബൂളിൽനിന്ന് 13,000 കിലോമീറ്ററുണ്ട്. സിറിയൻ അതിർത്തിയിലേക്ക് 50 കിലോമീറ്റർ. ഐ.എസിന്റെ തലസ്ഥാനമായിരുന്ന സിറിയൻ പട്ടണം അർറഖ 150 കിലോമീറ്റർ മാത്രം ദൂരത്ത്. ഐ.എസ് വരുന്നതിനുമുമ്പ് രണ്ടു രാജ്യങ്ങൾക്കുമിടയിൽ റോഡ് ഗതാഗതം സജീവമായിരുന്നു.
വിമാനമിറങ്ങുമ്പോൾ രാത്രി 9.30. പക്ഷേ, സൂര്യൻ അസ്തമിച്ചിട്ടില്ല. എയർപോർട്ടിൽനിന്ന് നഗരത്തിലേക്ക് ബസ് സർവിസുണ്ട്. ഒരു ഹോട്ടൽ കണ്ടുപിടിച്ചു. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴേക്കും റസ്റ്റാറന്റുകൾ അടച്ചുതുടങ്ങിയിരിക്കുന്നു. ഉർഫയുടെ ചില ഭാഗങ്ങൾ തുർക്കിയ സൈന്യത്തിന്റെ കീഴിലാണെന്ന് വായിച്ചെങ്കിലും സൈനിക സാന്നിധ്യം എവിടെയും കണ്ടില്ല. ഒരു ചെറിയ റസ്റ്റാറന്റ് കണ്ടുപിടിച്ചു. അറബി അറിയുന്ന ഒരാളുടെ സഹായത്തോടെ ഷവർമയും ജ്യൂസും വാങ്ങിക്കഴിച്ചു കിടന്നുറങ്ങി.
ഇബ്രാഹിം പ്രവാചകൻ ജനിച്ച സ്ഥലമാണ് ഉർഫ എന്ന് പറയപ്പെടാറുണ്ട്. നംറൂദ് രാജാക്കന്മാരായിരുന്നു അക്കാലത്ത് ഉർഫ ഭരിച്ചിരുന്നത്. ഞാൻ താമസിച്ച ഹോട്ടലിൽനിന്ന് 15കിലോമീറ്ററോളമുണ്ട്. ബസ് പോവുമെന്ന് ഗൂഗ്ൾ പറഞ്ഞു. പുറത്തിറങ്ങി ബസ് സ്റ്റേഷൻ കണ്ടുപിടിക്കാനായി നടന്നു. ഇംഗ്ലീഷ് അറിയുമോ എന്ന് മുന്നിൽകണ്ട ഒരു പെൺകുട്ടിയോട് ചോദിച്ചപ്പോൾ അറബി സംസാരിക്കുമോ എന്ന് മറുചോദ്യം. ഞാൻ ഗൂഗ്ളിൽ എനിക്ക് പോവേണ്ട സ്ഥലം കാണിച്ചുകൊടുത്തു. അടുത്തുള്ള ഷോപ്പിൽ ചോദിച്ച് ബസ് നമ്പർ പറഞ്ഞുതന്നു അവർ. ബസ് എപ്പോഴുമില്ല, ടാക്സി പിടിക്കുന്നതാവും നല്ലതെന്നും പറഞ്ഞു. അവർ തന്നെ ടാക്സി സ്റ്റാൻഡ് കാണിച്ചുതന്നു.
ഇബ്രാഹിം പ്രവാചകൻ ജനിച്ചുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് അതിമനോഹരമായ ഒരു പള്ളിയുണ്ട്. പള്ളിയുടെ സമീപത്താണ് ഇബ്രാഹിം ഗുഹ. ഇവിടെയാണ് അദ്ദേഹം ജനിച്ചതെന്നാണ് വിശ്വാസം. സന്ദർശകർ ഗുഹക്കുള്ളിലേക്ക് തലയിട്ടുനോക്കുകയും അവിടെനിന്ന് ഭക്തിയോടെ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. പള്ളിക്ക് അടുത്തായി ഒരു കുളം. അതിമനോഹരമായൊരു കെട്ടിടം. അതിനുള്ളിലാണ് നംറൂദ് രാജാവ് ഇബ്രാഹിം പ്രവാചകനെ ആളിക്കത്തുന്ന തീയിലേക്ക് എറിഞ്ഞെന്ന് പറയപ്പെടുന്ന സ്ഥലം. പള്ളിയും അടുത്തുള്ള പാർക്കും സ്ഥിതിചെയ്യുന്നത് ഒരു മലയ്ക്കുതാഴെയാണ്. മലമുകളിൽ വലിയൊരു കോട്ട. കോട്ടക്കപ്പുറത്ത് ഇറാൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന അതിമനോഹരമായ ഗ്രാമങ്ങളും വഴികളും.
മഴവില്ലഴകിൽ കപ്പഡോക്കിയൻ പർവതങ്ങൾ
650 കിലോമീറ്ററോളമുള്ള കപ്പഡോക്കിയയായിരുന്നു അടുത്ത ലക്ഷ്യം. കപ്പഡോക്കിയയുടെ അടുത്ത പട്ടണമായ നെവ്സഹിറിലേക്കുള്ള ആഡംബര ബസ് പിടിച്ചു. ബസിൽ കൃത്യമായ ഇടവേളകളിൽ ചായയും കോഫിയും വെള്ളവും സ്നാക്സുമെല്ലാം കിട്ടും. പുലർച്ചെയോടെ നെവ്സഹിറിലെത്തി. ബസിറങ്ങിയപ്പോൾ തന്നെ ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഓപറേറ്റർ വന്ന് സഹായം വേണോ എന്ന് ചോദിച്ചു. കപ്പഡോക്കിയയിലേക്ക് കൊണ്ടുപോവാമെന്ന് പറഞ്ഞു.
കാറിൽ കുറച്ചുദൂരം പിന്നിട്ടപ്പോൾ ആകാശത്ത് വലിയ കുമിളകൾ പോലെ ഉദയസൂര്യനുതാഴെ വർണംവിതറുന്ന ബലൂണുകൾ. മഴവില്ലുപോലെ വിവിധ വർണങ്ങളിലുള്ള പർവതങ്ങൾ. താഴെ വെണ്മ മുറ്റിനിൽക്കുന്ന മണൽപരപ്പ്. പച്ചപ്പ് പടർന്നുകിടക്കുന്ന കൃഷിയിടങ്ങൾ. എല്ലാംകൂടി ഒരു സ്വപ്നം പോലെ.
വിസ്മയിപ്പിക്കുന്ന അതിപുരാതന നഗരമാണ് കപ്പഡോക്കിയ. നൂറ്റാണ്ടുകൾക്കുമുമ്പ് അഗ്നിപർവതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി രൂപപ്പെട്ടു. ഈ മലകൾ തുരന്ന് റസ്റ്റാറന്റുകളും ഷോപ്പിങ് മാളുകളും പണിതിരിക്കുന്നു. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച ഗൊറീം എന്ന നഗരം മലകൾക്കിടയിൽ പരന്നുകിടക്കുന്നു. പാറകൾ ചെത്തിമിനുക്കി അവയ്ക്കുള്ളിലായി പള്ളികൾ സ്ഥാപിച്ചിരിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്. പാറകൾക്കുള്ളിൽ ഗുഹകൾ പോലുള്ള വീടുകൾ. പത്തു മിനിറ്റ് ഇവിടെ നിന്നാൽ നൂറ്റാണ്ടുകൾ പിറകിലോട്ട് പോയപോലെ, മറ്റൊരു ലോകത്തെത്തിയ പോലെയൊക്കെ തോന്നും. ഹോട്ട് ബലൂണുകളാണ് ഇവിടുത്തെ ആകർഷണം. അതിൽ കയറി പുരാതന നഗരം കാണാം. പ്രകൃതി നന്നായി അനുഗ്രഹിച്ചിട്ടുണ്ട്. നിറയെ കൃഷിയിടങ്ങളാണ്. ഞാൻ ഇതുവരെ കാണാത്ത പച്ചക്കറികളും പഴങ്ങളും മലയിടുക്കുകളിലും താഴ്വാരങ്ങളിലും വളരുന്നു. രണ്ടുമൂന്നൂ മണിക്കൂർ കഴിഞ്ഞപ്പോൾ ടൂർ ഓപറേറ്റർ അയച്ച ഡ്രൈവർ വന്നു. തിരിച്ചു നെവ്സെഹറിലേക്ക്. അവിടെനിന്ന് കെയ്സ്സെരി വഴി കൊനിയയിലേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.