ഗസ്സക്കു വേണ്ടി മുറാദിന്റെ സൈക്കിൾ ഓടുകയാണ്...
text_fieldsദോഹ: ഇന്ത്യയുടെ ത്രിവർണവും, ഖത്തറിന്റെ മറൂണും വെള്ളയും നിറങ്ങളും ഒപ്പം ഫലസ്തീന്റെയും ഇറാന്റെയും പതാകകൾ കുത്തിയ നഗരത്തിരക്കിലൂടെ പതിയെ ചവിട്ടി നീങ്ങുന്ന ഒരു സൈക്കിൾ യാത്രക്കാരനെ ദോഹയിലെ തെരുവുകളിൽ പലയിടങ്ങളിലായി നിങ്ങളും കണ്ടിട്ടുണ്ടാകും.
മുഹമ്മദ് അസാഫിന്റെ പ്രശസ്തമായ ‘അന ദമ്മി ഫലസ്തീനി...’ എന്ന് തുടങ്ങുന്ന പോരാട്ടവീര്യമുള്ള ഗാനം അതിലെ ചെറു സ്പീക്കറിൽനിന്നും വഴിയോരങ്ങളിലേക്കും പകരും. തലസ്ഥാന നഗരിയിലെ പ്രധാന റോഡുകളിലോ ഊടുവഴികളിലോ സായാഹ്നങ്ങളിൽ ഈ രാജസ്ഥാൻ സ്വദേശിയും അദ്ദേഹത്തിന്റെ സൈക്കിളും പ്രത്യക്ഷപ്പെട്ടേക്കാം. രാജസ്ഥാനിലെ അജ്മീറിനടുത്ത് ലാഡ്നനിലാണ് മുറാദിന്റെ സ്വദേശം.
20 വർഷമായി ഖത്തർ പ്രവാസിയായി ഇദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടു വർഷങ്ങളിലായുള്ള ശീലമാണ് സൈക്ലിങ്. ആദ്യം വ്യായാമവും നഗരത്തിലൂടെയുള്ള കറക്കവുമായിരുന്നു ലക്ഷ്യമെങ്കിൽ ഇന്നതിന് ഒരു രാഷ്ട്രീയ കാരണം കൂടിയുണ്ടെന്ന് മുറാദ് പറയുന്നു.
2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിലേക്ക് ആക്രമണം ആരംഭിച്ചതു മുതലാണ് സൈക്കിൾ യാത്രക്ക് ഫലസ്തീന്റെ ചെറുത്തുനിൽപും ഒരു കാരണമായി മാറിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ മരിച്ചു വീണപ്പോൾ മുറാദിന്റെയും ഉള്ള് പിടഞ്ഞു.
അവർക്കുള്ള ഐക്യദാർഢ്യവും ഒപ്പം ഫലസ്തീനികളുടെ വേദന മറക്കരുതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയുമാണ് ഇദ്ദേഹത്തിന്റെ സൈക്കിൾ. ‘സേവ് ഫലസ്തീൻ... സ്റ്റോപ് കില്ലിങ് ഇൻ ഗസ്സ’ എന്ന് പ്ലക്കാർഡിൽ ഇംഗ്ലീഷിലും അറബിയിലും ഹിന്ദിയിലുമെല്ലാമായി അദ്ദേഹം എഴുതിവെച്ചിരിക്കുന്നു.
ഫലസ്തീനു വേണ്ടി നിലകൊള്ളുന്ന രാജ്യം എന്ന നിലയിലാണ് ഇറാന്റെയും ഖത്തറിന്റെയുമെല്ലാം പതാകകൾ സൈക്കിളിന്റെ മുന്നിലും പിന്നിലുമായി കുത്തിനിർത്തിയിരിക്കുന്നത്. നജ്മയിലെ താമസ സ്ഥലത്തുനിന്നും വൈകുന്നേരം സൈക്കിളുമായി ഇറങ്ങുന്ന മുറാദ് മുശൈരിബ്, കോർണീഷ്, വെസ്റ്റ്ബേ തുടങ്ങി നഗരത്തിലെ പ്രധാന ഭാഗങ്ങളിലൂടെയെല്ലാം ചവിട്ടി നീങ്ങും.
രാത്രി ഒമ്പത്-പത്തു മണിവരെ ദിവസവും യാത്രചെയ്യും. ശരാശരി 20 കിലോമീറ്ററെങ്കിലും കറങ്ങിയാണ് മുറിയിൽ തിരിച്ചെത്തുന്നത്. രാത്രിയിൽ തിരിച്ചറിയുന്നതിനായി മുഴുവനായും എൽ.ഇ.ഡി ബൾബുകളും റാന്തൽ വിളക്കുകളും മറ്റുമായി അലങ്കരിച്ചിരിക്കുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഒരു വർഷം പിന്നിടുേമ്പാൾ സംഘർഷം ലബനാനിലേക്ക് കൂടി വ്യാപിച്ചതിന്റെ വേദനയിലാണ് മുറാദ്. യുദ്ധം അവസാനിപ്പിക്കാനും നിരപരാധികളുടെ ജീവൻ ഇനിയും നഷ്ടമാവരുതെന്നും അപേക്ഷിക്കുകയാണ് ഖത്തറിലെ ഒരു സാധാരണ പ്രവാസിയായ ഈ മനുഷ്യസ്നേഹി.
വലിയൊരു ക്രിക്കറ്റ് പ്രേമി കൂടിയായ മുറാദ് സൈക്കിളിലെ പ്രധാനമായൊരു ഇടത്ത് ഇഷ്ട ടീമായ രാജസ്ഥാൻ റോയൽസിന്റെ ലോഗോയും പതിച്ചാണ് ഇപ്പോൾ നഗരത്തിരക്കിലൂടെ നീങ്ങുന്നത്. ഗസ്സയെയും ഫലസ്തീനെയും കുറിച്ച് വാചാലനാവുന്നതിനിടെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ മലയാളിയായ സഞ്ജു സാംസണിനോടുള്ള ഇഷ്ടവും അദ്ദേഹം പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.