റമദാൻ രാത്രികളിൽ സജീവമായി മ്യൂസിയങ്ങൾ
text_fieldsദോഹ: റമദാനായാൽ രാത്രിയെ പകലാക്കി മാറ്റുകയാണ് പ്രവാസലോകത്തിന്റെ ശീലം. തെരുവുകളും പാർക്കുകളും മാളുകളും ആഘോഷവേദികളും തുടങ്ങി എല്ലായിടവും രാത്രികളിൽ സജീവമാകും. ഇവക്കുപുറമെ, പ്രദർശനങ്ങളും ഗാലറികളും ഗിഫ്റ്റ് ഷോപ്പുകളുമായി റമദാനിൽ കൂടുതൽ ആകർഷകമായിരിക്കുകയാണ് ഖത്തറിലെ മ്യൂസിയങ്ങൾ. ഖത്തർ മ്യൂസിയംസിന് കീഴിലെ നിരവധി മ്യൂസിയങ്ങൾ റമദാനിൽ അർധരാത്രി വരെ സജീവമാണ്. ശനി മുതൽ വ്യാഴം വരെയുളള സമയങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും രാത്രി എട്ടുമുതൽ 12 വരെയും വെള്ളിയാഴ്ച രാത്രി എട്ടുമുതൽ 12 വരെയുമാണ് മ്യൂസിയങ്ങളുടെ പ്രവർത്തന സമയം. ഈദിന്റെ ആദ്യദിവസം മ്യൂസിയങ്ങൾ അടച്ചിടും. തൊട്ടടുത്ത ദിവസം മുതൽ പതിവു സമയങ്ങളിൽ മ്യൂസിയം പ്രവർത്തിച്ചുതുടങ്ങും.
ഖത്തർ നാഷനൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, മത്ഹഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം എന്നിവയാണുള്ളത്.
ഖത്തർ മ്യൂസിയത്തിന് കീഴിലെ ഓരോ മ്യൂസിയത്തിലും വ്യത്യസ്തമായ പ്രദർശനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും അറിയാനുള്ള അവസരമാണിതെന്നും ഖത്തർ എന്താണെന്നതിനെക്കുറിച്ചറിയുന്നത് നമ്മുടെ അറിവിനെ സമ്പന്നമാക്കുമെന്നും ഖത്തർ മ്യൂസിയം സന്ദർശിച്ചവർ പറയുന്നു.
ഓരോ തവണ ഖത്തർ നാഷനൽ മ്യൂസിയം സന്ദർശിക്കുമ്പോഴും വ്യത്യസ്തമായതും താൽപര്യമുള്ളതുമായ ഒന്ന് അവിടെയുണ്ടാകുമെന്ന് വെയിൽസിൽ നിന്നുള്ള സാമി പറഞ്ഞു. മ്യൂസിയത്തിന്റെ വാസ്തുവിദ്യ എപ്പോഴും അതിശയിപ്പിക്കുന്നതാണെന്നും ഓരോ തവണ വരുമ്പോഴും ഇത് പുതിയൊരു ലോകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ നന്നായറിയുന്നതിനും സംസ്കാരത്തെ അഭിനന്ദിക്കാനും പാരമ്പര്യത്തെ പഠിക്കാനുമുള്ള മാർഗങ്ങളിലൊന്നാണ് മ്യൂസിയങ്ങൾ സന്ദർശിക്കുകയെന്നത്. എക്വഡോറിൽനിന്നുള്ള ഫെർണാണ്ടോ പറഞ്ഞു. ഏപ്രിൽ 29 വരെ ലുസൈൽ മ്യൂസിയം: സ്റ്റോറീസ് ഓഫ് എ കണക്ടഡ് വേൾഡ് എക്സിബിഷന്റെ ഗൈഡഡ് ടൂറുകൾ ഖത്തർ മ്യൂസിയം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏപ്രിൽ 18 വരെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് റമദാൻ വാക്ക്-ഇൻ ഗാലറി സന്ദർശനങ്ങളും നടത്തുന്നുണ്ട്. ഇവ രണ്ടും സന്ദർശകർക്ക് സൗജന്യമാണ്.
മ്യൂസിയങ്ങളും എക്സിബിഷനുകളും സന്ദർശിക്കാൻ ഖത്തർ മ്യൂസിയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ബുക്ക് ചെയ്യേണ്ടതുണ്ട്. ഖത്തറിലെയും ജി.സി.സിയിലെയും താസക്കാർക്കും 16 വയസ്സിന് താഴെയുള്ളവർക്കും വൺ പാസ് ഉള്ളവർക്കും ടിക്കറ്റ് സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.