സുസ്ഥിര സംരംഭങ്ങളിൽ നേട്ടങ്ങളുമായി മുവാസലാത്ത്
text_fieldsദോഹ: സുസ്ഥിര സംരംഭങ്ങളിൽ മികച്ച നേട്ടങ്ങളുമായി മുവാസലാത്ത് (കർവ). വൈദ്യുതി ഉപഭോഗം കുറക്കൽ, സുസ്ഥിര ഗതാഗത സംവിധാനം, ഭക്ഷണാവശിഷ്ടം ജൈവവളമാക്കൽ, കമ്പോസ്റ്റ് ഉൽപാദനം തുടങ്ങി വിവിധ മേഖലകളിലാണ് നേട്ടങ്ങൾ കരസ്ഥമാക്കിയതെന്ന് ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മുവാസലാത്ത് അറിയിച്ചു.
സുസ്ഥിര ഗതാഗത സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബസ് നിരയുടെ വലിയൊരു ഭാഗം മുവാസലാത്ത് ഇതിനകം വൈദ്യുതീകരിച്ചിരുന്നു. സിറ്റി ടാക്സികൾക്ക് പകരം ഏറ്റവും പുതിയ ഹൈബ്രിഡ് കാറുകളാണ് മുവാസലാത്ത് നിരത്തിലിറക്കിയിരിക്കുന്നത്. കൂടാതെ പൂർണമായും വൈദ്യുതീകരിച്ച ഐക്കണിക് ലിമോസിൻ ഉപയോഗിച്ച് കമ്പനി അതിന്റെ ലൈറ്റ് വെഹിക്കിൾ ഫ്ലീറ്റ് വൈദ്യുതീകരണവും ആരംഭിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റൽ പരിഹാരം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള അജണ്ടയുമായി മുവാസലാത്ത് മുന്നോട്ട് പോകുകയാണെന്നും വൃത്തിയുള്ള ഗതാഗതത്തിനും സമൂഹത്തിന് ആരോഗ്യകരമായ അന്തരീക്ഷം സജ്ജമാക്കുന്നതിലും നിർണായകമാണെന്നും മുവാസലാത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.
മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ ശുദ്ധജല ഉപയോഗത്തിൽ 27 ശതമാനം കുറവ് വരുത്താനും വൈദ്യുതി ഉപയോഗത്തിൽ 21 ശതമാനം കുറക്കാനും ഈ നടപടികളിലൂടെ സാധ്യമായി. പരിസ്ഥിതി സംരക്ഷണത്തിനായി തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും മുവാസലാത്ത് ആരോഗ്യ, സുരക്ഷ, പരിസ്ഥിതി വിഭാഗം മാനേജർ ഖാലിദ് അൽ കഅ്ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.