പരീക്ഷ കഴിഞ്ഞില്ലേ, ഇനി പുസ്തകം കൈമാറാം
text_fieldsദോഹ: ഇന്ത്യൻ സ്കൂളുകളിൽ വാർഷികപരീക്ഷാ ചൂട് കഴിഞ്ഞു. ഇനി, പുതിയ ക്ലാസുകളിലേക്കുള്ള സ്ഥാനക്കയറ്റത്തിനായി കൂട്ടുകാരുടെ കാത്തിരിപ്പ്. കഴിഞ്ഞ ഒരു വർഷക്കാലം പഠിച്ചുകഴിഞ്ഞ പുസ്തകങ്ങൾ ഇനിയെന്തു ചെയ്യും...? അടുത്ത ക്ലാസിലെ പുസ്തകങ്ങൾ കാശ്കൊടുത്ത് വാങ്ങേണ്ടി വരുമോ..?. രക്ഷിതാക്കളുടെയും കുട്ടികളുടെയും വലിയ ആശങ്കകൾക്ക് ഉത്തരവുമായി പുസ്തക കൈമാറ്റ മേളയായ ‘ബുക് സ്വാപ്’ വീണ്ടുമെത്തി.
പ്രവാസലോകത്തെ വരുമാനവും ജീവിതച്ചെലവുകളും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന രക്ഷിതാക്കൾക്ക് ഏറെ ആശ്വാസം കൂടിയാണ് പഠിച്ചുകഴിഞ്ഞ പുസ്തകങ്ങളുടെ കൈമാറ്റത്തിന് അവസരമൊരുക്കുന്ന ‘ബുക് സ്വാപ്’. ഒന്നാം തരം മുതൽ 12ാം തരംവരെയുള്ള വിദ്യാർഥികളുടെ പുസ്തകങ്ങൾ ഇങ്ങനെ സംഭാവന നൽകാനും, ആവശ്യക്കാർക്ക് ഏറ്റുവാങ്ങാനും കഴിയുമെന്നതാണ് പ്രത്യേകത.
നടമുറ്റം ഖത്തറിന്റെ നേതൃത്വത്തിൽ ‘ബുക്സ്വാപ്’, കേരള വിമൻ ഇനിഷ്യേറ്റിവ് ഖത്തർ ഐ.സി.ബി.സിയുമായി സഹകരിച്ച് നടത്തുന്ന പുസ്തക മേള എന്നിവ പ്രവാസി ഇന്ത്യക്കാരായ രക്ഷിതാക്കൾക്ക് ഏറെ ആശ്വാസമാണ്. നടുമുറ്റം ഖത്തറിന്റെ ‘ബുക് സ്വാപ്’ മാർച്ച് 20, 21 തീയതികളിലായി നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിൽ നടക്കുമെന്ന് കോഓഡിനേറ്റർ സജ്ന സാക്കി അറിയിച്ചു. സി.ബി.എസ്.ഇ പുസ്തകങ്ങൾ, ഗൈഡ് എന്നിവ ഇവിടെ നൽകാനും, ആവശ്യക്കാർക്ക് ഏറ്റുവാങ്ങാനും കഴിയും.
വ്യാഴാഴ്ച ഉച്ച മൂന്ന് മുതൽ അഞ്ചു വരെയും, രാത്രി ഏഴ് മുതൽ 10 വരെയും പുസ്തക ശേഖര-വിതരണ കേന്ദ്രം പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 10.30 വരെയും, ഉച്ച ഒന്നു മുതൽ 4.30 വരെയും, രാത്രി ഏഴു മുതൽ 10 വരെയുമാണ് പ്രവർത്തിക്കുന്നത്.
ഈ സമയങ്ങളിൽ രക്ഷിതാക്കൾക്ക് നേരിട്ടെത്തി പുസ്തകങ്ങൾ നൽകുകയും ആവശ്യമുള്ളത് ഏറ്റുവാങ്ങുകയും ചെയ്യാം. പാഠപുസ്തകങ്ങൾക്ക് പുറമെ യൂനിഫോം, േബ്ലസറുകൾ, ഗൈഡ് എന്നിവ കൊടുക്കാനും വാങ്ങാനും സൗകര്യമുണ്ടെന്ന് സംഘാടകർ അറിയിച്ചു.
തുടർച്ചയായി ആറാം വർഷമാണ് നടുമുറ്റം ഖത്തർ നേതൃത്വത്തിൽ ‘ബുക്സ്വാപ്’ സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ച് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി നേരത്തേതന്നെ പുസ്തക കൈമാറ്റത്തിന് ഇവർ അവസരമൊരുക്കുന്നുണ്ട്.
ഇതിനു പുറമെയാണ് അധ്യയന വർഷത്തിന്റെ അവസാനത്തിൽ കളക്ഷൻ പോയന്റുകൾ ആരംഭിച്ച് കൂടുതൽ വിപുലമാക്കുന്നത്. ഏറെ ജനപ്രിയമായി മാറിയ ബുക്സ്വാപ് സേവനം കൂടുതൽ വിപുലീകരിക്കുന്നതിനായി അടുത്തിടെ വെബ്സൈറ്റും ആരംഭിച്ചിരുന്നു.
‘ക്വിഖ്’ പുസ്തകമേളയുടെ എട്ടാം സീസണിനാണ് ഇത്തവണ വേദിയൊരുക്കുന്നത്. ഐ.സി.ബി.എഫ് ഓഫിസിൽ ചൊവ്വാഴ്ച ആരംഭിച്ച മേള 22വരെ നീളും. ആദ്യ രണ്ടു ദിവസം പുസ്തകങ്ങൾ നൽകാനും, 20,22 തീയതികളിൽ പുസ്തകകൈമാറ്റത്തിനുമാണ് സൗകര്യമൊരുക്കുന്നത്.
എട്ടുവർഷം മുമ്പ് 180 പേരിൽ തുടങ്ങിയ ക്വിഖ് പുസ്തകമേളയിലൂടെ കഴിഞ്ഞ വർഷം രണ്ടായിരത്തിലേറെ കുടുംബങ്ങൾക്ക് പുസ്തകം കൈമാറിയതായി രക്ഷാധികാരിയും മുൻ പ്രസിഡന്റുമായ സറീന അഹദ് പറഞ്ഞു.
ഒരു അധ്യയന വർഷത്തിൽ പുതിയ പുസ്തകങ്ങൾ വാങ്ങാൻ മാത്രം 300 മുതൽ 600 റിയാൽ വരെയാണ് രക്ഷിതാക്കൾക്ക് ചെലവ്. ചില സ്കൂളുകളിൽ വില പിന്നെയും ഉയരും.
ഇതിനു പുറമെയാണ് യൂനിഫോം, ഫീസ് എന്നിവ ഉൾപ്പെടെ ചെലവുകൾ. രണ്ടും മൂന്നും മക്കൾ സ്കൂളിൽ പോകുന്ന രക്ഷിതാക്കൾക്ക് പഠനം ഭാരിച്ച ബാധ്യതയായി മാറുമ്പോൾ പുസ്തകകൈമാറ്റ മേളകൾ ചെലവ് കുറക്കാനുള്ള വഴിയായി മാറ്റുകയാണ് രക്ഷിതാക്കൾ. ഓരോ വർഷവും പതിനായിരത്തോളം പുസ്തകങ്ങൾ കൈമാറ്റം ചെയ്യുന്നതായി നടുമുറ്റം ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.