ഒരു കാസർകോടൻ സ്നേഹഗാഥ
text_fieldsകോവിഡ് കാലത്ത് ഏറ്റവും പഴി കേട്ട ജില്ലയാണ് കാസർകോട്. ചിലർ ചെയ്ത കുറ്റത്തിന് എല്ലാവരെയും അധിക്ഷേപിക്കുന്ന സമീപനം ശരിയല്ല. എൻെറ ഒരു അനുഭവം പറയാം. ഒരിക്കൽ ഖത്തർ എന്ന ചെറിയ, ‘വലിയ’ രാജ്യം സന്ദർശിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു. അങ്ങനെ ദോഹയിലെ ഒരു വെള്ളിയാഴ്ച ദിവസം വന്നെത്തി. മോളെയും കൊണ്ട് ഖത്തറിലെ വലിയ പള്ളി എന്നറിയപ്പെടുന്ന ഗ്രാൻഡ് മോസ്കിലേക്ക് ഭർത്താവിൻെറ കൂട്ടുകാരനായ മഹമൂദിൻെറ കുടുംബത്തോടൊപ്പം ഞങ്ങൾ യാത്ര തിരിച്ചു. സ്ത്രീകളുടെ നമസ്കാര സ്ഥലത്തേക്കുള്ള കവാടത്തിൽ വനിതാ സെക്യൂരിറ്റി എന്നെ തടഞ്ഞു. ‘ബേബി നോട്ട് അലൗഡ്’ എന്ന് അവർ ഉച്ചത്തിൽ പറഞ്ഞു. അപ്പോഴാണ് ആ പള്ളിയിൽ തീരെ ചെറിയ കുഞ്ഞുങ്ങളുമായി പോകരുതെന്ന് അറിയുന്നത്. എങ്കിൽ ഞാനും കുഞ്ഞും സെക്യൂരിറ്റി നിൽക്കുന്ന സ്ഥലത്ത് ഇരിക്കട്ടെ എന്ന് ചോദിച്ചെങ്കിലും അനുവദിച്ചില്ല. അവർ അവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നു. പക്ഷേ ഈ പൊരിവെയിലത്ത് എന്തുചെയ്യും. പള്ളിയുടെ പ്രധാന കവാടത്തിലേക്ക് നടന്നു.
അവിടെയുള്ള പുരുഷ സെക്യൂരിറ്റിയും അതേ കാര്യം തന്നെ പറഞ്ഞു. ഞങ്ങൾ നിന്ന് വിയർക്കാൻ തുടങ്ങി. ആ വേനൽകാലത്ത് നട്ടുച്ച സമയത്ത് ഖത്തറിലെ കൊടും ചൂട് ഊഹിക്കാമല്ലോ. പള്ളിയുടെ ഒരു അരികിലേക്ക് ഞങ്ങൾ മാറിനിന്നു. ഞാൻ ഇവിടെ നിന്നോളാമെന്നും നിങ്ങൾ നിസ്കരിക്കാൻ പോയിക്കോ എന്നും കൂടെയുള്ള ആയിഷയോട് പറഞ്ഞെങ്കിലും അവർ കൂട്ടാക്കിയില്ല. അവസാനം എൻെറ നിർബന്ധം കാരണം ആയിഷ പള്ളിയിലേക്ക് പോയി. പക്ഷെ ഞാൻ വിചാരിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ. ചൂട് വീണ്ടും കൂടുകയായിരുന്നു. മോൾ സാകിയ ആകെ തളർന്നു തുടങ്ങി. നമ്മുടെ നാട്ടിൽ ആണെങ്കിൽ കുറച്ച് സമയം ഏതെങ്കിലും അരികിലേക്ക് മാറി നിന്നാൽ ആശ്വാസം കിട്ടും. എൻെറ ആ ധാരണകളെ തകിടം മറിക്കുന്നതായിരുന്നു അവിടുത്തെ ചൂട്. മനസിൽ ഭീതി കയറാൻ തുടങ്ങി. മരുഭൂമിയിൽ അകപ്പെട്ടു പോയ ഹാജറാബീവിയെയും മകനെയും ഞാൻ സ്മരിച്ചു. അന്നത്തെ തിരക്കിനിടയിൽ ഫോൺ എടുക്കാൻ മറന്നിരുന്നു. അപ്പോഴാണ് ഒരു കൂട്ടം ചെറുപ്പക്കാർ മലയാളം സംസാരിച്ച് പള്ളിയിലേക്ക് വേഗതയിൽ നടന്നുവരുന്നത് കണ്ടത്.
ഞാൻ അവരോടു ഫോൺ ചോദിച്ചു. എൻെറ കൂടെ കാറിൽ വന്നവരെല്ലാം പള്ളിയിലേക്ക് കയറിയിരുന്നു. അവരെ വിളിച്ചെങ്കിലും പള്ളിയിൽ മൊബൈൽ ൈസലൻറിലായിരുന്നതിനാൽ വിളിക്കുന്നത് അവർ അറിയുന്നില്ല. നിരാശയോടെ അവർക്ക് ഫോൺ കൊടുത്തു. കുറച്ചു നേരം ആലോചിച്ചതിനു ശേഷം അവർ പറഞ്ഞു. ‘ഞങ്ങളുടെ കാറിൽ എ.സി ഓണാക്കിത്തരാം, നിങ്ങൾ അവിടെ ഇരുന്നോളൂ, പള്ളിയിൽ കഴിയുന്നതുവരെ’യെന്ന്. നീതിയും നിയമവും അതിൻെറ അതേ അർത്ഥത്തിൽ പാലിക്കപ്പെടുന്ന ഒരു നാട്ടിൽ എന്തിനു ഭയക്കണം എന്നായിരുന്നു എൻെറ ചിന്ത. അങ്ങനെ ഞാനും മോളും അവരുടെ കാറിൽ എ.സിയുടെ തണുപ്പിൽ ഇരുന്നു. ആ സഹോദരന്മാർ അവരുടെ ഫോണും, വണ്ടിയുടെ താക്കോലും എൻെറ കൈയിൽ തന്നിരുന്നു. ജുമുഅ കഴിഞ്ഞപ്പോൾ ഞാൻ കൂടെയുള്ളവരെ വീണ്ടും വിളിച്ചു, കാര്യങ്ങൾ പറഞ്ഞു.അങ്ങനെ എല്ലാവരും കാറിനടുത്തേക്ക് വന്നു. പരസ്പരം പരിചയപ്പെട്ടു. അവരോടുള്ള നന്ദി പറയുന്നതിനിടയിൽ അറിയാൻ കഴിഞ്ഞു ആ നല്ല മനുഷ്യരുടെ സ്വദേശം കാസർകോട് ആണെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.