ഒരു ദിവസത്തെ കൺസൾട്ടേഷൻ തുക മൽഖ ചികിത്സക്കായി മാറ്റിവെച്ച് നസീം
text_fieldsദോഹ: ഒരു ദിവസത്തെ മുഴുവൻ കൺസൾട്ടേഷൻ തുകയും മൽഖാ റൂഹി ചികിത്സ സഹായ നിധിയിലേക്ക് നീക്കിവെച്ച് ഖത്തറിലെ പ്രമുഖ ആതുരാലയമായ നസീം ഹെൽത്ത് കെയർ. മേയ് 10 വെള്ളിയാഴ്ചത്തെ കൺസൾട്ടേഷനിൽ നിന്നും ലഭിക്കുന്ന തുകയാണ് ഖത്തർ ചാരിറ്റി ക്രൗഡ് ഫണ്ടിങ്ങിലേക്ക് സംഭാവനയായി നൽകുന്നതെന്ന് നസീം ഹെൽത്ത്കെയർ മാനേജിങ് ഡയറക്റ്റർ മുഹമ്മദ് മിയാൻദാദ് വി.പി അറിയിച്ചു. എസ്.എം.എ ടൈപ്പ് വൺ രോഗ ബാധിതയായ മൽഖ റൂഹിയുടെ ചികിത്സക്കാവശ്യമായ മരുന്നിനുള്ള പണത്തിനായി ഖത്തർ ചാരിറ്റി വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നുമായി നടത്തുന്ന ക്രൗഡ് ഫണ്ടിങ്ങിന്റെ ഭാഗമാവുകയാണ് നസീം ഹെൽത്ത് കെയർ. വൈദ്യസഹായം ലഭ്യമാകുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാകുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി പാർട്ണർമാരും ജീവനക്കാരും പൊതു ജനങ്ങൾക്കിടയിലെ ക്രൗഡ് ഫണ്ടിങ്ങിൽ സജീവമായി പങ്കെടുക്കുന്നതായി മാനേജിങ് ഡയറക്ടർ പറഞ്ഞു.
ക്രൗഡ് ഫണ്ടിങ് കാമ്പയിന് പുറമെ നസീം ഹെൽത്ത്കെയർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മൽഖ റൂഹിയുടെ ചികിത്സക്കായി നേരത്തെ സംഭാവന ചെയ്തിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനം എന്ന നിലയിൽ ഈ ക്രൗഡ് ഫണ്ടിങ് കാമ്പയിന് നസീം ഹെൽത്ത്കെയർ പൂർണമായ പിന്തുണയാണ് നൽകുന്നത്. ഓരോ വ്യക്തികളെയും, സംഘടനകളെയും ഈ പരിശ്രമത്തിലേക്ക് മുന്നോട്ട് വരാൻ അഭ്യർഥിക്കുന്നു. വിലയേറിയ സംഭാവനകൾ കുരുന്ന് ജീവനും, കുടുംബത്തിനും വലിയ ആശ്വാസമായേക്കാം. നമ്മൾ ഒരുമിച്ച് നിന്നാൽ ചികിത്സാചെലവിനുള്ള തുക സമാഹരിക്കാനും കഴിയുമെന്നും എം.ഡി വി.പി മുഹമ്മദ് മിയാൻദാദ് പറഞ്ഞു. www.qcharity.org/ar/qa/personalcampaign/influencercampaigns?MotivatorId=51594 ലിങ്ക് ഉപയോഗിച്ച ഓരോ വ്യക്തിക്കും ജീവകാരുണ്യ പ്രവൃത്തിയിൽ പങ്കുചേരാമെന്നും ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.