‘വൺ മില്യൺ സർജറി’പദ്ധതിയുമായി നസീം ഹെൽത്ത്കെയർ
text_fieldsദോഹ: നസീം സർജിക്കൽ സെന്ററിൽ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ധനസഹായം നൽകുന്ന ‘വൺ മില്യൺ സർജറി പദ്ധതി’ക്ക് തുടക്കമിടുന്നു. അർഹർക്ക് ശസ്ത്രക്രിയക്കായി പത്തു ലക്ഷം ഖത്തർ റിയാൽ (2.25 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതിയെന്ന് നസീം മെഡിക്കൽ സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എംബസികൾ, സോഷ്യൽ, കമ്യൂണിറ്റി, ചാരിറ്റബിൾ അസോസിയേഷനുകൾ, പ്രമുഖ വ്യക്തികൾ, മീഡിയാ ഹൗസുകൾ എന്നിവർ ശിപാർശ ചെയ്യുന്ന സാധുവായ ഖത്തർ ഐഡിയുള്ള ഖത്തർ നിവാസികളെ ഉദ്ദേശിച്ചാണ് പദ്ധതി. സാമ്പത്തിമായി പിന്നാക്കം നിൽക്കുന്നവർക്ക് അടിയന്തര ശസ്ത്രക്രിയകൾക്കായി വ്യക്തിപരമായും സമീപിക്കാം. നസീം ഹെൽത്ത്കെയർ ഡോക്ടർമാർ രോഗനിർണയം നടത്തി ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് അംഗീകാരത്തിനായി ഉന്നത സമിതിക്ക് സമർപ്പിക്കും. ഇതിന് അംഗീകാരം ലഭിച്ചാൽ ശസ്ത്രക്രിയ ചെയ്യാം.
‘എല്ലാവർക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള നസീം ഹെൽത്ത് കെയറിന്റെ സമർപ്പണമാണ് ഈ സംരംഭം. ആവശ്യമുള്ളവർക്ക് സഹായം നൽകുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്’-നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും 33 ഹോൾഡിങ്സിന്റെ സി.എം.ഡിയുമായ വി.പി. മുഹമ്മദ് മിയാൻദാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഓപറേഷൻ തിയറ്റർ ചാർജുകൾ, അനസ്തേഷ്യ ഫീസ്, ശസ്ത്രക്രിയാ ഫീസ്, 48 മണിക്കൂർ വാർഡ് ബെഡ് ചാർജ്, ഒ.ടി കൺസ്യൂമബിൾസ് എന്നിവ സഹായത്തിൽ ഉൾപ്പെടുന്നു. സൗന്ദര്യ ശസ്ത്രക്രിയകൾ, വി.ഐ.പി മുറികൾ, പ്രത്യേക ടെസ്റ്റുകൾ, പ്രത്യേക ഇംപ്ലാന്റുകൾ എന്നിവക്ക് സഹായം കിട്ടില്ല. നസീം സർജിക്കൽ സെന്ററിൽ നടത്തുന്ന ശസ്ത്രക്രിയകൾക്ക് മാത്രമാണ് ധനസഹായം. അത് ശസ്ത്രക്രിയ ബില്ലിൽ ക്രമീകരിക്കും. പണമായി നൽകില്ല. രോഗിയുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ച് സാമ്പത്തിക സഹായത്തിന്റെ തുക ഭാഗികമോ പൂർണമോ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ശിപാർശ ചെയ്യാൻ ആഗ്രഹിക്കുന്നവർ പ്രത്യേക പ്രോഗ്രാം ടീമിനെ 66224081, 30806833 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം പറഞ്ഞു. അർഹരായ രോഗികൾക്ക് ഈ ആനുകൂല്യങ്ങൾ നൽകുന്നതിനായി വിവിധ സാമൂഹിക സംഘടനകളുമായും എംബസികളുമായും സഹകരിച്ച് മെഡിക്കൽ, സർജിക്കൽ ക്യാമ്പുകൾ നടത്തുമെന്നും ഡോ. മുനീർ കൂട്ടിച്ചേർത്തു.
‘നസീം ഈയിടെ ആരംഭിച്ച സർജിക്കൽ സെന്റർ പൂർണമായും ശസ്ത്രക്രിയക്കായി സമർപ്പിച്ചിരിക്കുന്നു. ജനറൽ സർജറി, ഓർത്തോപീഡിക് സർജറി, ലാപ്രോസ്കോപ്പിക് സർജറി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ 100ലധികം പ്രധാന ശസ്ത്രക്രിയക്കായി വൈദഗ്ധ്യമുള്ള 30ലധികം ഡോക്ടർമാരുടെ ടീമും സ്റ്റാഫും പ്രവർത്തിക്കുന്നു. യൂറോളജി, ഇ.എൻ.ടി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഡയഗ്നോസ്റ്റിക് ആൻഡ് തെറപ്പിക് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ എൻഡോസ്കോപ്പി എന്നീ സൗകര്യങ്ങളുമുണ്ടെന്ന് നസീം സർജിക്കൽ സെന്റർ ജനറൽ സർജൻ ഡോ. മുദ്ദസർ റഹാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.