ഐ.എ.എ.എഫ് അഴിമതിക്കേസിൽ നാസർ അൽ ഖുലൈഫി കുറ്റമുക്തൻ
text_fieldsദോഹ: 2017ലെ ഇന്റർനാഷനൽ അമച്വർ അത്ലറ്റിക് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) വാണിജ്യ ബിഡുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങളിൽ ബീൻ മീഡിയ ഗ്രൂപ് ചെയർമാൻ നാസർ അൽ ഖുലൈഫി, ഗ്രൂപ് സി.ഇ.ഒ യൂസഫ് അൽ ഉബൈദലി എന്നിവർക്കെതിരായ നടപടി അവസാനിപ്പിച്ച് ഫ്രഞ്ച് പരമോന്നത കോടതി.
കേസിൽ കുറ്റമുക്തരാക്കിയുള്ള ഫ്രഞ്ച് കോടതിയുടെ നടപടിയെ നാസർ അൽ ഖുലൈഫിയും യൂസിഫ് അൽ ഉബൈദലിയുടെ ലീഗൽ കൗൺസിലും സ്വാഗതം ചെയ്തു. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളായിരുന്നുവെന്നും അവർ വ്യക്തമാക്കി.
നാസർ അൽ ഖുലൈഫിക്കും യൂസിഫ് അൽ ഉബൈദലിക്കുമെതിരായ ഐ.എ.എ.എഫുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർണമായും നിരസിച്ച ഫ്രഞ്ച് പരമോന്നത കോടതിയുടെ വിധിയിൽ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്നും വിധിയുടെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തി.
അൽ ഖുലൈഫിയുമായോ അൽ ഉബൈദലിയുമായോ ബന്ധമില്ലാത്ത കേസ്, യഥാർഥത്തിൽ ഐ.എ.എ.എഫ് ഉദ്യോഗസ്ഥർക്കിടയിലെ വ്യാപകമായ അഴിമതിയുമായി ബന്ധപ്പെട്ട് 2014ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തയുമായി ബന്ധപ്പെട്ടാണ്.
അതേസമയം റിയോ 2016, ടോക്യോ 2020, ഉത്തേജകവിരുദ്ധ ഫലങ്ങൾ എന്നിവയുൾപ്പെടുന്ന നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഐ.എ.എ.എഫ് മുൻ പ്രസിഡന്റ് ലാമിൻ ഡിയാക്, മകൻ പാപ മസാറ്റ ഡിയാക് എന്നിവർ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഡിയാക് കുടുംബത്തിലെ നിരവധി പേർ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർണമായും അവസാനിച്ചതായാണ് ഫ്രഞ്ച് കോടതിവിധി അർഥമാക്കുന്നത്. കഴിഞ്ഞ വർഷം അൽ ഖുലൈഫിയെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സ്വിസ് ഫെഡറൽ കോടതിയും കുറ്റമുക്തനാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.