അർബുദ രോഗികൾക്ക് നൂതന സേവനങ്ങളുമായി എൻ.സി.സി.സി.ആർ
text_fieldsദോഹ: അർബുദ രോഗികൾക്ക് നൂതന ചികിത്സാ സേവനങ്ങൾ നൽകാനുള്ള തയാറെടുപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ നാഷനൽ സെൻറർ ഫോർ കാൻസർ കെയർ ആൻഡ് റിസർച് (എൻ.സി.സി.സി.ആർ). അർബുദ ചികിത്സാരംഗത്തെ പുതിയ സാങ്കേതികവിദ്യയും അത്യാധുനിക തെറപ്പി സംവിധാനവും രാജ്യത്തെ നൂറുകണക്കിന് രോഗികൾക്ക് ഏറെ ഗുണകരമാകുമെന്ന് റേഡിയേഷൻ ഓങ്കോളജി മേധാവി ഡോ. നൂറ അൽ ഹമ്മാദി പറഞ്ഞു. പുതിയ കോമ്പൗണ്ടിങ് ആൻഡ് കീമോ പ്രിപ്പറേഷൻ ഫാർമസി സേവന വികസന പദ്ധതി പൂർത്തീകരിക്കുകയാണ് നിലവിലെ ലക്ഷ്യമെന്ന് ഡോ. ഹമ്മാദി കൂട്ടിച്ചേർത്തു. രോഗികൾക്കും ജീവനക്കാർക്കുമായി കേന്ദ്രത്തിലെ സൗകര്യങ്ങൾ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
നിരന്തരം രക്തം മാറ്റിക്കൊണ്ടിരിക്കേണ്ട ഹെമറ്റോളജിക്കൽ തകരാറുള്ള രോഗികൾക്കായി കോർണോ ഇൻഫ്യൂഷൻ പമ്പ് ഈ വർഷം സ്ഥാപിക്കുമെന്നും ചൂണ്ടിക്കാട്ടി. നിരവധി രോഗികൾക്കാണ് പദ്ധതി ഗുണകരമാകുകയെന്നും പുതിയ സംവിധാനങ്ങൾ നിലവിൽ വരുന്നതോടെ ചെലവ് പത്തിലൊന്നായി ചുരുങ്ങുമെന്നും അവർ സൂചിപ്പിച്ചു. രോഗികൾ വീട്ടിലോ തൊഴിലിടങ്ങളിലോ സ്കൂളുകളിലോ ആയിരിക്കുമ്പോൾ തന്നെ സബ് ക്യൂട്ടാനിയോസ് സംവിധാനം ഉപയോഗപ്പെടുത്താമെന്നും ആശുപത്രിയിൽ നേരിട്ടെത്തിയുള്ള ചികിത്സ ആവശ്യമില്ലെന്നും ഡോ. അൽ ഹമ്മാദി പറഞ്ഞു. അഡാപ്റ്റീവ് റേഡിയോ തെറപ്പി മെഷീനായ ഇഥോസ് ഈ വർഷം ആദ്യ പാദത്തിൽ പ്രവർത്തനസജ്ജമാകും. മിഡിലീസ്റ്റിൽ തന്നെ ഇതാദ്യമായാണ് അത്യാധുനിക റേഡിയോ തെറപ്പി മെഷീൻ പ്രവർത്തനസജ്ജമാക്കുന്നത്. വരും വർഷങ്ങളിൽ എൻ.സി.സി.സി.ആറിലെ ലിനിയർ ആക്സലെറേറ്ററും മാറ്റിസ്ഥാപിക്കുമെന്നും വിശദീകരിച്ചു. കേന്ദ്രത്തിലേക്ക്പ്രോട്ടോൺ തെറപ്പി യൂനിറ്റ് കൊണ്ട് വരാനുള്ള തയാറെടുപ്പിലാണ് ആരോഗ്യ വകുപ്പെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.