സൈബർ തട്ടിപ്പിനെതിരെ ജാഗ്രതൈ
text_fieldsദോഹ: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദേശവുമായി ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി (എൻ.സി.എസ്.എ). സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ച നിർദേശത്തിലാണ് ദേശീയ സൈബർ സെക്യൂരിറ്റിയിൽനിന്നെന്ന പേരിൽ വ്യക്തിഗത-ബാങ്കിങ് വിവരങ്ങൾ തട്ടിപ്പു സംഘം ശേഖരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതായും ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയത്.
ആഭ്യന്തര മന്ത്രാലയവും ഖത്തർ സെൻട്രൽ ബാങ്കും നേരത്തേ ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കുന്ന ഏജൻസിയുമായോ തട്ടിപ്പു സംഘങ്ങളുമായോ സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ പങ്കുവെക്കരുതെന്നും ഇത് സൈബർ തട്ടിപ്പിനും സാമ്പത്തിക നഷ്ടങ്ങൾക്കും ഇടവരുത്തുമെന്നും ദേശീയ സൈബർ സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. ഏജൻസിയുടെ പേരിൽ ഇത്തരം ഫോൺ കാളുകൾ വന്നാൽ പ്രതികരിക്കരുതെന്ന് അധികൃതർ ഓർമപ്പെടുത്തുന്നു. വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും ഹാക്ക് ചെയ്യപ്പെടുന്നതിനും കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിയമാനുസൃതമായ കമ്പനികളൊന്നും തങ്ങളുടെ സേവനങ്ങൾക്കായി ഏതെങ്കിലും സോഫ്റ്റ് വെയറുകളോ ആപ്ലിക്കേഷനോ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടില്ല. ഇത്തരത്തിൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ അതിനുപിന്നിൽ തട്ടിപ്പ് സാധ്യതയുണ്ടെന്ന് ഓർക്കുക
ഓൺലൈൻ ബാങ്കിങ് വിവരങ്ങളും പാസ്വേഡും ഒ.ടി.പിയും ആരുമായും പങ്കുവെക്കരുത്
പൊതു ഇടങ്ങളിലെ വൈ-ഫൈ ഉപയോഗം പരമാവധി ഒഴിവാക്കുക. ബാങ്കിങ് ഇടപാടുകൾക്ക് ഈ വൈ-ഫൈ ഉപയോഗിക്കരുത്
വിശ്വാസ്യതയില്ലാത്തതും അപരിചിതവുമായ ഇടങ്ങളിലെ യു.എസ്.ബി ഉപയോഗിക്കരുത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.