അഭിമാനത്തിന്റെ ദേശീയ ദിനം
text_fields
അർദ നൃത്തം അവതരിപ്പിക്കുന്നവർ
ദോഹ: വർണാഭമായ വെടിക്കെട്ടിന്റെയും പരേഡിന്റെയും ആഘോഷപ്പൊലിമയില്ലാതെ ഖത്തറിന് ഇന്ന് ദേശീയദിനം. രാജ്യത്തിന്റെ പാരമ്പര്യവും അഭിമാനവും മുറുകെ പിടിച്ചും അന്തർദേശീയ തലത്തിലെ മികവുകൾ വിളംബരം ചെയ്തും മറ്റൊരു ഡിസംബർ 18നെ ഹൃദ്യമായി വരവേൽക്കുകയാണ് ഖത്തർ.
മുൻ വർഷങ്ങളിൽ ആഘോഷത്തോടെയായിരുന്നു രാജ്യം ദേശീയ ദിനത്തെ വരവേറ്റതെങ്കിൽ ഇത്തവണ വേദനിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാട്. സൗഹൃദരാഷ്ട്രമായ കുവൈത്തിന്റെ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തെ തുടർന്ന് മൂന്നു ദിവസം ദുഃഖാചരണത്തിലാണ് ഖത്തർ. ഇസ്രായേലിന്റെ നിഷ്ഠുരമായ ആക്രമണങ്ങളിൽ മരിച്ചുവീഴുന്ന നിരപരാധികളായ ഫലസ്തീനികളുടെ വേദനകളെയും നെഞ്ചോടുചേർക്കുന്നു. ഇതോടെ, ദോഹ കോർണിഷിലെ പരേഡും മറ്റു ആഘോഷങ്ങളുമെല്ലാം വേണ്ടെന്നുവെച്ചാണ് മറ്റൊരു ഡിസംബർ 18നെ വരവേൽക്കുന്നത്. എങ്കിലും, വിവിധ ഇടങ്ങളിൽ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറുന്നുണ്ട്. ദോഹ എക്സ്പോ വേദി, കതാറ, ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സാഇ, വിവിധ മാളുകൾ ഉൾപ്പെടെ ഇടങ്ങളിലായാണ് ദേശീയ പരിപാടികൾ നടക്കുന്നത്. രണ്ടു ദിവസമാണ് ദേശീയദിന അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലും ഇന്ന് അവധിയാണ്.
കതാറയിൽ നടന്ന പെയിന്റിങ് മത്സരത്തിൽനിന്ന്
സാംസ്കാരിക പരിപാടികളോടെ കതാറ
ദോഹ: കതാറയിലെ ദേശീയദിന പരിപാടികൾക്ക് വെള്ളിയാഴ്ചതന്നെ തുടക്കംകുറിച്ചു. സാംസ്കാരിക, കല, വിനോദ പരിപാടികളോടെയാണ് കതാറയിൽ ദേശീയ ദിനാഘോഷങ്ങൾ അരങ്ങേറുന്നത്. ഖത്തരി കവികളായ ഫഹദ് അൽ ഷാഫി, ഖാലിദ് അൽ ബുഐനൈൻ, ഹമദ് അൽ മജുംദാർ എന്നിവരുടെ കവിതാസദസ്സായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയമായത്.സന്ദർശകർക്ക് ഖത്തറിനെക്കുറിച്ച് തങ്ങളുടെ അനുഭവങ്ങളും സ്നേഹവും കുറിപ്പുകളായി പ്രകടിപ്പിക്കാനുള്ള ലോയൽറ്റി ബുക്ക് കതാറ കോർണിഷിൽ സജ്ജമാക്കിയിട്ടുണ്ട്.
തുടർച്ചയായി പത്താം വർഷമാണ് ലോയൽറ്റി ബുക്ക് തയാറാക്കുന്നത്. പരമ്പരാഗത വാൾ നൃത്തമായ ഖത്തരി അർദയായിരുന്ന കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശകരെ ആകർഷിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ നടന്ന അർദ നൃത്തം കാണാൻ നിരവധി പേരെത്തി. ദേശീയ ഗാനങ്ങൾ ഉൾപ്പെടെ സംഗീത പരിപാടികളോടെയായിരുന്നു അർദ അരങ്ങേറിയത്.
ഫാൽക്കൺ പ്രദർശനവുമായി അൽ ഖന്നാസ് ഖത്തരി സൊസൈറ്റിയുടെ പരിപാടികളും കതാറയിലെ ദേശീയ ദിനാഘോഷത്തെ ശ്രദ്ധേയമാക്കി. ക്ലാസിക്കൽ കാറുകളുടെ പ്രദർശനം, ചിത്രകലാ മത്സരം, അൽ തുറായ പ്ലാനറ്റേറിയത്തിലെ പ്രദർശനം എന്നിവയും ദേശീയദിനത്തിന്റെ ഭാഗമായി പുരോഗമിക്കുന്നു. ഇതിനു പുറമെ 10 ദിവസം മുമ്പ് ആരംഭിച്ച ഖത്തർ ബലൂൺ ഫെസ്റ്റിവലും തുടരുന്നു.
വിവിധ ദേശീയദിന പരിപാടികൾ
ദോഹ: ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക പരിപാടികളൊന്നുമില്ലെങ്കിലും നേരത്തേ പ്രഖ്യാപിച്ചതും ആരംഭിച്ചതുമായ വിവിധ സാംസ്കാരിക പരിപാടികൾ തുടരുന്നുണ്ട്.
വിവിധ മാളുകളിലും മറ്റും ദേശീയ ദിനത്തിന്റെ പരിപാടികളും നടക്കും.
ദർബ് അൽ സാഇ
ഡിസംബർ 10ന് തുടങ്ങിയ ദർബ് അൽ സാഇ തിങ്കളാഴ്ചയോടെ സമാപിക്കും. വൈകീട്ട് മൂന്നു മുതൽ രാത്രി 11 വരെയാണ് ഉം സലാൽ മുഹമ്മദിൽ ദർബ് അൽ സാഇ വേദിയിൽ വിവിധ പരിപാടികൾ നടക്കുന്നത്.
എക്സ്പോയിൽ ഡ്രോൺ ലൈറ്റ് ഷോ
ഡിസംബർ 12 മുതൽ നടക്കുന്ന ദോഹ എക്സ്പോ വേദിയിലെ ഡ്രോൺ ലൈറ്റ് ഷോ ദുഃഖാചരണ ദിനങ്ങളിൽ ഉണ്ടാവില്ല. അതേസമയം, ദുഃഖാചരണം കഴിഞ്ഞ് ഡിസംബർ 20 വരെ തുടരും.
എക്സ്പോ കൾചറൽ പരിപാടി
ദോഹ എക്സ്പോ വേദിയിൽ കൾചറൽ സോണിലാണ് വിവിധ സാംസ്കാരിക പരിപാടികൾ തുടരുന്നത്. ദേശീയദിന പരിപാടികൾ ഇന്ന് സമാപിക്കും. വൈകീട്ട് അഞ്ചു മുതൽ രാത്രി 8.55 വരെ.
തോർബയിൽ സ്പെഷൽ മാർക്കറ്റ് ഡേ
ഫലസ്തീന് ഐക്യദാർഢ്യവുമായി ദേശീയ ദിനത്തിൽ സ്പെഷൽ മാർക്കറ്റ് ഡേക്കാണ് തോർബ മാർക്കറ്റ് വേദിയാകുന്നത്. ഫലസ്തീൻ, ഖത്തരി ഭക്ഷ്യവിഭവങ്ങൾ, ശിൽപശാലകൾ, ഉൽപന്നങ്ങൾ എന്നിവയിലൂടെ ഫലസ്തീനുവേണ്ടി ധനശേഖരണം.
കതാറ കൾചറൽ വില്ലേജ്
ഡിസംബർ 15ന് തുടങ്ങിയ സാംസ്കാരിക പരിപാടികൾ തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് മൂന്നു മുതൽ രാത്രി 10 വരെ.
പേൾ ഐലൻഡ്
പരമ്പരാഗത കാഴ്ചകളുമായി പേൾ ഐലൻഡിൽ വിവിധ പരിപാടികൾ അരങ്ങേറുന്നു. തിങ്കളാഴ്ച സമാപനം. വൈകു. നാലു മുതൽ രാത്രി 10 വരെ.
ലുസൈൽ വിന്റർ വണ്ടർലാൻഡ്
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ പരിപാടികൾ. ടിക്കറ്റ് മുഖേന പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.