ദേശീയ ഹെൽത്ത് സ്ട്രാറ്റജി ഉടൻ
text_fieldsദോഹ: ഖത്തറിന്റെ മൂന്നാം ദേശീയ വികസനപദ്ധതിയുടെ ഭാഗമായ ആരോഗ്യ പദ്ധതി 2024-2030 ഉടൻ ആരംഭിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രി ഡോ. അൽ കുവാരി പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന 77ാമത് ലോകാരോഗ്യ അസംബ്ലിയിൽ ഖത്തറിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
പൊതുജനാരോഗ്യം, പ്രാഥമികാരോഗ്യ പരിരക്ഷ, അടിസ്ഥാന ആരോഗ്യ ചികിത്സ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിച്ചും മെച്ചപ്പെടുത്തിയും ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം നേരിടുന്ന വെല്ലുവിളികളും മുൻഗണനകളും പരിഹരിക്കുകയാണ് പുതിയ ആരോഗ്യ പ്ലാനിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കായിക പരിപാടികളിലൂടെ ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുക എന്ന കരട് തീരുമാനത്തിന് നിരവധി രാജ്യങ്ങളുടെ പിന്തുണയും അംഗീകാരവും നേടിയതിൽ അഭിമാനിക്കുന്നുവെന്നും, ഫിഫ ലോകകപ്പ് 2022ന് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിന്റെ വിജയകരമായ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംരംഭമെന്നും അവർ വിശദീകരിച്ചു. ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മുഴുവൻ സർക്കാറും സമൂഹവും ഉൾപ്പെടുന്ന പുതിയ സമീപനമാണ് ഇത് മുന്നോട്ടു വെക്കുന്നത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടികൾ തുടരുകയാണ് -മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.ഈ വർഷം നവംബർ 13,14 ദിവസങ്ങളിലായി വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത് (വിഷ് 2024)ന് ഖത്തർ ആതിഥ്യം വഹിക്കുമെന്നും 2025 ഫെബ്രുവരി അഞ്ച്, ആറ് തീയതികളിലായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ആറാമത് ആഗോള ഉച്ചകോടിക്കും ഖത്തർ വേദിയാകുമെന്നും അവർ വ്യക്തമാക്കി. ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങളെയും ആരോഗ്യ പ്രവർത്തകരെയും സംരക്ഷിക്കുന്നതിന് എല്ലായിടത്തും പ്രത്യേകം മുൻഗണന നൽകണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.