ഇ-വായനയുടെ ലോകമൊരുക്കി നാഷനൽ ലൈബ്രറി
text_fieldsദോഹ: പുസ്തകപ്രേമികൾക്ക് വായിക്കാൻ കുന്നോളം പുസ്തകങ്ങൾ ഒരുക്കി ഖത്തർ നാഷനൽ ലൈബ്രറി കാത്തിരിക്കുന്നു. ഇ-പുസ്തകങ്ങളുടെ അതുല്യമായ ശേഖരമൊരുക്കിയാണ് ലൈബ്രറി പുസ്തകപ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യകളും വർധിച്ചുവരുന്ന ഓൺലൈൻ സൗകര്യവും ഉപയോഗപ്പെടുത്തി ഡിജിറ്റൽ മെറ്റീരിയലുകൾ, അക്കാദമിക് പേപ്പറുകൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ തെരഞ്ഞെടുക്കാൻ കൂടുതലാളുകളെ പ്രേരിപ്പിക്കുന്നുവെന്ന് ലൈബ്രറിയിലെ ഐ.ടി ഓപറേഷൻസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ നാസർ അൽ അൻസാരി പറഞ്ഞു.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സൗകര്യത്തിനും പ്രവേശനക്ഷമതക്കും ഉപയോക്താക്കൾ കൂടുതൽ പരിചിതരാകുന്നതോടെ ഒാൺലൈൻ വായനയുടെ ജനപ്രീതിയും വർധിച്ചിരിക്കുകയാണ്. വായനക്കാർ വർധിക്കുന്നതിനനുസരിച്ച് ലൈബ്രറിയുടെ ശേഖരം വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ ഉപയോക്താക്കളുടെ പഠനാവശ്യങ്ങൾ നിറവേറ്റുന്നതിൽ ഒാൺലൈൻ ഉറവിടങ്ങളുടെ മൂല്യവും പ്രസക്തിയും തെളിയിക്കുന്നതാണ് നാഷനൽ ലൈബ്രറിയുടെ കീഴിലുള്ള ഡിജിറ്റൽ ലൈബ്രറിക്കുണ്ടായ ജനപ്രീതി -അൽ അൻസാരി പറഞ്ഞു.
നിലവിൽ ലൈബ്രറിയുടെ ഒാൺലൈൻ വിഭാഗത്തിൽ 634,519 ഇ-പുസ്തകങ്ങൾ, 230 ഡേറ്റാബേസുകൾ, കുട്ടികൾക്കും യുവാക്കൾക്കുമായി 13 ഡേറ്റാബേസുകൾ, 16780 ജേണലുകൾ എന്നിവ ഉൾപ്പെടുന്നു. 36641 ഇ-പുസ്തകങ്ങളും 4243 അറബിക് പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ ലൈബ്രറിയിലുണ്ട്. ബ്രിട്ടാനിക്ക (ഇംഗ്ലീഷ്), സ്കോളസ്റ്റിക് (ഇംഗ്ലീഷ്), ഓവർ ഡ്രൈവ് (ഇംഗ്ലീഷ് ആൻഡ് അറബിക്), ടംബിൾ ബുക്ക് ലൈബ്രറി (ഇംഗ്ലീഷ്), ഐജന (അറബിക്) എന്നിവ കുട്ടികൾക്കിടയിൽ ജനപ്രിയമാണെന്ന് അൽ അൻസാരി ചൂണ്ടിക്കാട്ടി.
ഇ-പുസ്തകങ്ങൾ, ഓഡിയോ പുസ്തകങ്ങൾ, അക്കാദമിക് പേപ്പറുകൾ എന്നിവയും ന്യൂയോർക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ്, പ്രസ് റീഡർ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽനിന്നുള്ള ലേഖനങ്ങളും പ്രബന്ധങ്ങൾ, മാഗസിനുകൾ എന്നിവ ഡൗൺലോഡ് ചെയ്തും ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഖത്തർ നാഷനൽ ലൈബ്രറിയുടെ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ഉപയോക്താക്കൾക്ക് ഡിജിറ്റൽ ലൈബ്രറി സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. ഡിജിറ്റൽ ലൈബ്രറിക്കൊപ്പംതന്നെ പ്രധാന ലൈബ്രറിയിലെ പുസ്തകങ്ങളും മറ്റു ശേഖരങ്ങളും പഠനത്തിലും ഗവേഷണ പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.