വിദ്യാർഥികൾക്ക് ‘എ.ഐ’ ലോകം തുറന്ന് നാഷനൽ മ്യൂസിയം
text_fieldsദോഹ: മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഖത്തർ നാഷനൽ മ്യൂസിയം (എൻ.എം.ഒ.ക്യു) നിർമിതബുദ്ധി (എ.ഐ) ഡിജിറ്റൽ സെന്ററിന് തുടക്കം കുറിച്ചു. വിദ്യാർഥികൾക്കും യുവാക്കൾക്കും ഡിജിറ്റൽ കഴിവുകൾ പരിശീലിക്കാനും പുതിയ ചിന്ത, പ്രവർത്തന രീതികൾ പഠിക്കാനും ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഖത്തർ മ്യൂസിയംസിനു കീഴിൽ പദ്ധതി നടപ്പാക്കുന്നത്.
ഖത്തർ നാഷനൽ മ്യൂസിയവും മൈക്രോസോഫ്റ്റും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം. മ്യൂസിയത്തിന്റെ വാഗ്ദാനങ്ങൾ അനുഭവിക്കുന്നതിനും സമകാലിക സാങ്കേതിക മുന്നേറ്റങ്ങൾ നിലനിർത്തുന്നതിനുമായി നൂതന മാർഗങ്ങൾ ഒരുക്കുന്നതിലെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണ് നാഷനൽ മ്യൂസിയം-മൈക്രോസോഫ്റ്റ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.
നിർമിതബുദ്ധി ഡിജിറ്റൽ കേന്ദ്രം തുറക്കുന്നതിന് മുന്നോടിയായി മ്യൂസിയവും മൈക്രോസോഫ്റ്റും സംയുക്തമായി നിരവധി സെഷനുകൾ സംഘടിപ്പിച്ചിരുന്നു. ദോഹയിലെ നിരവധി സ്കൂളുകളിലായി നൂറുക്കണക്കിന് വിദ്യാർഥികൾക്ക് മൈൻക്രാഫ്റ്റ് എജുക്കേഷൻ, ത്രീഡി പെയിന്റ്, ഫ്ലിപ്പ്ഗ്രിഡ്, അവർ ഓഫ് കോഡ്, മേക്ക് കോഡ്, കൊഗ്നിറ്റീവ് സൊലൂഷ്യൻസ്, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിലും മറ്റുമായി വ്യത്യസ്ത സെഷനുകളാണ് സംഘടിപ്പിച്ചത്.
ഖത്തർ മ്യൂസിയത്തിന് കീഴിൽ യുവാക്കൾക്കായി ഇത്തരത്തിലുള്ള ഡിജിറ്റൽ സെന്റർ തുറക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കമ്യൂണിറ്റികളുമായി ഇടപഴകുന്നതിന് പുതിയവഴികൾ തുറക്കുന്നതിലേക്ക് ഇത് തുടക്കം കുറിക്കുമെന്നും ഖത്തർ മ്യൂസിയംസ് ഡെപ്യൂട്ടി സി.ഇ.ഒയും നാഷനൽ മ്യൂസിയം ഡയറക്ടറുമായ ശൈഖ അംന ബിൻത് അബ്ദുൽ അസീസ് ബിൻ ജാസിം ആൽഥാനി ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി.
മൈക്രോസോഫ്റ്റിൽ അവിശ്വസനീയമായ, ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തങ്ങൾ പലപ്പോഴും വിദ്യാർഥികളിൽനിന്നാണ് വരുന്നതെന്ന് തിരിച്ചറിയുന്നുവെന്ന് ഖത്തർ മൈക്രോസോഫ്റ്റ് ജനറൽ മാനേജർ ലാന ഖലഫ് പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ വിദ്യാർഥികളിൽ സ്റ്റെംസിൽ (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്-എസ്.ടി.ഇ.എം) താൽപര്യം ജനിപ്പിക്കുന്നതിൽ പദ്ധതി സഹായകമാവുമെന്ന് ലാന ഖലഫ് വ്യക്തമാക്കി.
എട്ടു മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കായി ജൂൺ മുതൽ ആഗസ്റ്റ് വരെ വേനലവധിക്കാലത്ത് സൗജന്യ ക്രിയേറ്റിവ് ശിൽപശാലകളാണ് ഖത്തർ നാഷനൽ മ്യൂസിയം സംഘടിപ്പിക്കുന്നത്. ശിൽപശാലക്കൊപ്പം ഫീൽഡ് ട്രിപ്പുകളും മ്യൂസിയം വാഗ്ദാനം ചെയ്യുന്നു. ഞായറാഴ്ചകളിൽ മൈൻക്രാഫ്റ്റ് മുഖേനയുള്ള കോഡിങ്ങാണ് വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച സൈബർ സുരക്ഷ വിഷയത്തിലും ചൊവ്വാഴ്ചകളിൽ ഡിസൈൻ, എൻജിനീയറിങ് വിഷയത്തിലും ബുധനാഴ്ചകളിൽ ഫിലിം മേക്കിങ്ങിലും ഡിജിറ്റൽകേന്ദ്രത്തിൽ സൗജന്യ ശിൽപശാല സംഘടിപ്പിക്കും. വ്യാഴം ദിവസങ്ങളിൽ ത്രീഡി-വെർച്വൽ റിയാലിറ്റിയിലാണ് പരിശീലനം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.