കായികാവേശത്തിൽ രാജ്യം
text_fieldsദോഹ: രാജ്യം 12ാമത് ദേശീയ കായിക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആചരിച്ചു. ഖത്തറിലുടനീളം പൗരന്മാരും താമസക്കാരുമൊക്കെ സജീവമായി അണിനിരന്ന ആവേശകരമായ കായിക പരിപാടികളും വർണാഭമായ ചടങ്ങുകളോടെയായിരുന്നു നാഷനൽ സ്പോർട്സ് ഡേ ആഘോഷം. ‘ദി ചോയ്സ് ഈസ് യുവേഴ്സ്’ (തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്) എന്ന മുദ്രാവാക്യമുയർത്തിയാണ് ദേശീയ കായിക ദിന പ്രവർത്തനങ്ങൾ ഇക്കുറി അരങ്ങേറിയത്.
വ്യക്തികളുടെ ജീവിതത്തിലും സമൂഹത്തിലും കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതപാതയിലേക്ക് ആളുകളെ നയിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായികദിനമായി ആചരിക്കുന്നത്. വിവിധ പാർക്കുകൾ, കായിക മേഖലകൾ, ദോഹ കോർണിഷ്, ആസ്പയർ സോൺ, പേൾ ഐലൻഡ്, ഖത്തർ ഫൗണ്ടേഷൻ, ലുസൈൽ, അൽ ഷമാൽ, അൽ ഷിഹാനിയ, അൽ വക്ര തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 130 ഓളം പരിപാടികൾ സംഘടിപ്പിച്ചു. 100-ലധികം സ്ഥാപനങ്ങൾ ദേശീയ കായിക ദിന പരിപാടികളിൽ പങ്കാളികളായി. വിദ്യാഭ്യാസ, സ്വകാര്യ സ്ഥാപനങ്ങളും ദേശീയ കായിക ദിനാഘോഷങ്ങളുടെ ആവേശങ്ങൾക്കൊപ്പം രംഗത്തുണ്ടായിരുന്നു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ദേശീയ കായിക ദിനം പ്രമാണിച്ച് നിരവധി പരിപാടികളിൽ പങ്കാളിയായി. ശാഫല്ല സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ്, അൽ നൂർ സെന്റർ ഫോർ ദ ബ്ലൈൻഡ്, ഡ്രീമ ഓർഫനേജ് കെയർ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിൽ അദ്ദേഹം കായിക പ്രവർത്തനങ്ങളിലുൾപ്പെടെ പങ്കാളിയായി.
പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ് ആൽഥാനിയും ദേശീയ കായിക ദിനത്തിൽ പരിപാടികളിൽ പങ്കാളിയായി. സൂഖ് വാഖിഫിൽ അദ്ദേഹം നടക്കാനിറങ്ങി. ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവരും പ്രമുഖരായ ശൈഖുമാരും മന്ത്രിമാരും പിതാവ് അമീറിനൊപ്പം ഉണ്ടായിരുന്നു.
ആസ്പയർ പാർക്കിൽ വിവിധ പരിപാടികൾ
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് തൊഴിൽ മന്ത്രാലയം ചൊവ്വാഴ്ച ആസ്പയർ പാർക്കിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. മന്ത്രാലയത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു. തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർരി ദേശീയ കായിക ദിനത്തിന്റെ പ്രാധാന്യവും മൂല്യങ്ങൾ ഏകീകരിക്കുന്നതിലും സമൂഹത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിലും അത് വഹിക്കുന്ന പങ്കും വിശദീകരിച്ചു.
‘ഈ ദിനാഘോഷവും രാജ്യത്തെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളുടെ ഇതിൽ പങ്കെടുക്കാനുള്ള ഉത്സാഹവും കായികരംഗത്ത് നിർണായകമായിട്ടുണ്ട്. ഇത് എല്ലാവരുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. കായിക പരിശീലനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇത് ആളുകളെ ഓർമിപ്പിക്കുന്നു’- മന്ത്രി പറഞ്ഞു.
‘പ്രാദേശികമായും സ്വതന്ത്രമായും കായിക മത്സരങ്ങൾക്കുള്ള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ മുൻനിര സ്ഥാനം ഉറപ്പിച്ച ഒരു സന്ദർഭം കൂടിയാണിത്. ലോകകപ്പ് 2022 ആതിഥേയത്വം വൻ വിജയമാക്കുന്നതിൽ ഈ ആവേശം ഖത്തറിന്റെ മഹത്തായ ശ്രമങ്ങൾക്ക് പിന്തുണയേകി. ഖത്തർ ദേശീയ ദർശനത്തിന് അനുസൃതമായി വ്യക്തികളുടെ ശാരീരികവും ബൗദ്ധികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് മുൻതൂക്കം നൽകുന്നു.
സമൂഹത്തിന്റെ പുരോഗതിക്കും കായികരംഗത്തെ മികവ് അത്യന്താപേക്ഷിതമാണെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഫലപ്രദമായ വീക്ഷണത്തെ വിജയകരമായ അന്താരാഷ്ട്ര ടൂർണമെന്റുകൾ സ്ഥിരീകരിക്കുന്നു‘- അദ്ദേഹം പറഞ്ഞു. തൊഴിലാളി സമിതികളുമായി സഹകരിച്ച് നിരന്തരമായ ബോധവത്കരണത്തിനുള്ള ശ്രമങ്ങൾക്ക് പുറമെ സ്ഥാപനങ്ങളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിൽ മന്ത്രാലയം വലിയ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഡോ. അൽ മാരി കൂട്ടിച്ചേർത്തു.
നീതിന്യായ മന്ത്രാലയം, സാമൂഹിക വികസന കുടുംബ മന്ത്രാലയം, നാഷനൽ സർവിസ് അക്കാദമി എന്നിവയും ദേശീയ കായിക ദിനം ആഘോഷിച്ചു. നാഷനൽ സർവിസ് അക്കാദമിയുടെ (മിക്ദാം ക്യാമ്പ്) ആസ്ഥാനത്ത് സംയുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നീതിന്യായ മന്ത്രി മസൂദ് ബിൻ മുഹമ്മദ് അൽ അമേരി, സായുധ സേനാ മേധാവി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ (പൈലറ്റ്) സലീം ബിൻ ഹമദ് ബിൻ അഖീൽ അൽ നാബിത് എന്നിവർ സന്നിഹിതരായിരുന്നു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ജ്ഞാനപൂർവകമായ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്ന ആഴത്തിലുള്ള അർഥങ്ങൾ ഈ വർഷത്തെ കായിക ദിനം ഉൾക്കൊള്ളുന്നുവെന്ന് നീതിന്യായ മന്ത്രി പറഞ്ഞു. കായിക ദിനത്തിന്റെ ഭാഗമായി സംയുക്ത കായിക പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യകരമായ ഭാരം അളക്കുന്നതിനുള്ള കോർണർ സ്ഥാപിക്കുക, പോഷകാഹാര ആരോഗ്യ മേഖലയിലെ സ്പെഷലിസ്റ്റുകൾ നൽകുന്ന പങ്കാളികൾക്ക് ആരോഗ്യവും പോഷകാഹാര ഉപദേശവും നൽകുക, എന്നിവക്ക് പുറമേ, ഫുട്ബാൾ, വടംവലി, ടേബിൾ ടെന്നീസ്, അത്ലറ്റിക്സ്, നടത്തം ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.