ദേശീയ കായികദിനം: സ്കൂൾ പരിപാടികൾക്ക് നിബന്ധനകളായി
text_fieldsദോഹ: വിദ്യാർഥികൾക്കായുള്ള ഈ വർഷത്തെ ദേശീയ കായികദിന പരിപാടികൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ട് സ്കൂളുകളിൽ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദേശീയ കായികദിന പരിപാടികളുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ സർക്കുലർ മന്ത്രാലയത്തിലെ വിദ്യാഭ്യാസ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഓഫിസിൽനിന്നും സ്കൂൾ പ്രധാനാധ്യാപകർക്ക് അയച്ചിട്ടുണ്ട്.
ബിൻ ഉംറാൻ മേഖലയിൽ യർമൂക് പ്രിപ്പറേറ്ററി സ്കൂളിൽ ആൺകുട്ടികൾക്കും റൗദത് അൽ ഹമാമ മേഖലയിലെ മാരിയ അൽ ഖിബ്തിയ്യ പ്രിപ്പറേറ്ററി സ്കൂളിൽ പെൺകുട്ടികൾക്കുമായി നിശ്ചയിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പുറമെ, ഓരോ സ്കൂളുകളിലും പരമാവധി 120 കുട്ടികൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂവെന്നും കായികദിന സംഘാടക സമിതിയുടെ നിബന്ധനകളും നിർദേശങ്ങളും പാലിച്ച് കൊണ്ടായിരിക്കണം പരിപാടികളെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. കായികദിനമായ ചൊവ്വാഴ്ച മാത്രമായിരിക്കണം പരിപാടികൾ സംഘടിപ്പിക്കേണ്ടത്. സ്കൂളുകളിലെ ഇൻഡോർ ഹാളുകളിൽ ഒരിക്കലും പരിപാടികൾ സംഘടിപ്പിക്കരുത്.
പൂർണമായും പുറത്തെ ഗ്രൗണ്ടുകളിലായിരിക്കണം കായികദിന പരിപാടികൾ.
കായികദിന പരിപാടികളിൽ പങ്കെടുക്കുന്നവരെ രക്ഷിതാക്കൾ സ്കൂളുകളിലെത്തിക്കണം.
രാവിലെ എട്ടുമുതൽ 12 വരെയായിരിക്കും സമയക്രമം. സ്കൂൾ പ്രധാനാധ്യാപകന്‍റെ നേതൃത്വത്തിലുള്ള സമിതിയോ അല്ലെങ്കിൽ അദ്ദേഹത്തിൻെറ പ്രതിനിധിയും സ്കൂളിലെ കായികാധ്യാപകനും ചേർന്നുള്ള സമിതിയോ അതുമല്ലെങ്കിൽ സ്കൂളിലെ കായിക വിദ്യാഭ്യാസ കോഓഡിനേറ്ററോ ആയിരിക്കണം പരിപാടികൾക്ക് മേൽനോട്ടം വഹിക്കേണ്ടത്.
കായികദിന പരിപാടികൾ നടക്കുന്ന വേദികളുടെ സമീപ സ്കൂളുകളെ സംഘാടകർ ക്ഷണിക്കണമെന്നും എന്നാൽ പങ്കെടുക്കുന്നവരുടെ എണ്ണം 120ൽ കവിയരുതെന്നും കായിക പ്രവർത്തനങ്ങളിലേർപ്പെടുന്നവരുടെ ആരോഗ്യ പരിശോധന സ്കൂളുകളുടെ സ്വന്തം ഉത്തരവാദിത്തലായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മന്ത്രിസഭാ സമിതിയെടുത്ത തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ ഈ വർഷം ഔട്ട്ഡോറിൽ മാത്രം പരിപാടികൾ സംഘടിപ്പിക്കാനാണ് നിർദേശം.
ടീം ഇനങ്ങളിലുൾപ്പെടെ 15ൽ കൂടുതൽ പേർ ഒരു ഇനങ്ങളിലും പങ്കെടുക്കാൻ പാടില്ല. പങ്കെടുക്കുന്നവർ വാക്സിനെടുത്തവരുമായിരിക്കണം. വാക്സിൻ സ്വീകരിക്കാത്ത അഞ്ചുപേർക്കുവരെ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം. 12 വയസ്സിന് താഴെയുള്ളവർക്കും പങ്കെടുക്കാൻ സാധിക്കും.
എന്നാൽ, 24 മണിക്കൂറിനുള്ളിലെടുത്ത റാപിഡ് ആൻറിജൻ നെഗറ്റിവ് പരിശോധനഫലം ഹാജരാക്കണം. മത്സരത്തിൽ പങ്കെടുക്കുന്നവരും മറ്റും ഒരു മീറ്ററിൽ കുറയാത്ത സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണം. കാണികൾ, മത്സരാർഥികൾ, സംഘാടകരുൾപ്പെടെ എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. മത്സരാർഥികൾ തങ്ങളുടെ ഇനങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം മാസ്ക് മാറ്റിവെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.