ദേശീയ കായികദിനം ഫെബ്രുവരി എട്ടിന്; പ്രോട്ടോകോൾ പ്രഖ്യാപിച്ചു
text_fieldsദോഹ: കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക കുറഞ്ഞതിനുപിന്നാലെ ദേശീയ കായികദിനത്തെ വരവേൽക്കാൻ ഒരുങ്ങാം. ഫെബ്രുവരി രണ്ടാം വാരത്തിലെ ആദ്യ ചൊവ്വാഴ്ചയായ എട്ടാം തീയതിയാണ് ഖത്തറിന്‍റെ ദേശീയ കായികദിനം. ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കുന്ന വർഷമെന്ന നിലയിൽ ഏറെ സവിശേഷതകളും 2022ലെ കായികദിനത്തിനുണ്ട്. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ കായികദിനത്തിലെ പരിപാടികൾ സംബന്ധിച്ച് സംഘാടക സമിതി പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി വ്യക്തിഗത വിഭാഗങ്ങളിലെയും ടീം വിഭാഗങ്ങളിലെയും മത്സരങ്ങളും പരിപാടികളും തുറന്ന സ്ഥലങ്ങളിൽ മാത്രമായി നടത്താനാണ് നിർദേശം. ടീം ഇനങ്ങൾ ഉൾപ്പെടെ 15ൽ കൂടുതൽ പേർ ഒരു ഇനങ്ങളിലും പങ്കെടുക്കാൻ പാടില്ല. ഇവർ വാക്സിൻ സ്വീകരിച്ചവരും ആയിരിക്കണം.
വാക്സിൻ സ്വീകരിക്കാത്ത അഞ്ചുപേർക്ക് വരെ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം. 12ന് താഴെ പ്രായമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. എന്നാൽ, 24 മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് ആന്‍റിജെൻ നെഗറ്റിവ് പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇവർക്ക് പ്രവേശനം നൽകുക. മത്സരങ്ങളിൽ പങ്കെടുക്കുന്നവരും മറ്റും ഒരു മീറ്ററിൽ കുറയാത്ത സുരക്ഷിതമായ സാമൂഹിക അകലം പാലിക്കം. കാണികൾ, സംഘാടകർ, മത്സരാർഥികൾ ഉൾപ്പെടെ എല്ലാവരും മാസ്ക് അണിയണം. അതേസമയം, മത്സരാർഥികൾക്ക് തങ്ങളുടെ ഇനങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം മാസ്ക് മാറ്റിവെക്കാം.
പാർക്കുകളിലെയും സ്പോർട്സ് കേന്ദ്രങ്ങളിലെയും പരിശീലന സൗകര്യം ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾക്ക് അനുസൃതമായി ഉപയോഗിക്കാം. അതേസമയം, പാനീയങ്ങൾ പോലുള്ള വസ്തുക്കൾ പങ്കിടാൻ പാടില്ല. എല്ലാ വേദികളിലും ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമായിരിക്കണം. കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ മത്സരങ്ങളിലും വേദികളിലും പ്രവേശനമുണ്ടാവൂ. കോവിഡ് ബാധിച്ചവരാണെങ്കിൽ പി.സി.ആർ-ആന്‍റിജെൻ നെഗറ്റിവ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ദേശീയ കായികദിനത്തിന്‍റെ ഭാഗമായി മത്സരങ്ങൾ നിയന്ത്രണങ്ങളോടെ നടത്താം. എന്നാൽ, ആരോഗ്യസുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരും 60 വയസ്സിന് മുകളിലുള്ളവരും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും മത്സര വേദികളിൽനിന്ന് മാറിനിൽക്കുന്നതാണ് നല്ലതെന്ന് സംഘാടക സമിതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.