ദേശീയ കായികദിനം; വിവിധ പരിപാടികളുമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി
text_fieldsദോഹ: ഫെബ്രുവരി 14ന് ദേശീയ കായികദിനം ആഘോഷിക്കാനുള്ള വിവിധ പരിപാടികൾ ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി) പ്രഖ്യാപിച്ചു. ദേശീയ ഫെഡറേഷനുകൾ, ടീം ഖത്തർ അത്ലറ്റുകൾ, ഭിന്നശേഷിക്കാർ, ഖത്തർ ഒളിമ്പിക് കമ്മിറ്റി കുടുംബം, സ്കൂളുകൾ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ ഖത്തർ ഫൗണ്ടേഷനിലെ ഓക്സിജൻ പാർക്കിൽ ക്യു.ഒ.സി നിരവധി പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
സ്പോർട്സിനായി ദേശീയ അവധി നീക്കിവെക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളിലും സമൂഹത്തിലും അതിന്റെ സുപ്രധാന പങ്കിനെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് നാഷനൽ സ്പോർട്സ് ഡേ ആചരിക്കുന്നത്.
ദേശീയ കായിക ദിനത്തിന്റെ പുതിയ പതിപ്പും ഖത്തറിന്റെ കായിക പ്രതിബദ്ധതക്ക് അടിവരയിടുമെന്ന് ക്യു.ഒ.സി ചൂണ്ടിക്കാട്ടി.
ദേശീയ കായികദിനം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തെ മുഴുവൻ ജനങ്ങളെയും -പ്രത്യേകിച്ച് യുവതലമുറയെ- കായികരംഗത്തേക്ക് നയിക്കുകയാണ് ക്യു.ഒ.സി ഉന്നമിടുന്നത്.
എല്ലാ പശ്ചാത്തലങ്ങളിലും ലിംഗഭേദങ്ങളിലുമുള്ള ആളുകളെ ദേശീയ കായിക ദിന ആഘോഷങ്ങളിൽ പങ്കുചേരാൻ സ്വാഗതം ചെയ്യുന്നതിലൂടെ കായികരംഗത്തെ ഐക്യം എന്ന ആശയം ഉയർത്തിക്കാട്ടുകയാണ് ക്യു.ഒ.സിയുടെ ലക്ഷ്യം. ദേശീയ കായിക ദിനത്തിൽ, സുസ്ഥിര ആഗോള കായികകേന്ദ്രമെന്ന നിലയിലുള്ള ഖത്തറിന്റെ ഖ്യാതിയെ ക്യു.ഒ.സി ഉയർത്തിക്കാട്ടും.
പൊസിറ്റിവായ മാറ്റത്തിനും ആരോഗ്യകരമായ സമതുലിത ജീവിതം നയിക്കുന്നതിനുമുള്ള മാർഗമായി സ്പോർട്സിനെ ഉപയോഗപ്പെടുത്താൻ ആളുകൾക്ക് പ്രചോദനമേകും. 2023 മേയ് ഏഴു മുതൽ 14 വരെ അലി ബിൻ ഹമദ് അൽ അത്തിയ അറീനയിൽ അരങ്ങേറുന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിനെ ക്യു.ഒ.സി പ്രമോട്ട് ചെയ്യും.
ഏഷ്യൻ ഗെയിംസ് വർഷത്തിൽ ഏഷ്യൻ ഗെയിംസ് ഫൺ റൺ ഉൾപ്പെടെ സംഘടിപ്പിച്ച് ആഘോഷമാക്കും. സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അവബോധം വളർത്തുന്നതിനായി വർഷത്തിലുടനീളം നിരവധി കമ്യൂണിറ്റി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
14ന് ഔദ്യോഗിക അവധി
ദോഹ: ദേശീയ കായിക ദിനമായ ഫെബ്രുവരി 14ന് (റജബ് 23) ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് നാഷനൽ സ്പോർട്സ് ഡേ ആയി ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.