പ്രകൃതിവാതക വിതരണം; കരാറിൽ ഒപ്പുവെച്ച് ഖത്തറും ചൈനയും
text_fieldsദോഹ: പ്രകൃതിവാതകത്തിന്റെ ദീർഘകാല വിതരണം സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജിയും ചൈനീസ് കമ്പനിയും. നോർത്ത് ഫീൽഡ് ഈസ്റ്റ് വിപുലീകരണ പദ്ധതിയിലെ (എൻ.എഫ്.ഇ) ചൈനയുടെ പങ്കാളിത്തത്തിലും ചൈന നാഷനൽ പെട്രോളിയം കോർപറേഷനുമായി (സി.എൻ.പി.സി) ധാരണയായി.
എൻ.എഫ്.ഇ പദ്ധതിയിൽനിന്ന് പ്രതിവർഷം നാലു ദശലക്ഷം ടൺ എൽ.എൻ.ജി വിതരണം ചെയ്യുന്നതിനുള്ള എൽ.എൻ.ജി സെയിൽസ് ആൻഡ് പർച്ചേഴ്സ് കരാറിലാണ് ഇരുകക്ഷികളും ഒപ്പുവെച്ചിരിക്കുന്നത്. 27 വർഷത്തേക്കുള്ള ദീർഘകാല കരാറാണിത്. അതോടൊപ്പം എൻ.എഫ്.ഇ പദ്ധതിയിൽ സി.എൻ.പി.സി പങ്കാളിയാകുന്ന മറ്റൊരു കരാറിൽ കൂടി ഖത്തർ എനർജിയും സി.എൻ.പി.സിയും ഒപ്പുവെച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം എട്ട് ദശലക്ഷം ടൺ ശേഷിയുള്ള ഒരു എൻ.എഫ്.ഇ ട്രെയിനിന് തുല്യമായ അഞ്ച് ശതമാനം പലിശ സി.എൻ.പി.സിക്ക് ഖത്തർ എനർജി കൈമാറും. എൻ.എഫ്.ഇ പദ്ധതിയിലെ മറ്റേതെങ്കിലും പങ്കാളികളുടെ പങ്കാളിത്ത താൽപര്യങ്ങളെ ബാധിക്കാതെയാണ് ഇരുകക്ഷികളും കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഖത്തർ എനർജി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖത്തർ എനർജിക്കുവേണ്ടി പ്രസിഡന്റും സി.ഇ.ഒയും ഖത്തർ ഊർജകാര്യ സഹമന്ത്രിയുമായ സഅദ് ഷെരീദ അൽ കഅ്ബിയും സി.എൻ.പി.സിക്കുവേണ്ടി ചെയർമാൻ ദായ് ഹുലിയാങ്ങുമാണ് കരാറിൽ ഒപ്പുവെച്ചത്.
സി.എൻ.പി.സിയെ എൻ.എഫ്.ഇ പദ്ധതിയിലെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്യുകയാണെന്നും, സി.എൻ.പി.സിയുമായി പങ്കാളിത്തം ആരംഭിക്കുന്നതിലും ചൈനയും ഖത്തറും തമ്മിലുള്ള സഹകരണം ഊഷ്മളമാക്കുന്നതിലും ഏറെ സന്തോഷിക്കുന്നുവെന്നും ചടങ്ങിൽ സഅദ് ഷെരീദ അൽ കഅ്ബി പറഞ്ഞു. ഖത്തർ എനർജി, സി.എൻ.പി.സി ടീമുകളുടെ പ്രയത്നത്തിനും കരാറുകൾ അന്തിമമാക്കുന്നതിനുള്ള പരിശ്രമങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിനും ഖത്തറിന്റെ നാഷനൽ വിഷൻ 2030നും ഇടയിലെ തന്ത്രപരമായ സമന്വയം രൂപവത്കരിക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണ് പുതിയ കരാറുകളെന്നും അടുത്ത മൂന്നു പതിറ്റാണ്ടിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ സഹകരണത്തിന് ഈ കരാറുകൾ ശക്തമായ അടിത്തറ പാകുമെന്നും സി.എൻ.പി.സി ചെയർമാൻ ദായ് ഹുലിയാങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.