കൂടുതലിടങ്ങൾ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാകും -മന്ത്രി
text_fieldsദോഹ: 2030ഓടെ ഖത്തറിന്റെ 30 ശതമാനം കര, സമുദ്ര മേഖലകൾ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
ഭൂപ്രദേശത്തിന്റെ ഏകദേശം 27 ശതമാനം പ്രകൃതി സംരക്ഷണ മേഖലയായും രണ്ട് ശതമാനത്തോളം സമുദ്ര കരുതൽ ശേഖരമായും ഖത്തറിനുണ്ടെന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ പറഞ്ഞു. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2030ഓടെ 30 ശതമാനം കര, സമുദ്ര പ്രദേശങ്ങൾ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പരിസ്ഥിതി ലോലമായ ഈ പ്രദേശങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിയമ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതി സംരക്ഷണ പ്രദേശത്തെ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും ദോഷം വരുത്താത്ത വിധത്തിൽ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അനുവാദമുണ്ടായിരിക്കും. രാജ്യത്തെ പ്രകൃതിദത്ത കരുതൽ ശേഖരങ്ങളുടെ എണ്ണം ക്രമേണ വർധിച്ചു വരികയാണെന്നും ഖത്തറിന്റെ ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശുഭസൂചനയാണിതെന്നും അൽ സുബൈഈ വ്യക്തമാക്കി.
പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. അൽ റീം നാച്ചുറൽ റിസർവ് മുതൽ ബിൻ ഗന്നാം ദ്വീപിലെ കണ്ടൽക്കാടുകൾവരെ വിനോദസഞ്ചാര മേഖലയെ സമ്പന്നമാക്കുന്നതിൽ വളരെയധികം സംഭാവന ചെയ്യുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായ ഖത്തർ സുസ്ഥിര വിനോദസഞ്ചാര മേഖലക്ക് വലിയ സാധ്യതകളാണ് നൽകുന്നത്. വൈവിധ്യമാർന്ന സസ്യ, ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ ഖത്തറിൽ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി നിയമനിർമാണത്തിനൊപ്പം നൂതനമായ സംരക്ഷണ സംവിധാനങ്ങളും സുസ്ഥിരതാ രീതികളും നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.