മേഖലയിലെ പ്രധാന അർബുദ ചികിത്സ കേന്ദ്രമായി എൻ.സി.സി.സി.ആർ
text_fieldsഹമദിനു കീഴിലെ നാഷനൽ കാൻസർ കെയർ ആൻഡ് റിസർച് സെന്റർ
ദോഹ: ഖത്തറിലെയും മേഖലയിലെയും അർബുദ ചികിത്സയിൽ സുപ്രധാന കേന്ദ്രമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ നാഷനൽ കാൻസർ കെയർ ആൻഡ് റിസർച് സെന്റർ (എൻ.സി.സി.സി.ആർ). അത്യാധുനിക സാങ്കേതികവിദ്യ, വ്യക്തിഗത ചികിത്സ പദ്ധതികൾ, ഉയർന്ന വൈദഗ്ധ്യമുള്ള മൾട്ടി ഡിസിപ്ലിനറി ടീം എന്നിവയുടെ പിന്തുണയോടെ മികച്ച സേവനങ്ങളാണ് എൻ.സി.സി.സി.ആർ നൽകിവരുന്നത്.
എൻ.സി.സി.സി.ആറിന്റെ ഗുണനിലവാരമുള്ള പരിചരണവും നൂതന ചികിത്സയും മേഖലയിലുടനീളം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും, അത്യാധുനിക ചികിത്സയും സൗകര്യങ്ങൾക്കുമപ്പുറം സമഗ്രവും രോഗികേന്ദ്രീകൃതവുമായ സേവനം വാഗ്ദാനം ചെയ്യുന്നതായും മെഡിക്കൽ ഡയറക്ടറും എച്ച്.എം.സി കോർപറേറ്റ് കാൻസർ സർവിസസ് ചെയർമാനുമായ ഡോ. മുഹമ്മദ് സാലിം അൽ ഹസൻ പറഞ്ഞു.
ഖത്തറിന് പുറമെ ഗൾഫ് മേഖലയിൽനിന്നുള്ള 500ലധികം രോഗികൾ എൻ.സി.സി.സി.ആറിൽ ചികിത്സ തേടിയതായും അദ്ദേഹം പറഞ്ഞു. കാൻസർ പരിചരണത്തിൽ എച്ച്.എം.സി മുൻനിര കേന്ദ്രമായി മാറിയതായും, മേഖലയിൽ മറ്റെവിടെയും ലഭ്യമല്ലാത്ത ചികിത്സകൾ എച്ച്.എം.സി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ മുതൽ പ്രിസിഷൻ മെഡിസിൻ, ബ്രേക്ക്ത്രൂ ടാർഗറ്റ് ഹോർമോൺ, ഇമ്യൂണോതെറപ്പികൾ വരെയുള്ള സാധ്യതകൾ രോഗികൾക്ക് മികച്ച ഫലങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. അർബുദത്തിന് പ്രത്യേക പരിചരണം തേടുന്ന അയൽരാജ്യങ്ങളിൽനിന്നുള്ള രോഗികളെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാതെ തന്നെ അവർക്ക് മികച്ചതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സ ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബോൺ മാരോ ട്രാൻസ് പ്ലാന്റുകൾ, ട്രൂബീം, ഇ.ടി.എച്ച്.ഒ.എസ്, സൈബർ നൈഫ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അത്യാധുനിക റേഡിയേഷൻ ഓങ്കോളജി, സമഗ്ര ജനിതക കൗൺസലിങ് എന്നിവയുൾപ്പെടെ അർബുദ പരിചരണത്തിന്റെ എല്ലാ തലവും എൻ.സി.സി.സി.ആർ നൽകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.