നല്ല തുടക്കത്തിന് നീരജ്
text_fieldsദോഹ: അത്ലറ്റിക്സ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടത്തിന് വേദിയൊരുക്കി ഖത്തർ കാത്തിരിക്കുന്നു. വെള്ളിയാഴ്ച രാത്രിയിൽ അത്ലറ്റിക്സിലെ വൻ താരങ്ങൾ പുതിയ പ്രതീക്ഷകളിലേക്ക് ഉന്നംവെച്ച് ട്രാക്കിലും ഫീൽഡിലും കച്ചകെട്ടുമ്പോൾ ഖത്തർ വീണ്ടും അന്താരാഷ്ട്ര കായിക വാർത്തകളിൽ നിറയും.
മേയ് അഞ്ചിന് ദോഹയിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയം വേദിയാവുന്ന വേൾഡ് അത്ലറ്റിക്സ് ഡയമണ്ട് ലീഗിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പും ഏഷ്യൻ ഗെയിംസും അടുത്തവർഷത്തെ ഒളിമ്പിക്സും ഉൾപ്പെടെ വൻ മേളകൾക്ക് മുമ്പ് താരങ്ങളുടെ തയാറെടുപ്പായി മാറുന്ന ഡയമണ്ട് ലീഗിൽ ഏറെ ഗൗരവത്തോടെയാണ് അത്ലറ്റുകൾ ഇറങ്ങുന്നത്.
അത്ലറ്റുകളും ഒഫീഷ്യലുകളും ഉൾപ്പെടെ ലോക താരങ്ങൾ പരിശീലന വേദികളിൽനിന്ന് ദോഹയിലേക്ക് എത്തിത്തുടങ്ങി. ഇന്ത്യയുടെ സൂപ്പർ താരവും ഒളിമ്പിക്സ് ചാമ്പ്യനുമായ നീരജ് ചോപ്ര ചൊവ്വാഴ്ച ദോഹയിലെത്തി. ജാവലിൻ ത്രോയിൽ ഒളിമ്പിക്സ്-കോമൺവെൽത്ത് ഗെയിംസ് സ്വർണവും വേൾഡ് ചാമ്പ്യൻഷിപ് മെഡലും ഏഷ്യൻ ഗെയിംസ് ചാമ്പ്യനുമെല്ലാമായ നീരജ് പുതിയ ദൂരങ്ങൾ കുറിക്കാൻ ലക്ഷ്യമിട്ട് സീസണിലെ മികച്ച പ്രകടനത്തിനുവേണ്ടിയാണ് ദോഹയിലെത്തുന്നത്. 2023 സീസണിലെ തന്റെ ആദ്യ മത്സരത്തിന് പുറപ്പെടുന്നുവെന്ന് ട്വീറ്റ്ചെയ്തുകൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് നീരജ് ദോഹയിലേക്കുള്ള യാത്ര ആരാധകരെ അറിയിച്ചത്.
ഡയമണ്ട് ലീഗിൽ നിലവിലെ ചാമ്പ്യനാണ് നീരജ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സൂറിച്ചിൽ നടന്ന ചാമ്പ്യൻഷിപ് ഫൈനലിൽ മെഡലണിഞ്ഞായിരുന്നു ട്രോഫി നേടിയത്.
ദോഹയിൽ രണ്ടു തവണ ലോകചാമ്പ്യനായ ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ്, ടോക്യോ ഒളിമ്പിക്സിൽ വെള്ളി നേടിയ ചെക്കിന്റെ ജാകുബ് വാഡ്ലെഷ് എന്നിവരാണ് നീരജിന്റെ പ്രധാന എതിരാളികൾ. ജർമനിയുടെ ജൂലിയൻ വെബർ, മുൻ ഒളിമ്പിക് ചാമ്പ്യൻ ട്രിനിഡാഡിന്റെ കെഷോൺ വാൽകോട്, റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് കെനിയക്കാരൻ ജൂലിയസ് യെഗോ എന്നിവരും മത്സരിക്കുന്നുണ്ട്.
അതേസമയം, മുൻ സീസണുകളേക്കാൾ സാങ്കേതികമായും മെച്ചപ്പെട്ടാണ് ദോഹയിലെ ഫീൽഡിൽ ജാവലിനുമായെത്തുന്നതെന്ന് കഴിഞ്ഞ ദിവസം ഒളിമ്പിക്സ് ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ നീരജ് പറഞ്ഞു. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ ദൈർഘ്യമേറിയ സീസണിനുള്ള തുടക്കം കൂടിയാണ് നീരജിന് ദോഹയിലെ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.