നീറ്റലായി നീറ്റ്; ഉത്തരസൂചിക കിട്ടാതെ വിദ്യാർഥികൾ
text_fieldsദോഹ: ഖത്തറിൽ ‘നീറ്റ്’ പരീക്ഷയെഴുതിയ വിദ്യാർഥികളെ വീണ്ടും വലച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി. മേയ് അഞ്ചിന് നടന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക മേയ് 29 ബുധനാഴ്ച പ്രസിദ്ധീകരിച്ചെങ്കിലും ഖത്തറിൽനിന്നുള്ള വിദ്യാർഥികൾക്ക് exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ പ്രവേശിക്കാനോ, ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാനോ സാധിച്ചില്ല. ഡൗൺലോഡ് ചെയ്ത ഉത്തര സൂചികയിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ ഉന്നയിക്കാനുള്ള സമയപരിധി ശനിയാഴ്ച ഉച്ചക്ക് അവസാനിച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായി.
അതേസമയം, വിഷയത്തിൽ ഇടപെട്ട ഖത്തറിലെ ഇന്ത്യൻ എംബസി, ദേശീയ ടെസ്റ്റിങ് ഏജൻസിയുമായി ബന്ധപ്പെട്ട് പരാതിക്ക് പരിഹാരം നിർദേശിച്ചിരുന്നു. ഉത്തര സൂചിക ലഭിക്കാത്ത വിദ്യാർഥികൾക്ക് neet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ എൻ.ടി.എയെ ബന്ധപ്പെട്ട് ഉത്തര സൂചിക ലഭിക്കാനും ആക്ഷേപം ഉന്നയിക്കാനും ആവശ്യപ്പെടാമെന്ന് ഇന്ത്യൻ എംബസി ‘എക്സ്’പ്ലാറ്റ് ഫോം വഴി അറിയിച്ചു. എന്നാൽ, ഈ നിർദേശപ്രകാരം ഇ-മെയിലിൽ ബന്ധപ്പെട്ടിട്ടും എൻ.ടി.എയിൽനിന്നും ശനിയാഴ്ച രാത്രി വരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.
മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് ഉത്തര സൂചിക വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഡൗൺലോഡ് ചെയ്യാൻ അവസരം നൽകുന്നത്. പ്രസിദ്ധീകരിക്കുന്ന ഉത്തര സൂചികയിൽ വിദ്യാർഥികൾക്ക് തർക്കമുണ്ടെങ്കിൽ ഒരു ചോദ്യത്തിന് 200 രൂപ എന്നതോതിൽ അടച്ചാണ് ‘ആൻസർ കീ ചലഞ്ച്’ സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.50 വരെയായിരുന്നു ഇതിനുള്ള സമയപരിധി നിശ്ചയിച്ചത്. എന്നാൽ, വെബ്സൈറ്റ് തുറക്കാൻ കഴിയുന്നില്ലെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപമുയർന്നതോടെ 12 മണിക്കൂർ കൂടി അധികം അനുവദിച്ചെങ്കിലും ഖത്തറിൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷം പേർക്കും സൗകര്യം ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
590 പേരാണ് ഇത്തവണ ഖത്തറിൽ പരീക്ഷയെഴുതിയത്. ഇതിൽ 25 വരെ വിദ്യാർഥികൾക്കു മാത്രമാണ് വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞതെന്ന് ഖത്തറിൽനിന്നുള്ള രക്ഷിതാവായ കോഴിക്കോട് സ്വദേശി ഡോ. കൃഷ്ണകുമാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മകളുടെ ഉത്തര സൂചിക സംബന്ധിച്ച് ഇ- മെയിൽ അപേക്ഷ അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലും വിദേശത്തുമായി 24 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ ഒരോ മാർക്കും സ്കോറും റാങ്കും നിർണയിക്കുന്നതിൽ ഏറെ വിലപ്പെട്ടതാണ് എന്നതിനാൽ ഉത്തര സൂചിക കാണാനോ അറിയാനോ കഴിയുന്നില്ലെന്നത് കുട്ടികളുടെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്രതിസന്ധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.