നീറ്റ് ഇന്ന്; ഖത്തറിൽ റെക്കോഡ് പങ്കാളിത്തം
text_fieldsദോഹ: ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഇത്തവണ ഖത്തറിൽ റെക്കോഡ് പങ്കാളിത്തം. ഞായറാഴ്ച നടക്കുന്ന പരീക്ഷയിൽ രാജ്യത്തെ ഏക കേന്ദ്രമായ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 591 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഒരു വർഷത്തോളം നീണ്ട തയാറെടുപ്പിനൊടുവിലാണ് ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളജുകളിൽ ബിരുദ പഠനത്തിന് ലക്ഷ്യമിടുന്ന പ്രവാസി വിദ്യാർഥികൾ പരീക്ഷക്കിരിക്കുന്നത്. ഖത്തർ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളിലും വിദേശങ്ങളിലും ഇന്ത്യയിലുമെല്ലാം ഞായറാഴ്ച ഒരേസമയമാണ് പരീക്ഷ നടക്കുന്നത്.
ഖത്തറിൽ കേന്ദ്രമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷക്ക് എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി പരീക്ഷാ കൺട്രി സൂപ്രണ്ടും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. ഹമീദ ഖാദർ പറഞ്ഞു. തുടർച്ചയായി മൂന്നാം വർഷമാണ് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഖത്തറിൽ ‘നീറ്റ്’ കേന്ദ്രം അനുവദിക്കുന്നത്. നേരത്തെ നാട്ടിലെത്തി പരീക്ഷയെഴുതിയിരുന്ന ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് ഏറെ ആശ്വാസമായിക്കൊണ്ട് 2022ലാണ് ആദ്യമായി ഇവിടെ നീറ്റ് കേന്ദ്രം അനുവദിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെയും രക്ഷിതാക്കളുടെയും, കെ.എം.സി.സി, ഇൻകാസ് ഉൾപ്പെടെ വിവിധ സംഘടനകളുടെയും ശ്രമഫലമായാണ് വിവിധ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഇവിടെയും കേന്ദ്രം അനുവദിച്ചത്. ആദ്യ വർഷം, 340ഉം രണ്ടാം വർഷം 430ഉം പേരാണ് പരീക്ഷയെഴുതിയത്.ഇത്തവണ, ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിലെ നീറ്റ് കേന്ദ്രങ്ങൾ എൻ.എ.ടി റദ്ദാക്കിയെങ്കിലും സമ്മർദങ്ങൾക്കൊടുവിൽ വീണ്ടും അനുവദിക്കുകയായിരുന്നു.
ഖത്തർ സമയം ഉച്ച 11.30 മുതൽ 2.50 വരെ മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പരീക്ഷ നടക്കുക. എന്നാൽ, രാവിലെ 8.30 മുതൽ സെന്ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കും. 11 മണിക്കുശേഷം വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കില്ല. എം.ഇ.എസ് സ്കൂളിലെ അഞ്ചാം നമ്പർ ഗേറ്റ് വഴി രാവിലെ 8.30ന് തന്നെ പ്രവേശനം അനുവദിക്കും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ എന്തെങ്കിലും പ്രയാസം നേരിടുന്നവരുണ്ടെങ്കിൽ neet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ 011-40759000 എന്ന ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ‘നീറ്റ്’ കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താതിരുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക പടർത്തിയിരുന്നു. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. ഖത്തറിനു പുറമെ, കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാൻ (മസ്കത്ത്), സൗദി അറേബ്യ (റിയാദ്), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.ഖത്തറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും ഇത്തവണ പന്ത്രണ്ടാം തരം പരീക്ഷയെഴുതിയവരും ഉൾപ്പെടെ നീറ്റ് എഴുതുന്നുണ്ട്. ഇതിനുപുറമെ, നാട്ടിൽ സ്കൂൾ പഠനം പൂർത്തിയാക്കി, മാതാപിതാക്കൾക്കരികിലെത്തിയവരും ഖത്തറിനെ പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ, എൻ.ടി.എ അധികൃതരുടെ നേതൃത്വത്തിലാണ് പരീക്ഷാ നടത്തിപ്പ്. പരീക്ഷാ ചുമതലവഹിക്കുന്ന അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനവും പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.