നീറ്റ് പരീക്ഷ; ഖത്തറിൽ പരീക്ഷയെഴുതിയത് 430 പേർ
text_fieldsദോഹ: പഠിച്ചിറങ്ങിയ സ്കൂളിലും പരിചിതമായ നാട്ടിലും ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഖത്തറിലെ വിദ്യാർഥികൾ. ഞായറാഴ്ച നടന്ന ‘നീറ്റ്’പരീക്ഷയിൽ ഖത്തറിൽ എഴുതിയത് 430 വിദ്യാർഥികൾ.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെയും നാട്ടിൽ നിന്ന് അവധി ആഘോഷിക്കാനായി മാതാപിതാക്കളുടെ അരികിലെത്തിയവരും എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കേന്ദ്രത്തിലെത്തി ദേശീയ മെഡിക്കൽ പ്രവേശനം പരീക്ഷ പൂർത്തിയാക്കി. രാവിലെ 8.30 മുതലായിരുന്നു ഗേറ്റുകൾ തുറന്ന് പ്രവേശനം ആരംഭിച്ചതെങ്കിലും എട്ട് മണിയോടെ കുട്ടികളും രക്ഷിതാക്കളും സ്കൂളിനരികിൽ ഇടം പിടിച്ചു. പിരിമുറുക്കത്തോടെ നിശ്ശബ്ദമായി സ്കൂളിലേക്ക് പ്രവേശിച്ചപോലെയായിരുന്നില്ല തിരികെ വന്നത്. പരീക്ഷയെ കുറിച്ച് ചോദ്യങ്ങൾക്ക് സമ്മിശ്രമായിരുന്നു പ്രതികരണം.
സുവോളജിയും ബോട്ടണിയും അനായാസമെന്നായി ചിലരുടെ പ്രതികരണം. എന്നാൽ, ഫിസിക്സും കെമിസ്ട്രിയും കണക്കുകൂട്ടലുകൾ തെറ്റിച്ചെന്ന് പരിതപിച്ചവരും ഏറെ. പ്രതീക്ഷിച്ചത്ര വലച്ചില്ലെന്നായിരുന്നു കോച്ചിങ്ങ് ക്ലാസുകളും മോഡൽ പരീക്ഷകളും കഴിഞ്ഞ് തയാറെടുത്തവരുടെ പ്രതികരണം.
ബയോളജി കൂടുതൽ എളുപ്പമായിരുന്നുവെന്നും, പരമാവധി എഴുതാൻ ശ്രമിച്ചെന്നും എം.ഇ.എസ് സ്കൂൾ വിദ്യാർഥിനി റിയാഷു പറഞ്ഞു. എന്നാൽ, എല്ലാവരെയും പോലെ ഫിസിക്സും കെമിസ്ട്രിയും ബുദ്ധിമുട്ടിച്ചെന്നും ഇവർ പറഞ്ഞു. കണ്ണൂർ സ്വദേശിയായ സഞ്ജയുടെയും അസീം അലി റഹ്മാന്റെയും പ്രതികരണം സമാനമായിരുന്നു.
രാവിലെ 11.30 മുതൽ 2.50വരെ നടന്ന പരീക്ഷക്ക് മൂന്ന് മണിക്കൂർ മുമ്പ് ഗേറ്റ് തുറന്നു. ദേഹ പരിശോധന പൂർത്തിയാക്കിയാണ് കുട്ടികളെ പരീക്ഷാ ഹാളുകളിൽ പ്രവേശിപ്പിച്ചത്. മൂന്ന് മണിക്കൂറും 20 മിനിറ്റും പൂർത്തിയാക്കിയ ശേഷമാണ് വിദ്യാർഥികൾ പുറത്തിറങ്ങിയത്.
രണ്ടാം വർഷം പരീക്ഷയെഴുതിയ തൃശൂർ സ്വദേശി മഖ്സൂദിന് കഴിഞ്ഞ വർഷത്തേക്കാൾ ലളിതമായെന്നാണ് അഭിപ്രായം. നാട്ടിൽ കോച്ചിങ്ങും നിരന്തര പരീക്ഷകളും കഴിഞ്ഞാണ് ഖത്തറിൽ നിന്നും കഴിഞ്ഞ വർഷം പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഇദ്ദേഹം ഇത്തവണ പരീക്ഷ എഴുതാനായി എത്തിയത്. മുൻ വർഷത്തേക്കാൾ കൂടുതൽ എളുപ്പമായെന്നും, ഫിസിക്സും കെമിസ്ട്രിയും കടുപ്പമായെന്നും പറഞ്ഞു.
കഴിഞ്ഞ വർഷം പരീക്ഷാ കേന്ദ്രം അനുവദിച്ച ഖത്തറിൽ ഇത് രണ്ടാം തവണയാണ് നീറ്റ് നടക്കുന്നത്. മുൻവർഷത്തേക്കാൾ നൂറ് വിദ്യാർഥികൾ വർധിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു പരീക്ഷാ കേന്ദ്രങ്ങളിലാണ് ഞായാറാഴ്ച പ്രവാസി വിദ്യാർഥികൾ പരീക്ഷയെഴുതിയത്. യു.എ.ഇയിൽ ദുബൈ, അബൂദബി, ഷാർജ, ബഹ്റൈൻ (മനാമ), ഒമാൻ (മസ്കത്ത്), സൗദി അറേബ്യ (റിയാദ്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നിവടങ്ങളിലും പരീക്ഷാ കേന്ദ്രമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.